കാല്‍പനികതയും ഭാവങ്ങളും അകത്തേക്കെടുത്ത കവിതകള്‍
സാഹിത്യവും കലയും എക്കാലത്തും മനുഷ്യന്റെ ജൈവികമായ അസ്തിത്വത്തിലുപരി ആത്മീയമായ ഉണര്‍വുകള്‍ക്ക് പ്രാമുഖ്യം നല്‍കുകയും സംസ്‌കാരത്തിന്റെ പരിണാമം അവതരിപ്പിക്കുകയും ചെയ്തുപോരുന്നുണ്ട്. കവിതകളെ ഉള്ളില്‍ കൊണ്ടുനടന്ന് തീക്ഷ്ണമായ അനുഭവങ്ങളെ ആവിഷ്‌കരിക്കുന്നതിലൂടെ ഈ പരിണാമത്തെ വ്യത്യസ്തമായി അടയാളപ്പെടുത്തുന്ന കവിയാണ് അബ്ദുള്ള പേരാമ്പ്ര. ഡി.സി ബുക്‌സ് ഇറക്കിയ ഏറ്റവും പുതിയ കവിതാ സമാഹാരം അനുഭവങ്ങളിലൂടെ നേടിയെടുത്ത കാല്‍പനികതയുടെയും ഭാവത്തിന്റെയും പ്രകടിതരൂപമാണ്.
ഫാന്റസികളുടെ രൂപകങ്ങള്‍ ചിലയിടങ്ങളില്‍ നമ്മെ ഭാവനയുടെ മാത്രമല്ല, കാവ്യനേരുകളുടെ കൂടി ലോകത്തിലൂടെ വലിച്ചുകൊണ്ടു പോകുന്നതാണ്. 'മരിച്ച ചങ്ങാതി' എന്ന കവിത വായിക്കുമ്പോള്‍ യഥാര്‍ഥ്യവും സത്യവും മിഥ്യയുമെന്നുമൊക്കെയുള്ള വേര്‍തിരിവില്‍ ഇല്ലാതാവുന്നത് കാണാം. യഥാര്‍ഥത്തില്‍ ആരാണ് മരിച്ചത് എന്ന ആശങ്ക നമ്മെ വേട്ടയാടുകയും ചെയ്യും. എന്താണ് മനുഷ്യനും ഈ ലോകത്തിനും സംഭവിച്ചുകൊണ്ടിരിക്കുന്നത്? നമുക്കറിയാം അസ്ത്വിത്വത്തിന്റെ അങ്കലാപ്പുകള്‍ വ്യക്ത്യധിഷ്ടിതവും വൈവിധ്യപൂര്‍ണവുമാണ്. അതുകൊണ്ട് അനുഭവങ്ങള്‍ക്ക് ആര്‍ജ്ജിച്ചെടുക്കാന്‍ കഴിഞ്ഞ പ്രതലങ്ങള്‍ വിഭിന്നം. വിഹ്വലതകള്‍, ആശങ്കകള്‍ എന്നിവ വ്യക്തിപരമായ അനുഭവങ്ങളായി നിലനില്‍ക്കുമ്പോഴും സമാനമായ വൈശേഷികത്വം ചിലര്‍ക്കൊക്കെ അനുഭവിക്കാന്‍ കഴിയുന്നുമുണ്ട്. ഇത് തിരിച്ചറിയാന്‍ നമുക്ക് അവസരം ലഭിക്കുന്നത് ഈ പുസ്തകത്തിലുള്ളതുപോലുള്ള കാവ്യ വീക്ഷണത്തിലൂടെയാണ്.
മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിവുള്ള എല്ലാ കാര്യങ്ങളും നക്ഷത്രങ്ങളും കസേരകളും മറ്റനേകം ജീവനില്ലെന്ന് നാം കരുതുന്നവയും ചെയ്തുകൂട്ടുന്നു എന്നത് കവിതാസ്വാദനത്തിന്റെ പുതുമേഖലകളിലേക്ക് നമ്മെ പടര്‍ത്തുന്നവയാണ് എന്ന് മാത്രമല്ല മിസ്റ്റിസിസത്തിലൂടെ നമ്മെ നടത്തുകയും ചെയ്യുന്നുണ്ട്. പറവകള്‍ ആകാശത്തു ചിറകുകളാല്‍ പ്രണയമെഴുതുന്നതും മയക്കം വിട്ട് കസേരകള്‍ നഗരം ചുറ്റുന്നതുമൊക്കെ ഇത്തരം വൃത്തികളുടെ ദൃഷ്ടാന്തങ്ങളല്ലേ? അതിനു സമാനമായ ആശയ പ്രപഞ്ചത്തിന്റെ പ്രസരിപ്പും അമ്പരപ്പുണ്ടാക്കുന്ന ആലോചനകളും തിളപ്പിക്കുന്ന വാക്കുകളും ഓരോ കവിതയെയും വിഭിന്നപ്പെടുത്തുന്നു. 'വീടിരുന്നിടം' എന്ന കവിതയില്‍ ഒരേസമയം ഉറച്ചുപോയ ഒരാശയത്തിന്റെ പൗരാണികതയും ചലനം സംഭവിച്ച അനേകം മോഹങ്ങളുടെ വീര്‍പ്പുമുട്ടലുകളുമാണ് കവി അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്.
അബ്ദുള്ളയുടെ കവിതകളില്‍ നിരന്തരം മണ്ണിനെയും മനുഷ്യനെയും ഇതര ജീവജാലങ്ങളെയും കോര്‍ത്തിണക്കി വലിയ ലോകം അവതരിപ്പിക്കുന്നത് കാണാം. പാരിസ്ഥിതിക അനുഭവങ്ങള്‍ കൊണ്ട് കവിതകളെ പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും അത്മപരിശോധനയുടേതുമായ ഭാഷാ വിനിമയത്തിലേക്ക് കവി കൊണ്ടുപോകുന്നു. ഇതിന് മണ്ണിന്റെ മണവും ഹരിതസംസ്‌കാരത്തിന്റെ ആര്‍ജ്ജവവുമുണ്ട്. ഓരോ തവണയും നമുക്ക് നഷ്ടമാവുന്ന പച്ചപ്പിനെക്കുറിച്ചും അതിനെ അനുധാവനം ചെയ്യുന്ന സാംസ്‌കാരികച്യുതിയെക്കുറിച്ചുള്ള ആകുലതകളുണ്ട്; അസ്വസ്ഥതകള്‍ ഉയര്‍ത്തുന്നുണ്ട്. മനുഷ്യന്റെ പ്രകൃതിയോടുള്ള അടുപ്പവും രാഷ്ട്രീയമായ ഇടപെടലും കവിതകളുടെ പ്രമേയത്തില്‍ കടന്നുവരുന്നതിനെക്കുറിച്ച് അവതാരിക എഴുതിയ പി.എം ഗിരീഷ് നിരീക്ഷിക്കുന്നത് കാണാം. ഹരിതശക്തിയുടെ പ്രഭാവം അബ്ദുള്ളയുടെ കവിതകളുടെ മുഖമുദ്രയാണെന്ന് ഗിരീഷ് കണ്ടെത്തുന്നത് ഈ അര്‍ഥത്തിലാണ്. അദ്ദേഹത്തിന്റെ കണ്ടെത്തല്‍ പൂര്‍ണവും വിശിഷ്ടവുമാണ്.
'പെണ്‍കുട്ടി ഒരു ചിത്രശലഭമാകുന്നു' എന്ന പുസ്തകത്തിന്റെ ശീര്‍ഷ കവിത തന്നെ കാവ്യ സംസ്‌കാരത്തിന്റെ യൗഗികമായ പുതുതലങ്ങള്‍ വെട്ടുന്നതാണ്. കാലാകാലങ്ങളായി മനുഷ്യജീവിതങ്ങള്‍ അനുഭവിക്കുന്ന വ്യത്യസ്തമായ അസ്വസ്ഥതകള്‍, ഗൃഹാതുരത്വം, അതിക്രമങ്ങള്‍ ഒക്കെ ഈ സമാഹാരത്തിലെ കവിതകള്‍ ചര്‍ച്ച ചെയ്യുന്നു. വ്യത്യസ്ത വിഷയങ്ങളില്‍ തികച്ചും മൗലികമായ ഉള്‍ക്കാഴ്ചയോടെ എഴുതപ്പെട്ടവയാണ് എല്ലാ കവിതകളും. അതുകൊണ്ട് തന്നെ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങളും ഉപമാനങ്ങളും രൂപകങ്ങളും വായനക്കാരന് തന്നിലേക്ക് തന്നെ ഇറങ്ങിച്ചെന്ന് സ്വയം തിരിച്ചറിയാന്‍ പോന്നവയുമാണ്. അനുഭവങ്ങള്‍ മാത്രമല്ല, സങ്കല്‍പ്പങ്ങളും കാല്‍പനികതയും വേണ്ടുവോളം ഈ കവിതകളില്‍ സമ്മേളിച്ചിരിക്കുന്നു. ഈ കവിതകള്‍ വയനാര്‍ഹാമാകുന്നത് വേറിട്ട പശ്ചാത്തലങ്ങളിലൂടെ നമുക്ക് കടന്നുപോകാന്‍ കഴിയുന്നത് കൊണ്ട് കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."