സഊദിയില്‍ 427 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ പുതിയ പദ്ധതികള്‍ വരുന്നു
റിയാദ്: സഊദിയില്‍ 427 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ പുതിയ പദ്ധതികള്‍ വരുന്നു. ഊര്‍ജ്ജ വ്യവസായ മന്ത്രി ഖാലിദ് അല്‍ ഫാലിഹാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ ഇന്‍ഡസ്ട്രിയല്‍ വികസന പദ്ധതി, ലോജിസ്റ്റിക് പ്രോഗ്രാം എന്നിവ വഴിയാണ് ഇത്രയും ഭീമമായ തുക നിക്ഷേപം കണ്ടെത്തുക. ഇതിന്റെ ആദ്യ ഘട്ടം പദ്ധതി പ്രഖ്യാപനം തിങ്കളാഴ്ച നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായം, ഖനനം, ഊര്‍ജം, ലോജിസ്റ്റിക് എന്നീ മേഖലകളില്‍ ആയിരിക്കും നിക്ഷേപങ്ങള്‍. വിഷന്‍ 2030 ന്റെ ഭാഗമായുള്ള പതിമൂന്നിന പദ്ധതിയുടെ ഭാഗമായാണ് തിങ്കളാഴ്ച നടക്കുന്ന പ്രഖ്യാപനം.
200 ബില്യണ്‍ റിയാല്‍ മൂല്യമുള്ള കരാറുകള്‍ ഒപ്പ് വെക്കുന്നത് നാം കാത്തിരിക്കുകയാണ്. ഒരു കുടക്കീഴിലായി 330 ലധികം സംരംഭകര്‍ ആദ്യ ഘട്ട പരിപാടിയില്‍ കരാര്‍ ഒപ്പുവയ്ക്കും. സഊദി വിഷന്‍ 2030 ന്റെ മൂന്നില്‍ ഒരു ഭാഗം ഇതോടെ നേടിയെടുക്കാന്‍ സാധിക്കും. സഊദിക്ക് പുറത്ത് നിന്നും സ്വകാര്യ മേഖലയില്‍ വന്‍തോതിലുള്ള നിക്ഷേപമാണ് ലക്ഷ്യമാക്കുന്നത്. ഇതോടൊപ്പം സഊദിക്കകത്തെ സ്വകാര്യ കമ്പനികളുടെയും സഹകരണം ഉണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു.
സഊദി വിഷന്‍ 2030 ന്റെ ഭാഗമായി പതിമൂന്നിന പദ്ധതികളില്‍പ്പെടുത്തി അഞ്ചു പുതിയ വിമാനത്താവളങ്ങള്‍, 2000 കിലോമീറ്റര്‍ ദൂരത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങിയവയും ഉണ്ടാകുമെന്നു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സഊദി ഗതാഗത മന്ത്രിയും തിങ്കളാഴ്ച നടക്കുന്ന പരിപാടിയുടെ തലവനുമായ നബീല്‍ അല്‍ അമൂദി പറഞ്ഞു. ലോജിസ്റ്റിക് മേഖലയില്‍ 165 ബില്യണ്‍ റിയാല്‍ ചെലവില്‍ 60 നിക്ഷേപകരും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."