'മീ ടൂ' കേസില്‍ അക്ബറിന് അനുകൂല വിധി; പ്രിയാ രമണിയോട് നേരിട്ട് ഹാജരാവാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: തനിക്കെതിരേ ലൈംഗികാതിക്രമണം നടത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമപ്രവര്‍ത്തക പ്രിയാ രമണിക്കെതിരേ നല്‍കിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എം.ജെ അക്ബറിന് അനുകൂലമായി കോടതിയുടെ വിധി. കേസില്‍ പ്രതിയെന്ന നിലയില്‍ നേരിട്ട് ഹാജരാവാന്‍ ഡല്‍ഹി പട്യാലാ ഹൗസ് കോടതി പ്രിയാ രമണിയോട് ആവശ്യപ്പെട്ടു.
അടുത്തമാസം 25നു നേരിട്ടു ഹാജരാവാനാണ് ഉത്തരവ്. അതിനു മുന്‍പായി പ്രതിക്ക് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കാമെന്നും അഡീഷനല്‍ ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിഷാല്‍ പറഞ്ഞു. വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിധി പറയാനായി കേസ് ഇന്നലത്തേക്കു നീട്ടിവച്ചതായിരുന്നു.
തൊഴിലിടത്തില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറയുന്ന കാംപയിനായ 'മി റ്റൂ' (ഞാനും ഇരയായി എന്നര്‍ത്ഥം) വിന്റെ ഭാഗമായാണ് അക്ബറിനെതിരായ പ്രിയാരമണിയുടെ ആരോപണങ്ങള്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബര്‍ ടെലഗ്രാഫില്‍ ജോലിചെയ്യുന്നതിനിടെ താനും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നായിരുന്നു പ്രിയാരമണിയുടെ വെളിപ്പെടുത്തല്‍. പ്രിയയുടെ തുറന്നുപറച്ചിലിനു പിന്നാലെ 11 വനിതാ മാധ്യമപ്രവര്‍ത്തകരും അക്ബറിനെതിരേ വെളിപ്പെടുത്തലുമായി രംഗത്തുവന്നു.
എന്നാല്‍ ആദ്യമായി ഈ വിഷയത്തില്‍ തുറന്നുപറച്ചില്‍ നടത്തിയ പ്രിയാ രമണിക്കെതിരേ മാത്രമാണ് അദ്ദേഹം ക്രിമനല്‍ കേസ് ഫയല്‍ചെയ്തത്. വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നത് കുറ്റകരമാക്കുന്ന ഐ.പി.സി 500ാംവകുപ്പ് പ്രകാരം പ്രിയക്കെതിരെ നടപടി വേണമെന്നായിരുന്നു അക്ബറിന്റെ ആവശ്യം. കേസില്‍ പ്രിയാരമണിക്കെതിരെ അക്ബര്‍ ആറുസാക്ഷികളെയും ഹാജരാക്കിയിരുന്നു. അക്ബറിന്റെ പ്രതിച്ഛായയെ അനുകൂലിച്ച് ആറുപേരും കോടതിയില്‍ മൊഴിനല്‍കുകയും ചെയ്തു.
കേസില്‍ പ്രിയ കുറ്റക്കാരിയെന്നു വിധിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവോ പിഴയോ ലഭിക്കും. ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 17ന് അക്ബര്‍ രാജിവച്ചിരുന്നു. ഇപ്പോള്‍ നമ്മുടെ ഭാഗം പറയേണ്ട സമയമായിരിക്കുന്നുവെന്ന് കോടതി ഉത്തരവിനോട് പ്രതികരിച്ച് പ്രിയാരമണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."