HOME
DETAILS
MAL
ഇല്ല, മരിച്ചിട്ടില്ല..!
backup
February 27 2020 | 03:02 AM
ന്യൂഡല്‍ഹി: ഗുജറാത്തിലെ ഖുത്ബുദ്ദീന്‍ അന്‍സാരിയെപ്പോലെ ഡല്‍ഹി കലാപത്തിന്റെ ചിത്രമാകാനുള്ള ദുര്യോഗം മുഹമ്മദ് സുബൈറിനായിരുന്നു. ആ ചിത്രത്തിലേക്ക് ഒന്നു നോക്കാന്‍ പോലും ശേഷിയില്ലാതെ ജി.ടി.ബി ആശുപത്രിയില്‍ സുബൈര്‍ ഇപ്പോഴുമുണ്ട്. ഹിന്ദുത്വ ആള്‍ക്കൂട്ടം വളഞ്ഞിട്ടു തല്ലുന്ന സുബൈറിന്റെ ചിത്രം റോയിട്ടേഴ്സ് ഫോട്ടോഗ്രാഫറാണ് ലോകത്തിനു മുന്നിലെത്തിച്ചത്.
സുബൈര്‍ അക്രമികള്‍ക്കിടയില്‍ രക്തം പുരണ്ട വെള്ള വസ്ത്രവുമായി ബോധം നശിച്ച് ചുരുണ്ടുകിടക്കുന്ന ചിത്രം മണിക്കൂറുകള്‍കൊണ്ട് വൈറലായി. തിങ്കളാഴ്ചയായിരുന്നു സംഭവം. അന്നു ചാന്ത് ബാഗിലെ വീട്ടിലേക്കു നടക്കുമ്പോള്‍ മക്കള്‍ക്കായി വാങ്ങിയ ഹല്‍വയും പൊറോട്ടയും സുബൈറിന്റെ കൈയിലുണ്ടായിരുന്നു. ആള്‍ക്കൂട്ടം പൊടുന്നനെ വളഞ്ഞ് ക്രൂരമായി മര്‍ദിച്ചു. തലയ്ക്കേറ്റ അടിയില്‍ ബോധം നശിച്ചു. ബോധം തെളിയുമ്പോള്‍ ആശുപത്രിയിലായിരുന്നു. കാലുകള്‍ ഒടിയുംവരെ അവരെന്നെ അടിച്ചുവെന്ന് സുബൈര്‍ പറയുന്നു. മതത്തെ ചേര്‍ത്ത് അസഭ്യം പറഞ്ഞു. സുബൈറിന് തലയ്ക്കും കാലിനും കൈകള്‍ക്കും തോളിനും കാര്യമായ പരുക്കുണ്ട്. തിങ്കളാഴ്ച കാലത്ത് ളുഹാ നിസ്കരിക്കാനാണ് സുബൈര്‍ വീട്ടില്‍നിന്നിറങ്ങിയത്. തിരിച്ചെത്തിയ ശേഷം ഭാര്യയെയുംകൂട്ടി ബന്ധുവിന്റെ വിവാഹത്തിനു പോകേണ്ടതായിരുന്നു. നിസ്കാരം കഴിഞ്ഞ് കുഞ്ഞുങ്ങള്‍ക്കുള്ള പലഹാരം വാങ്ങി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം.
ചാന്ത്ബാഗിലെ സുബൈറിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. മാതാവും ഭാര്യയും രണ്ടും നാലും വയസുള്ള രണ്ടു പെണ്മക്കളും സുബൈറിന്റെ ഇളയ സഹോദരനുമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. സഹോദരന് വീടിന്റെ ഇരുമ്പ് ഗേറ്റ് പൂട്ടി അവരെ രക്ഷിക്കുകയായിരുന്നു.
മക്കള്‍ക്കും തന്റെ ഗതിയുണ്ടാകുമെന്ന് പേടിച്ച സുബൈര്‍ ഭാര്യയെയും മക്കളെയും ഉത്തര്‍പ്രദേശിലെ തന്റെ ജന്മനാട്ടിലേക്കു മാറ്റി. ചാന്ത്ബാഗിലെ സാധാരണ തൊഴിലാളിയാണ് സുബൈര്‍. സംഭവത്തില്‍ ആര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു സുബൈര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."