പൈലറ്റിന്റെ പുകവലിയും മാനസിക പ്രശ്നവുമെന്ന് റിപ്പോര്‍ട്ട്
കാഠ്മണ്ഡു: കഴിഞ്ഞ മാര്‍ച്ചില്‍ നേപ്പാളില്‍ 51 പേരുടെ മരണത്തിനിടയാക്കിയ യു.എസ്- ബംഗ്ലാ വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പുകവലിയും മാനസിക പ്രശ്നങ്ങളുമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. നിയന്ത്രണങ്ങളുണ്ടായിട്ടും പൈലറ്റ് കോക്പിറ്റില്‍ വച്ച് പുകവലി നടത്തിയെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. ആഭ്യന്തര, വിദേശ സര്‍വിസുകള്‍ നടത്തുമ്പോഴും പുകവലിക്കരുതെന്ന് നിര്‍ദേശമുണ്ട്. വിമാനം പറത്തുന്നതിനിടെ പൈലറ്റ് പുക വലിച്ചിരുന്നെന്ന് കോക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ (സി.വി.ആര്) പരിശോധനയിലൂടെയാണ് വ്യക്തമായതെന്ന് അന്വേഷണ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
വിമാനത്തിലെ ജീവനക്കാരുടെ സംഘത്തിലുണ്ടായിരുന്ന ഒരു വനിതാ ഉദ്യോഗസ്ഥ അപകട ദിവസം അവധിയെടുത്തതിന് പിന്നിലെ ചില സംശയങ്ങള്‍ കാരണം പൈലറ്റ് അസ്വസ്ഥനായിരുന്നു. വനിതാ ഉദ്യോഗസ്ഥയുടെ പിന്മാറ്റം തനിക്ക് അപമാനമായി എന്നും പൈലറ്റ് തെറ്റിദ്ധരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. തുടര്‍ന്ന് പൈലറ്റിനുണ്ടായ മാനസികസമ്മര്‍ദം വിമാനത്തിന്റെ നിയന്ത്രണത്തെ ബാധിച്ചതായി കണക്കാക്കുന്നു.
വിമാനം ശരിയായ ദിശയിലായിരുന്നില്ല പറന്നിരുന്നതെന്നും ലാന്‍ഡ് ചെയ്യുമ്പോള്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിലെ രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചു.
മാനസികപ്രശ്നമുണ്ടെന്ന കാരണത്താല്‍ ഇതേ പൈലറ്റിനെ 1993ല്‍ സര്‍വിസില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. പിന്നീട് അസുഖലക്ഷണങ്ങളില്ലാത്തതിനാല് തിരിച്ചെടുക്കുകയായിരുന്നു.
2018 മാര്‍ച്ച് 12നായിരുന്നു അപകടം. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്ന് നേപ്പാളിലേക്ക് പറന്ന യു.എസ് വിമാനം കാഠ്മണ്ഡുവില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന 71 പേരില്‍ 51 പേരും മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."