കൃത്രിമ അവയവങ്ങള്‍
#കരീം യൂസുഫ് തിരുവട്ടൂര്‍
പ്രോസ്‌തെസിസ്
രോഗബാധയാലോ അപകടം മൂലമോ മനുഷ്യശരീരത്തില്‍നിന്നു നഷ്ടമായ അവയവത്തിനോ അവയവ ഭാഗത്തിനോ പകരമായി കൃത്രിമമായി നിര്‍മിച്ചതോ മറ്റൊരാളില്‍നിന്നു നീക്കം ചെയ്തതോ ആയ മനുഷ്യാവയവം ഘടിപ്പിക്കുന്ന രീതി വൈദ്യശാസ്ത്ര ഭാഷയില്‍ പ്രോസ്‌തെസിസ് എന്നറിയപ്പെടുന്നു.
വൃക്കയും ഡയാലിസിസും
1913 ല്‍ അമേരിക്കന്‍ ബയോകെമിസ്റ്റായ ജോണ്‍ ജേക്കബ് ആബേലും സംഘവും മൃഗങ്ങളില്‍ ഡയാലിസിസ് പരീക്ഷിച്ചു. 1924 ല്‍ ജര്‍മന്‍ ശാസ്ത്രജ്ഞനായ ജോര്‍ജ് ഹാസ് ഒരു യുറേമിക് രോഗിയില്‍ ഡയാലിസിസ് നടത്തി ലോകത്തിലെ ആദ്യത്തെ മനുഷ്യശരീര ഡയാലിസില്‍ ഇടം നേടി. രണ്ടാം ലോക മഹായുദ്ധത്തില്‍ പരുക്കേറ്റ അനേകം പേര്‍ക്ക് താന്‍ കണ്ടെത്തിയ ഡയാലിസിസ് മെഷീനിലൂടെ പുതുജീവിതം നല്‍കിയ ഡോ.വില്‍ഹം ജോഹന്‍ കോള്‍ഫിനെയാണ് ഡയാലിസിസിന്റെ പിതാവായി കണക്കാക്കപ്പെടുന്നത്. ഇന്നത്തെ ഡയാലിസിസ് മെഷീനിന്റെ പൂര്‍വരൂപമാണ് കോള്‍ഫ് ശാസ്ത്രലോകത്തിന് സംഭാവന ചെയ്തത്. കൃത്രിമ വൃക്ക നിര്‍മാണത്തിനുള്ള പരീക്ഷണങ്ങള്‍ ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്നുണ്ട്. അമേരിക്കയിലെ ബ്ലഡ് പ്യൂരിഫിക്കേഷന്‍ ടെക്‌നോളജിസിന്റെ വെയറബിള്‍ ആര്‍ട്ടിഫിഷ്യല്‍ കിഡ്‌നി നിര്‍മാണപദ്ധതികളും അമേരിക്കയിലെ വാന്‍ഡര്‍ബിറ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ വില്യം എച്ച് ഫിസല്‍, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഷവോ റോയ് തുടങ്ങിയ ഗവേഷകരുടെ കൃത്രിമ വൃക്കനിര്‍മാണ പദ്ധതികളും ലോകത്തിനു പ്രതീക്ഷ നല്‍കുന്നവയാണ്.
ഹൃദയ ശസ്ത്രക്രിയ
മനുഷ്യഹൃദയത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ച് വൈദ്യശാസ്ത്രത്തിന് വ്യക്തമായ അറിവു ലഭ്യമായ കാലം തൊട്ടേ ഹൃദയശസ്ത്രക്രിയ വ്യാപകമായിരുന്നു. എന്നാല്‍ 1967 ഡിസംബര്‍ 3 ന് മനുഷ്യഹൃദയം തന്നെ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്ക് ലോകം സാക്ഷിയായി. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ ഗ്രൂട്ട് ഷൂര്‍ ആശുപത്രിയില്‍വച്ച് കാര്‍ഡിയാക് സര്‍ജനായ ഡോ.ക്രിസ്റ്റിയന്‍ ബര്‍ണാഡ് ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നിര്‍വഹിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ച ഡെനൈസ് ഡള്‍വാര്‍ എന്ന യുവതിയുടെ ഹൃദയമാണ് ലൂയി വാഷ്‌കന്‍സി എന്ന രോഗിയില്‍ ക്രിസ്റ്റിയന്‍ ബര്‍ണാഡ് ചേര്‍ത്തുവച്ചത്. മനുഷ്യഹൃദയത്തിനു പകരം കൃത്രിമ ഹൃദയം ശസ്ത്രക്രിയയിലൂടെ മനുഷ്യനില്‍ തുന്നിച്ചേര്‍ക്കാനുള്ള ശ്രമങ്ങളും ഇതിനെത്തുടര്‍ന്നുണ്ടായി.
കൃത്രിമ ഹൃദയം
1950 കളില്‍ വില്യം കോല്‍ഫ് എന്ന ശാസ്ത്രജ്ഞനാണ് കൃത്രിമ ഹൃദയം എന്ന പ്രൊജക്റ്റ് തുടങ്ങിവച്ചത്. 1957 ല്‍ വ്‌ളാഡിമര്‍ പെട്രോവിച്ച് ഡെമിക്കോവ് എന്ന റഷ്യന്‍ ശാസ്ത്രജ്ഞനാണ് ആദ്യമായി കൃത്രിമ ഹൃദയം നിര്‍മിച്ച് ശസ്ത്രക്രിയ നടത്തിയത്. ഒരു നായയിലായിരുന്നു ഡെമിക്കോവിന്റെ പരീക്ഷണം. 1969 ല്‍ മനുഷ്യരില്‍ നടത്തിയ ആദ്യത്തെ കൃത്രിമ ഹൃദയ ശസ്ത്രക്രിയയ്ക്ക് ഡോമിനിഗോ ലിയോട്ട നേതൃത്വം വഹിച്ചു. എന്നാല്‍ കൃത്രിമ ഹൃദയ നിര്‍മാണത്തില്‍ ആദ്യകാലത്ത് ഏറ്റവും പുരോഗതി കൈവരിച്ചത് റോബര്‍ട്ട് ജാര്‍വിക് എന്ന ശാസ്ത്രജ്ഞന്‍ രൂപകല്‍പന ചെയ്ത ജാര്‍വിക് 7 എന്ന കൃത്രിമ ഹൃദയമാണ്. മനുഷ്യ ഹൃദയവുമായി സാമ്യമുള്ള ഇവ അതിന്റെ ഭാരം നിമിത്തം ശരീരത്തിന് പുറത്ത് ഘടിപ്പിക്കുന്ന രീതിയാണ് നിലവിലുള്ളത്. ജാര്‍വികിന്റെ നവീകരിച്ച രൂപമാണ് സിന്‍കാര്‍ഡിയ. ഏകദേശം 5 കിലോയാണ് ഇതിന്റെ ഭാരം. ശരീരത്തിനുള്ളില്‍ തന്നെ ഘടിപ്പിക്കാവുന്ന കൃത്രിമ ഹൃദയങ്ങള്‍ക്കായുള്ള പരീക്ഷണങ്ങളുടെ ഭാഗമായി വിജയകരമായ ഇന്റേണല്‍ ആര്‍ട്ടിഫിഷ്യല്‍ ഹൃദയവും രംഗത്തെത്തി. അബിയോക്കോര്‍ എന്ന കൃത്രിമ ഹൃദയവും ഈ പട്ടികയില്‍ വരുന്നവയാണ്. വയര്‍ലെസ് സാങ്കേതിക വിദ്യവഴിയാണ് ഇവ ചാര്‍ജ് ചെയ്യുന്നത്.
ഫാന്റം ലിംബും ആധുനിക
സാങ്കേതിക വിദ്യയും
മനുഷ്യ ശരീരത്തിലെ കാലോ കൈയോ മുറിഞ്ഞു പോയാലും അവ പൂര്‍ണരൂപത്തില്‍ നിലനില്‍ക്കുന്നുവെന്ന സങ്കല്‍പ്പം മസ്തിഷ്‌കം നിലനിര്‍ത്താറുണ്ട്. ഫാന്റം ലിംബ് എന്നാണ് ഈ അവസ്ഥയെ വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. മോട്ടോര്‍ നെര്‍വസ്, സെന്‍സറി നെര്‍വസും മസ്തിഷ്‌ക്കത്തില്‍നിന്നുള്ള സന്ദേശങ്ങളെ മുറിഞ്ഞു പോയ ഭാഗം വരെ കൊണ്ടെത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ അടിസ്ഥാനപ്പെടുത്തി ആധുനിക വൈദ്യശാസ്ത്രം സാങ്കേതിക വിദ്യകളേയും ഇതിനനുസരിച്ച് വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കൃത്രിമ കൈകാലുകളെ മസ്തിഷ്‌ക പ്രേരണക്കനുസരിച്ച് ചലിപ്പിക്കാനാകും. പേശികളില്‍ കടത്തിവയ്ക്കുന്ന ഇലക്ട്രോഡുകള്‍ വഴി ലഭിക്കുന്ന സന്ദേശം ശരീരത്തില്‍ ഘടിപ്പിക്കുന്ന മൈക്രോ കംപ്യൂട്ടറില്‍ കൂടി കൃത്രിമ അംഗങ്ങള്‍ക്ക് ലഭ്യമാക്കുകയും അതുവഴി ചലനം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണിത്. ടി.എം.ആര്‍ അഥവാ ടാര്‍ഗെറ്റ് മസില്‍ റീ ഇന്നര്‍വേഷന്‍ എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യ ആദ്യമായി പരീക്ഷിച്ചത് ചിക്കാഗോ ആര്‍ഐസിയിലെ ഡോക്ടര്‍ ടോഡ് കുക്കെയിന്‍ ആണ്.
ജയ്പ്പൂര്‍ പൊയ്ക്കാലുകള്‍
ഇന്ത്യയില്‍ പ്രതിവര്‍ഷം ഇരുപത്തയ്യായിരം പേര്‍ അംഗവിച്ഛേദനത്തിന് ഇരയായിക്കൊണ്ടിരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ അംഗവിച്ഛേദനത്തിനിരയായവരുടെ എണ്ണം അഞ്ചര ദശലക്ഷത്തോളം വരും. ഇവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബി.എം.വി.എസ് (ഭഗവാന്‍ മഹാവീര്‍ വികലാംഗ സഹായതാ). രാജസ്ഥാന്‍ പൊയ്ക്കാലുകള്‍ ഇന്ത്യയിലുടനീളം പ്രസിദ്ധമായത് ബി.എം.വി.എസിന്റെ പ്രവര്‍ത്തന ഫലമായാണ്.
1968 ലാണ് ജയ്പ്പൂര്‍ പൊയ്ക്കാലുകള്‍ രംഗത്തെത്തുന്നത്. ജയ്പൂരിലെ മാന്‍സിംഗ് മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിന്റെ ചുമതല നിര്‍വഹിച്ചിരുന്ന ഡോ.പി.കെ സെത്തിഗോട്ടിന്റെ നേതൃത്തില്‍ പണ്ഡിത് റാം ചന്ദ്രശര്‍മ എന്ന ശില്‍പിയാണ് ആദ്യത്തെ കൃത്രിമക്കാല്‍ രൂപകല്‍പന ചെയ്തത്. ഇവയുടെ ഉപയോഗക്ഷമത മനസിലാക്കിയ ദേവേന്ദ്ര രാജ് മെഹ്താ ഐ.എ.എസ് 1975 ല്‍ അംഗവിച്ഛേദനത്തിന് ഇരയായവര്‍ക്കാവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ബി.എം.വി.എസ് എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ക്രമേണ ശ്രീനഗര്‍ തൊട്ട് ചെന്നൈവരേയും ഗുവാഹട്ടി മുതല്‍ അഹമ്മദാബാദ് വരേയും നിരവധി ലിംബ് ഫിറ്റിംഗ് സെന്ററുകള്‍ നല്‍കാന്‍ സംഘടനയ്ക്കായി. ഇന്ന് പ്രതിവര്‍ഷം അറുപത്തയ്യായിരത്തോളം പേര്‍ക്ക് കൃത്രിമ കാലുകള്‍ നല്‍കാന്‍ സംഘടനയ്ക്ക് കഴിയുന്നുണ്ട്. ഇതുവരെ 1.75 മില്യണ്‍ ജനങ്ങള്‍ക്ക് ബി.എം.വി.എസ് കൃത്രിമക്കാലുകള്‍ നല്‍കിയിട്ടുണ്ട്. വാട്ടര്‍ പ്രൂഫ് സംവിധാനത്തിലൂടെ നിര്‍മിക്കപ്പെടുന്ന ജയ്പ്പൂര്‍ കാലുകള്‍ അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിലേക്കാള്‍ ചെറിയ വിലയിലാണ് ലഭ്യമാകുന്നത്. 26 രാജ്യങ്ങളില്‍ ഇവ പ്രചാരത്തിലുണ്ട്.
ഇതിഹാസം രചിച്ചവര്‍
സൗത്ത് ആഫ്രിക്കന്‍ സ്പ്രിന്റ് റണ്ണറായ ഓസ്‌കര്‍ പിസ്റ്റ്യുറൈസിനാണ് കാലുകളില്ലാത്ത ഏറ്റവും വേഗമേറിയ ഓട്ടക്കാരന്‍ എന്ന പദവി. ബ്ലേഡ് റണ്ണര്‍ എന്ന പേരിലറിയപ്പെടുന്ന പിസ്റ്റ്യുറൈസ് 2005 ലെ പാരാലിമ്പിക് വേള്‍ഡ് കപ്പ് അടക്കമുള്ള അനേകം സ്പ്രിന്റ് മല്‍സരങ്ങളില്‍ സ്വര്‍ണം നേടിയത് ഫ്‌ളക്‌സ് ഫൂട്ട് ഉപയോഗപ്പെടുത്തിയാണ്. ആസ്‌ത്രേലിയന്‍ പാരാലിമ്പിക് സ്വിമ്മറും വീല്‍ചെയര്‍ ബാസ്‌കറ്റ് ബോള്‍ പ്ലയറുമായ എലി വിക്ടോറിയ കോളിന്റെ കാല്‍ കാന്‍സര്‍ രോഗബാധയെത്തുടര്‍ന്ന് മുറിച്ചു മാറ്റി. 2015 ലെ ഐ.പി.സി സ്വിമ്മിംഗ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് അടക്കമുള്ള അനേകം മല്‍സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയത് ഫ്‌ളക്‌സ് ഫൂട്ടിന്റെ സഹായത്താലായിരുന്നു. 2013 ല്‍ അരുണിമാ സോനു സിന്‍ഹ എവറസ്റ്റ് കൊടുമുടി കീഴടക്കിയത് കൃത്രിമക്കാല്‍ ഉപയോഗപ്പെടുത്തിയായിരുന്നു. ദേശീയ വോളിബോള്‍ താരമായിരുന്ന അരുണിമയ്ക്ക് 2011 ല്‍ ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തെത്തുടര്‍ന്നാണ് കാലുകള്‍ നഷ്ടമാകുന്നത്. കൃത്രിമ കാലുപയോഗിച്ച് എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ ആദ്യത്തെ വനിതയാണ് അരുണിമ.
കണ്ണും ചെവിയും
ലോകത്താകമാനം 36 മില്യന്‍ ജനങ്ങള്‍ അന്ധരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ബധിരത ബാധിച്ചവരുടെ എണ്ണമാകട്ടെ 360 മില്യന്‍ വരും. അന്ധര്‍ക്കും ബധിരര്‍ക്കുമാവശ്യമായ കൃത്രിമ അവയവങ്ങള്‍ ഇന്ന് യഥേഷ്ടം നിര്‍മിക്കപ്പെടുന്നുണ്ട്. വിഷ്വല്‍ പ്രോസ്‌തെസിസ് എന്ന ബയോണിക് ചികിത്സാ രീതിയുടെ തുടക്കം പോര്‍ച്ചുഗീസ് ഭിഷഗ്വരനായ ജോബോ ലോബോ ആന്റൂണ്‍സില്‍നിന്നാണ്. അന്ധനായ വ്യക്തിയുടെ കണ്ണടയില്‍ ഘടിപ്പിച്ചിരിക്കുന്ന കാമറയില്‍നിന്നു ലഭിക്കുന്ന ദൃശ്യത്തെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്രോ കംപ്യൂട്ടര്‍ സ്വീകരിക്കുന്നു. അവ ഇലക്ട്രോണിക്‌സ് സിഗ്നലുകളാക്കി മാറ്റി വിഷ്വല്‍ കോര്‍ട്ടക്‌സില്‍ ഘടിപ്പിച്ച ഇലക്ട്രോഡുകളിലേക്ക് കൈമാറുന്നതോടെ ഒരു പരിധി വരെ കാഴ്ച സാധ്യമാകുന്ന രീതിയാണിത്. ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങളുടെ ചുവടുപിടിച്ച് അമേരിക്കയിലെ ഡോ ജോണ്‍ വിയറ്റ്, ജോസഫ് റിസ്സോ,ഡോ ഗ്രീന്‍ബര്‍ഗ്ഗ്,ഷീല നിരണ്‍ബര്‍ഗ്ഗ് തുടങ്ങി അനേകം ശാസ്ത്രജ്ഞന്മാര്‍ അന്ധതയെ അതിജീവിക്കാനുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടവരാണ്. വരും വര്‍ഷങ്ങള്‍ പ്രകൃതി ദത്തമായ കാഴ്ചയുടെ അനുഭൂതികള്‍ കൃത്രിമക്കണ്ണുകള്‍ പകര്‍ന്നു തരുമെന്ന് കരുതേണ്ടിയിരിക്കുന്നു.
മൈക്രോഫോണ്‍,സ്പീക്കര്‍,ആംപ്ലിഫയര്‍ എന്നിവ അടങ്ങിയ ഹിയറിംഗ് എയ്ഡ് ഇന്ന് ലോകമെങ്ങും അനേകം ഉപയോഗിക്കുന്നുണ്ട്. കേള്‍വി ശക്തി കുറഞ്ഞവരാണ് ഈ ഉപകരണം ഉപയോഗപ്പെടുത്തുന്നത്. ടെലിഫോണിന്റെ കണ്ടുപിടിത്തം ഹിയറിംഗ് എയ്ഡിന് സഹായകമാകുകയായിരുന്നു. പ്രാചീന കാലം തൊട്ടേ അനേകം ഹിയറിംഗ് എയ്ഡുകള്‍ പ്രചാരത്തിലുണ്ട്. മിലര്‍ റീസെ ഹച്ചിസന്‍ 1898 ല്‍ വികസിപ്പിച്ചെടുത്ത ആക്യുഫോണ്‍ ആദ്യത്തെ ഇലക്ട്രിക് ഹിയറിംഗ് എയ്ഡുകളിലൊന്നാണ്. ആംപ്ലിഫിക്കേഷനുവേണ്ടി കാര്‍ബണ്‍ ട്രാന്‍സ്മിറ്ററും മെച്ചപ്പെട്ട സിഗ്നലുകള്‍ക്ക് ഇലക്ട്രിക് കറന്റും ഉപയോഗപ്പെടുത്തിയായിരുന്നു ആക്യുഫോണ്‍ നിര്‍മിച്ചത്. കേള്‍വി ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് സഹായമാകുന്ന ശ്രവണ സഹായിയാണ് കോക്ലിയര്‍ ഇംപ്ലാന്റ്. ആന്‍ഡ്രി ജ്യൂനോ, ചാലെസ് ഐറിസ് എന്നീ ശാസ്ത്രജ്ഞരുടെ ചുവടുപിടിച്ച് അമേരിക്കന്‍ ഓട്ടോളജിസ്റ്റും ഫിസിഷ്യനുമായ വില്യം എഫ് ഹൗസ് 1961 ല്‍ ആദ്യത്തെ കോക്ലിയര്‍ ഇംപ്ലാന്റ് നിര്‍മിച്ചു. മോഡേണ്‍ മള്‍ട്ടി ചാനല്‍ കോക്ലിയര്‍ ഇംപ്ലാന്റ് വ്യാവസായികമായി നിര്‍മിച്ചെടുത്തത് ആസ്‌ത്രേലിയക്കാരനായ ഗ്രേം ക്ലാര്‍ക്കാണ്. മൈക്രോഫോണ്‍, സ്റ്റിമുലേറ്റര്‍, ട്രാന്‍സ്മിറ്റര്‍ കോയില്‍, സ്പീച്ച് പ്രൊസസര്‍, ഇലക്ട്രോഡ് തുടങ്ങിയ ഭാഗങ്ങളടങ്ങിയതാണ് കോക്ലിയര്‍ ഇംപ്ലാന്റ്. ഇവയില്‍ ഇലക്ട്രോഡ് ചെവിക്കുള്ളിലെ കോക്ലിയയിലും സ്റ്റിമുലേറ്റര്‍ ചെവിക്കു പിന്നിലും ഘടിപ്പിക്കുന്നു. മറ്റുള്ള ഘടകങ്ങള്‍ ശരീര ചര്‍മത്തില്‍ നിക്ഷേപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."