മഫ്തയിട്ട പഞ്ചായത്ത് പ്രസിഡന്റുമാരെ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധം ശക്തം
അഹമ്മദാബാദ്: ലോക വനിതാദിനത്തിന്റെ ഭാഗമായി വനിതാ പ്രതിനിധികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച സ്വച്ഛശക്തി ക്യാംപില്‍ കേരളത്തില്‍ നിന്നു പങ്കെടുത്ത മൂന്ന് വനിതാ പ്രസിഡന്റുമാരെ മഫ്തയിട്ടതിന്റെ പേരില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു.
ഗുജറാത്ത് അഹ്മദാബാദ് ഗാന്ധിനഗര്‍ മഹാത്മാമന്ദിറിലാണ് സ്വഛ്ശക്തി ക്യാംപ് സംഘടിപ്പിച്ചത്. 115 പേരടങ്ങുന്ന കേരളത്തില്‍നിന്നുള്ള വനിതാസംഘമാണ് രണ്ടു ദിവസത്തെ ക്യാംപില്‍ കേരളത്തില്‍ നിന്നു പങ്കെടുക്കുന്നത്.
യോഗഹാളില്‍ എത്തിയ പ്രസിഡന്റുമാരില്‍ മഫ്ത ധരിച്ചെത്തിയവരോട് അഴിച്ചുമാറ്റണമെന്ന് സുരക്ഷാജീവനക്കാര്‍ ഭീഷണിസ്വരത്തില്‍ ആവശ്യപ്പെടുകയായിരുന്നു. ഭീഷണി ഭയന്ന് വയനാട് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ശഹര്‍ബാനത്തിന് മഫ്ത അഴിച്ചുവയ്‌ക്കേണ്ടി വന്നു. എന്നാല്‍ കാസര്‍കോട്ടെ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ശാഹിനാ സലീം എന്നിവര്‍ മഫ്ത അഴിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു.
മഫ്ത മാറ്റിയില്ലെങ്കില്‍ സന്ദര്‍ശകഗാലറിയിലേക്കു പോകണമെന്ന് സുരക്ഷാ ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണെന്നും ക്ഷണിച്ചുവരുത്തി അപമാനിക്കരുതെന്നും ഇവര്‍ തുറന്നടിച്ചു. ഇതോടെ സംസ്ഥാനത്തു നിന്നെത്തിയ മറ്റു ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവില്‍ മഫ്ത ധരിച്ചെത്തിയവരെയും യോഗഹാളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശിരോവസ്ത്രത്തിന്റെ പേരില്‍ മാഹാത്മജിയുടെ നാട്ടില്‍ അപമാനിക്കപ്പെട്ടത് രാജ്യത്തിനു തന്നെ നാണക്കേടാണെന്നു വി.പി ഫൗസിയയും ശാഹിന സലീമും 'സുപ്രഭാത'ത്തോട് പറഞ്ഞു.
ക്യാംപിന്റെ തുടക്കം മുതല്‍ ബി.ജെ.പിയുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് കോഴിക്കോട് കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അശ്വതി 'സുപ്രഭാത'ത്തോടു പറഞ്ഞു. ക്യാംപിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്ന പരിപാടിയില്‍ നിന്നാണ് മഫ്ത ധരിച്ച പഞ്ചായത്ത് പ്രസിഡന്റുമാരെ വിലക്കിയത്.
ജില്ലാ ആസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മുസ്‌ലിം ലീഗ് പ്രതിഷേധ റാലികള്‍
കോഴിക്കോട്: ഗുജറാത്തില്‍ കേന്ദ്ര ശുചിത്വ ഭാരത മിഷന്റെ ഭാഗമായി ഒ.ഡി.എസ് വനിതാ ജന പ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച കണ്‍വന്‍ഷന് എത്തിയ മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്റെ മഫ്ത അഴിപ്പിച്ചത് സ്ത്രീത്വത്തോടുള്ള അവഹേളനവും ധാര്‍ഷ്ട്യവുമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ അവഹേളിച്ചവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം.
ഏതു മതവിശ്വാസം അനുസരിച്ച് ജീവിക്കാനും ഇഷ്ടമുള്ള വേഷം ധരിക്കാനുമുള്ള അവകാശം ധ്വംസിച്ച് മഫ്ത അഴിപ്പിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര-ഗുജറാത്ത് ഭരണകൂടങ്ങള്‍ വ്യക്തമാക്കണം. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ജില്ലാ ആസ്ഥാനങ്ങളില്‍ മുസ്‌ലിം ലീഗ് പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."