നേരേകടവ് - മാക്കേല്‍ കടത്തുകടവില്‍ കടത്തുകാരന്‍ പണം തട്ടിയതായി പരാതി
വൈക്കം: നേരേകടവ്-മാക്കേക്കടവ് കടവില്‍ പഞ്ചായത്ത് കടത്തല്ലെന്നു തെറ്റിദ്ധരിപ്പിച്ച് കടത്തുകാരന്‍ പണം തട്ടിയതായി പരാതി. പഞ്ചായത്തില്‍ നിന്നും മാസംതോറും കരാര്‍ തുക കൃത്യമായി കൈപ്പറ്റിയ ശേഷമായിരുന്നു ഈ തട്ടിപ്പ്.
നേരേകടവ്-മാക്കേക്കടവ് പാലം പണി ആരംഭിച്ചതോടെ ഇവിടെ ഉണ്ടായിരുന്ന ജങ്കാര്‍ സര്‍വിസ് നിലച്ചതിനെ തുടര്‍ന്നാണ് ഉദയനാപുരം, തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പ്രദേശവാസിയെ തന്നെ നിയമിച്ചാണ് താല്‍കാലികമായി കടത്തു സര്‍വിസ് ആരംഭിച്ചത്. എന്നാല്‍ പഞ്ചായത്ത് കടത്തല്ല എന്നും, പഞ്ചായത്തിന്റെ സൗജന്യ കടത്ത് നിന്നിട്ട് നാളുകളേറെയായെന്നും യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ സര്‍വിസ് നടത്തിയതെന്നു പറയുന്നു.
സൗജന്യമായി നടത്തേണ്ട കടത്ത് പണം ചോദിച്ച് വാങ്ങിയായിരുന്നു ഇയാള്‍ നടത്തിയിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. യാത്രക്കാരെത്തിയാലും കടത്തിറക്കാന്‍ ഇയാള്‍ തയ്യാറാകാതെ വന്നതോടെയാണ് നാട്ടുകാര്‍ പരാതിയുമായി പഞ്ചായത്തില്‍ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
മാസംതോറും 36000 രൂപ കടത്ത് സര്‍വിസിനു നല്‍കുന്നുണ്ടെന്നും രേഖകളില്‍ കടത്ത് ഉണ്ടെന്നുമായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി. എന്നാല്‍ തനിക്ക് പണം കിട്ടുന്നില്ലെന്നും അതുകൊണ്ട് കടത്ത് നടത്തുന്നില്ലെന്നും പറഞ്ഞ് കടത്തുകാരന്‍ കഴിഞ്ഞ നാലുദിവസമായി കൃത്യമായി കടത്ത് സര്‍വിസ് നടത്താതെ കരാറുകാരന്‍ മുങ്ങിയിരിക്കുകയാണ്. ഇതോടെ സ്വകാര്യ ചെറു വള്ളങ്ങളില്‍ അപകടകരമായ രീതിയിലാണ് വേമ്പനാട്ടു കായലിലൂടെയുള്ള നാട്ടുകാരുടെ യാത്ര.
നേരേകടവ്, മാക്കേകടവ് ഭാഗത്തു നിന്നുള്ള വിദ്യാര്‍ഥികളും ജോലിക്കാരുമടക്കം നൂറുകണക്കിനാളുകളാണ് ഇപ്പോള്‍ ചെറുവള്ളങ്ങളില്‍ അപകടയാത്ര നടത്തുന്നത്. എന്നാല്‍ കടത്തുകാരന് കരാര്‍ പണം കിട്ടുന്നില്ലെന്ന് പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി യാത്രക്കാര്‍ രംഗത്തെത്തി.
മാസം തോറും 36000 രൂപ കടത്ത് സര്‍വിസിന്റെ പേരില്‍ നല്‍കിയിട്ടും കടത്ത് മുടങ്ങിയതും പണം വാങ്ങുന്നതും പഞ്ചായത്ത് അറിഞ്ഞില്ലെന്നു പറയുന്നതില്‍ ദുരൂഹതയുണ്ടന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."