തൊഴിലാളികളുടെ വേതന നിരക്കില്‍ വര്‍ധനയുമായി ഡല്‍ഹി സര്‍ക്കാര്‍
കുറഞ്ഞ വേതന നിരക്കില്‍ 37 ശതമാനം വര്‍ധനവ്
ന്യൂഡല്‍ഹി: തൊഴിലാളികളുടെ വേതന നിരക്കില്‍ വന്‍ വര്‍ധന വരുത്തി ഡല്‍ഹി സര്‍ക്കാര്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വേതന വര്‍ധനവാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്നലെ പ്രഖ്യാപിച്ചത്.
തൊഴിലാളികളുടെ കുറഞ്ഞ വേതനിരക്കില്‍ 37 ശതമാനം വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയത്.
ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തൊഴിലാളികളുടെ വേതനത്തില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വര്‍ധനവരുത്തിയത്.
കഴിഞ്ഞ ഓഗസ്റ്റില്‍ 50 ശതമാനം വേതനവര്‍ധനവായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്.
എന്നാല്‍ അന്നത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജെങ് അംഗീകാരം നല്‍കാന്‍ വിസമ്മതിച്ചു.
ഇപ്പോള്‍ 37 ശതമാനം വര്‍ധന വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ അംഗീകരിച്ചതോടെ തൊഴില്‍മേഖലയില്‍ വന്‍ചലനമാണ് അടുത്ത ദിവസങ്ങളിലായി ഉണ്ടാവുക.
കെജ്‌രിവാള്‍ സര്‍ക്കാര്‍ ജനങ്ങളെ പ്രീതിപ്പെടുത്താന്‍ നടപ്പാക്കിയ പ്രഖ്യാപനങ്ങളില്‍ മൂന്നാമത്തേതാണ് ഇത്. താല്‍കാലിക അധ്യാപകരുടെ ശമ്പളം 70 മുതല്‍ 80 ശതമാനം വരെ വര്‍ധിപ്പിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടുത്തിടെ പ്രഖ്യാപനം നടത്തിയിരുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്ക് കൂടുതലാണെങ്കില്‍ ചികിത്സക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കാമെന്നും അതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഇതിനു തൊട്ടുപിറകെയാണ് സ്വതന്ത്ര ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വേതനവര്‍ധനവുമായി ഡല്‍ഹി സര്‍ക്കാര്‍ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."