നികേഷ്കുമാറിന്റെ ഹരജിയില്‍ കെഎം ഷാജിക്ക് നോട്ടിസ്
ന്യൂഡല്‍ഹി: മുസ്‌ലിം ലീഗിന്റെ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ സാഹചര്യത്തില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാര്‍ നല്‍കിയ ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. ഹരജിയില്‍ പ്രാഥമിക വാദം കേട്ട ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ രണ്ടംഗ സുപ്രിംകോടതി ബെഞ്ച്, വിഷയത്തില്‍ ഷാജിയുടെ ഭാഗം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന് നോട്ടിസയച്ചു.
തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നാരോപിച്ച് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകനുമായ എം.വി നികേഷ് കുമാര്‍ സമര്‍പിച്ച ഹരജിയില്‍ നവംബര്‍ ഒന്‍പതിനാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്. ഷാജി നല്‍കിയ അപേക്ഷ പരിഗണിച്ച് ഉച്ചക്ക് അതേ കോടതിതന്നെ രണ്ടാഴ്ചത്തേക്ക് രാവിലത്തെ വിധി സ്‌റ്റേചെയ്തു. ഷാജിയുടെ വിജയം അസാധുവാക്കി ഉത്തരവിട്ടെങ്കിലും നികേഷ്‌കുമാറിനെ വിജയിയായി പ്രഖ്യാപിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നികേഷ് സുപ്രിംകോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ വഴിയൊരുക്കിയ വിവാദ ലഘുലേഖകള്‍ പൊലിസ് പിടിച്ചെടുത്തതല്ലെന്നും വളപട്ടണം എസ്.ഐയായ ശ്രീജിത്ത് ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും ഹൈക്കോടതി വിധി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടുള്ള ഷാജിയുടെ രണ്ട് ഹരജികള്‍ ഇതിനകം സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. ഈ രണ്ടുഹരജിക്കൊപ്പമാവും നികേഷിന്റെ അപേക്ഷയിലും വാദംകേള്‍ക്കുകയെന്നും ജസ്റ്റിസ് സിക്രിയുടെ ബെഞ്ച് വ്യക്തമാക്കി. ഷാജിയുടെ ആവശ്യം പരഗിണിച്ച് അദ്ദേഹത്തിന് സുപ്രിംകോടതി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."