രൂപേഷിന്റെ ഭാര്യ ഷൈനയെ കേരളത്തിലെ ജയിലിലേക്ക് മാറ്റുന്നതിന് ശ്രമമെന്ന് സൂചന
കാളികാവ്( മലപ്പുറം): കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈനയെ കേരളത്തിലെ ജയിലിലേക്ക് മാറ്റുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സൂചന. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഷൈന കേരളത്തിലെ ജയിലിലേക്ക് മാറാനുള്ള ശ്രമം ആരംഭിച്ചിട്ടുള്ളതെന്നറിയുന്നു.
ജയില്‍ മാറ്റത്തിനായി ഇവര്‍ അപേക്ഷ നല്‍കാന്‍ തയാറെടുക്കുന്നതായും സൂചനയുണ്ട്. കേസുകളുടെ എണ്ണം കൂട്ടി തമിഴ്‌നാട് പൊലിസ് ജാമ്യം നിഷേധിക്കുന്നതിനുള്ള ശ്രമം നടത്തുന്നതായും ഷൈന അടുത്ത ബന്ധമുള്ളയാളെ അറിയിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ വച്ച് 2015 ല്‍ ആണ് മാവോയിസ്റ്റ് നേതാവ് രൂപേഷും ഭാര്യ ഷൈനയും ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയിലായത്. രൂപേഷിനും ഷൈനക്കും പുറമെ മലയാളിയായ അനൂപ്, കര്‍ണാടക സ്വദേശിയായ ഈശ്വര്‍, തമിഴ്‌നാട്ടുകാരനായ കണ്ണന്‍ എന്നിവരാണ് അന്ന് പിടിയിലായിരുന്നത്.
ജാമ്യം ലഭിക്കുമെന്ന ഘട്ടത്തില്‍ പുതിയ കേസുകള്‍ ഉയര്‍ത്തിക്കാണിച്ച് പൊലിസ് ജാമ്യ നടപടി തടസപ്പെടുത്തുകയാണെന്നും ഷൈന പറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഉള്ളതില്‍ അധികം കേസുകള്‍ കേരളത്തിലാണുള്ളത്.
ഇത് ചൂണ്ടിക്കാണിച്ച് ജയില്‍ മാറ്റത്തിന് നിയമപരമായി ശ്രമിക്കണമെന്ന് ഷൈന ആവശ്യപ്പെട്ടതായാണ് വിവരം. വയനാട്ടിലെ രണ്ട് കേസുകള്‍ ഉള്‍പ്പെടെ കേരളത്തില്‍ പ്രധാനമായും നാല് കേസുകളാണുള്ളതെന്നും അവയില്‍ ജാമ്യം ലഭിക്കാന്‍ പ്രയാസമാണെങ്കിലും ജയില്‍ മാറ്റ സാധ്യത നോക്കാനാണ് ഷൈന സുഹൃത്തിനോട് പറഞ്ഞിട്ടുള്ളതെന്നറിയുന്നു.
കേരളത്തിലെ ജയിലിലേക്ക് മാറാന്‍ കഴിഞ്ഞാല്‍ മകള്‍ ആമിയെ കാണുന്നതിനുള്‍പ്പെടെയുള്ള സൗകര്യമാണ് ഷൈന ചൂണ്ടിക്കാണിക്കുന്നത്. കോയമ്പത്തൂരില്‍ വച്ച് കൂടെ അറസ്റ്റിലായ അനൂപിന്റെ ജാമ്യ നടപടിക്ക് ശ്രമിക്കാനും ഷൈന പറയുന്നുണ്ട്. കത്തിലൂടെയാണ് ഷൈന സുഹൃത്തുമായി ബന്ധപ്പെട്ടതായി സൂചനയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."