ശബരിമലയേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും പരിഗണിച്ച് ബജറ്റ്
തിരുവനന്തപുരം: സുപ്രിംകോടതിയുടെ യുവതീപ്രവേശന വിധിയെ തുടര്‍ന്നെടുത്ത നിലപാടില്‍ സര്‍ക്കാരിന് ഏറെ പഴി കേള്‍ക്കേണ്ടിവന്ന ശബരിമലക്കും തിരുവിതാംകൂറിനും ബജറ്റില്‍ മുന്തിയ പരിഗണന. ശബരിമലയുടെ വികസനത്തിന് 739 കോടി രൂപ വകയിരുത്തിയപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപ പ്രത്യേകമായി അനുവദിക്കാനും ബജറ്റില്‍ നിര്‍ദേശിക്കുന്നു. മലബാര്‍, കൊച്ചി ദേവസ്വങ്ങള്‍ക്കായി 36 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് തിരുപ്പതി മാതൃകയില്‍ പരമാവധി സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശബരിമലയിലെയും ബെയ്‌സ് ക്യാപായ നിലയ്ക്കലിലെയും പമ്പയിലെയും പ്രധാന ഇടത്താവളങ്ങളിലും ആധുനിക സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി 141.75 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. പമ്പയില്‍ പത്ത് ദശലക്ഷം ലിറ്റര്‍ സംസ്‌കരണ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (35.59 കോടി), നിലയ്ക്കലില്‍ വാഹന പാര്‍ക്കിംങ് സൗകര്യം (4.85 കോടി), നിലയ്ക്കല്‍ വരിപ്പന്തല്‍ (34.1 കോടി), എരുമേലി ഇടത്താവളം (19.49 കോടി), പമ്പയില്‍ വരിപ്പന്തല്‍ (1949 കോടി), കീഴില്ലം ഇടത്താവളം (19.39 കോടി), റാന്നിയില്‍ വാഹന പാര്‍ക്കിംങ് സൗകര്യം (4.84 കോടി) എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്.
ശബരിമലയിലേക്കുള്ള റോഡു പ്രവൃത്തികള്‍ക്ക് 200 കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ശബരിമല റോഡ് വികസനത്തിനു വേണ്ടിമാത്രം ചെലവഴിക്കുന്നത് 629 കോടി രൂപയായി ഉയരും.
ശബരിമല മാസ്റ്റര്‍ പ്ലാനിനായി സംസ്ഥാന സര്‍ക്കാര്‍ 65 കോടി രൂപയും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടി 17 കോടി രൂപയും ചെലവഴിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 28 കോടി രൂപയും നീക്കിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."