സഊദിയില്‍ വിദേശികള്‍ ഉള്‍പ്പെടുന്ന കൊലപാതക കേസുകളുടെ വിചാരണക്ക് പുതിയ ക്രമീകരണം
ദമ്മാം: രാജ്യത്ത് വിദേശികള്‍ കക്ഷികളാകുന്ന കൊലപാതക കേസുകളുടെ വിചാരണക്ക് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി. ആഭ്യന്തര ,നീതിന്യായ, വിദേശമന്ത്രാലയങ്ങളുടെ സംയുക്തമായ സമിതിയാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. വിദേശികള്‍ ഉള്‍പ്പെട്ട പല കേസുകളിലും പൊതു അവകാശത്തില്‍ വാദം കേട്ട് പ്രതികളുടെ ശിക്ഷ പൂര്‍ത്തിയായിട്ടും സ്വകാര്യ അവകാശം തീര്‍പ്പാക്കാന്‍ കാലതാമസം നേരിടുന്നതുമൂലം ജയിലുകളില്‍ വിദേശ തടവുകാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേസിലെ സ്വകാര്യ അവകാശങ്ങള്‍ തീര്‍പ്പാക്കാനുള്ള വിചാരണക്ക് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ വിദേശിയാണെങ്കില്‍ അവര്‍ എത്തിച്ചേരുന്നത് വരെ അനന്തമായി ഇനി മുതല്‍ കേസുകള്‍ മുന്നോട്ടു കൊണ്ടു പോകാനാകില്ല. പൊതു അവകാശത്തിന്‍മേലുള്ള ശിക്ഷ പൂര്‍ത്തിയാകുന്നതോടെ അവരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തും. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് അവശേഷിക്കുന്ന സ്വകാര്യ അവകാശത്തില്‍ പ്രതികളുടെ രാജ്യത്തു വെച്ച് അവര്‍ക്കെതിരെ കേസ് നല്‍കാം. ഇക്കാര്യം എംബസികളെ അറിയിക്കുന്നതിന് വിദേശ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നിശ്ചിത സമയത്തിനകം ഹാജരാകാത്ത സ്ഥിതിയില്‍ കേസിലെ സ്വകാര്യ അവകാശം അവര്‍ ഉപേക്ഷിച്ചതായി കോടതി കണക്കാക്കും. തുടര്‍ന്ന് പൊതു അവകാശത്തിന്‍മേല്‍ മാത്രം വാദം കേട്ട് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കും. എന്നാല്‍ പൊതു അവകശത്തില്‍ പ്രതികള്‍ സഊദിയില്‍ ശിക്ഷ അനുഭവിക്കുന്ന കാലത്ത് ഏതു സമയത്തും സ്വകാര്യ അവകാശത്തിന്‍മേല്‍ കോടതിയെ സമീപിക്കുന്നതിന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അവസരമുണ്ടായിരിക്കും. അതേസമയം, പൊതു അവകാശത്തില്‍ ശിക്ഷ പൂര്‍ത്തിയാക്കുകയും കൊല്ലപ്പെട്ടവരുടെ ബന്ധുകള്‍ കോടതിയെ സമീപിക്കുകയും ചെയ്യാതിരുന്നാല്‍ കേസിലെ പ്രതികള്‍ സ്വദേശികളാണെങ്കില്‍ അവരെ ജാമ്യത്തില്‍ വിട്ടയക്കുകയും വിദേശികളാണെങ്കില്‍ അവരെ സ്വന്തം രാജ്യത്തേക്ക് കയറ്റി അയക്കുകയും ചെയ്യും.
ക്രിമിനല്‍ കേസുകളില്‍ വിദേശികള്‍ കൊല്ലപ്പെട്ടാല്‍ ഞൊടിയിടയില്‍ അക്കാര്യം വിദേശമന്ത്രാലയത്തെ അറിയിക്കാന്‍ പ്രവിശ്യാ ഗവര്‍ണറേറ്റുകളോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വിശദ വിവരങ്ങള്‍ ലഭ്യമായാല്‍ കൊല്ലപ്പെട്ടയാളുടെ എംബസിയോട് അവരുടെ ബന്ധുക്കളെ വിവരമറിയിക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാനും ആവശ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."