ഡോ. എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യപുരസ്കാരം
ന്യൂഡല്‍ഹി: ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. 'ശ്രീമദ് വാല്മീകി രാമായണ' എന്ന സംസ്കൃത കൃതി വിവര്‍ത്തനം ചെയ്തതിനാണ് പുരസ്കാരം. കെ ജയകുമാര്‍, കെ മുത്തുലക്ഷ്മി, കെ.എസ് വെങ്കിടാചലം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍ ഒരു പഠനം, അപ്പുവിന്റെ അന്വേഷണം, വര്‍ണ്ണരാജി, അമൃതമശ്നുതേ, കവിതാരതി, നവതരംഗം, വിശ്വോത്തരമായ വിപ്ലവേതിഹാസം, മഹാകവി വള്ളത്തോള്‍, ശൃംഗാരചിത്രണം സി.വിയുടെ നോവലുകളില്‍, ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങള്‍, ഫ്ളോറന്‍സ് നൈറ്റിംഗേല്‍, അണയാത്ത ദീപം, മൌലാനാ അബുള്‍ കലാം ആസാദ്, മഹാകവി ജി ശങ്കരക്കുറുപ്പ് (ഇംഗ്ലീഷ് കൃതി), ഇടശ്ശേരി ഗോവിന്ദന് നായര്‍ (ഇംഗ്ലീഷ് കൃതി), കവിതയും ശാസ്ത്രവും, കണ്ണീരും മഴവില്ലും, അക്കിത്തത്തിന്റെ കവിത എന്നിവയാണ് പ്രധാന കൃതികള്‍.
1927 സെപ്തംബര്‍ 16ന് തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയിലാണ് ലീലാവതിയുടെ ജനനം. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളാണ്. കുന്നംകുളം ഹൈസ്ക്കൂള്, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സര്‍വകലാശാല, കേരള സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1949 മുതല്‍ സേന്റ് മേരീസ് കോളജ് തൃശൂര്‍, സ്റ്റെല്ല മാരീസ് കോളേജ് ചെന്നൈ, പാലക്കാട് ഗവ വിക്ടോറിയ കോളേജ്, മഹാരാജാസ് കോളജ്, തലശേരി ബ്രണ്ണന്‍ കോളേജ് തുടങ്ങി വിവിധ കലാലയങ്ങളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു. തലേശരി ബ്രണ്ണന്‍ കോളജില്‍ നിന്ന് 1983ല്‍ വിരമിച്ചു. കുറച്ചുകാലം കാലിക്കറ്റ് സര്‍വകലാശാലയില്‍ വിസിറ്റിങ്ങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."