വയനാടിന് 'പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍'
കല്‍പ്പറ്റ: ബജറ്റില്‍ വയനാടിനെ തൊട്ടുതലോടി സംസ്ഥാന സര്‍ക്കാര്‍. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി, വയനാടന്‍ ബ്രാന്‍ഡ് കാപ്പിപ്പൊടി, മെഗാ ഫുഡ്പാര്‍ക്ക് തുടങ്ങിയവയെല്ലാം മുന്‍കാലങ്ങളിലും ബജറ്റില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതികളെല്ലാം കൂട്ടിയിണക്കി, പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ വരുമാന വര്‍ധനവും ലക്ഷ്യമാക്കി ഇത്തവണത്തെ ബജറ്റില്‍ വയനാട് പദ്ധതി പ്രഖ്യാപിച്ചുവെന്നത് മാത്രമാണ് പുതുമ. മടക്കിമല ഭൂമിയില്‍ വയനാട് ഗവ. മെഡിക്കല്‍ കോളജ് സ്ഥാപിക്കാനാകില്ലെന്ന് ബജറ്റില്‍ വ്യക്തമാകുന്നു. പ്രളയാനന്തര പശ്ചാത്തലത്തില്‍ മടക്കിമല ഭൂമിയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കാന്‍ പാരിസ്ഥിതിക തടസമുണ്ടെന്നും അനുയോജ്യമായ വേറെ സ്ഥലം കണ്ടെത്തി കെട്ടിട നിര്‍മാണം അടക്കമുള്ള നടപടികള്‍ ആരംഭിക്കാന്‍ കിഫ്ബിയിലൂടെ ഫണ്ട് അനുവദിക്കുമെന്നും ബജറ്റില്‍ പറയുന്നു. കാപ്പിക്കര്‍ഷകര്‍ക്ക് വയനാടന്‍ ബ്രാന്‍ഡ് കാപ്പിപ്പൊടി ഉല്‍പാദന പദ്ധതി ആശ്വാസം പകരുമ്പോള്‍ കടക്കെണിയില്‍ വലയുന്ന വയനാടന്‍ കര്‍ഷകരെ മൊത്തം സഹായിക്കാന്‍ പ്രത്യക്ഷ പദ്ധതികളില്ലാത്തത് നിരാശാജനകമായി. കുരുമുളക് പുനരുദ്ധാരണത്തിനുള്ള തുകയാകട്ടെ നാമമാത്രം.
അഞ്ചു കോടിയാണ് അനുവദിച്ചിരിക്കുന്നത്. വന്യമൃഗശല്യം തടയാന്‍ പൊതുവായ പദ്ധതികളില്ലാതെ വയനാടിന് പ്രത്യേക വാഗ്ദാനമില്ല. വന്യമൃഗശല്യം ലഘൂകരിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്കായി സംസ്ഥാനതലത്തില്‍ 24 കോടി രൂപ മാത്രമാണ് നീക്കിവെച്ചിരിക്കുന്നത്. ജില്ലയിലെ മത്സ്യ കര്‍ഷകര്‍ക്കും നിരാശയാണുള്ളത്. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ പാടെ തകര്‍ന്ന വയനാടിന്റെ പുനരുദ്ധാരണത്തിന് പ്രത്യേക പദ്ധതികളില്ല. പ്രളയബാധിത പ്രദേശങ്ങള്‍ക്കുള്ള പൊതുപാക്കേജിലാണ് വയനാട് ഉള്‍പ്പെടുന്നത്. പ്രളയബാധിത പഞ്ചായത്തുകള്‍ക്കായി 250 കോടിയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. ഇത്രയും തുകകൊണ്ട് പ്രളയംബാധിച്ച എല്ലാ പ്രദേശങ്ങള്‍ക്കും അര്‍ഹമായ വീതം ലഭ്യമാകുമോയെന്ന ആശങ്ക ബാക്കി. കോഴിക്കോട്-ബംഗളൂരു ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിന് പരിഹാരമായി നിര്‍ദേശിക്കപ്പെട്ട മേല്‍പ്പാലം നിര്‍മാണത്തിനുള്ള തുകയില്‍ പകുതി പണം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ബജറ്റില്‍ പറയുന്നു. കര്‍ണാടകയിലെ ബന്ദിപ്പുര്‍ വനമേഖലയിലാണ് മേല്‍പ്പാലം നിര്‍മിക്കേണ്ടത്. പദ്ധതി ചെലവിന്റെ പകുതി തുക വഹിക്കാമെന്നറിയിച്ചുകൊണ്ട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതാണ് ബജറ്റിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വയനാടുമായി ബന്ധപ്പെട്ട് റെയില്‍വേയുടെ കാര്യം പരാമര്‍ശിച്ചുവെങ്കിലും ആശാവഹമല്ല. നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ പാതയും മാനന്തവാടി-തലശേരി -മൈസൂര്‍ പാതയും സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മാത്രമാണ് ബജറ്റിലെ സൂചന. ജലസേചന മേഖലക്ക് മൊത്തത്തില്‍ വകയിരുത്തിയിരിക്കുന്നത് 517 കോടി രൂപയാണ്.
അന്തര്‍സംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട കബനി തടം, ഭവാനിതടം, പാമ്പാര്‍ തടം എന്നിവിടങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി 61 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വയനാട്ടില്‍ നിന്ന് ഉല്‍ഭവിച്ച് കര്‍ണാടകയിലെ കാവേരിയിലേക്ക് എത്തിച്ചേരുന്ന കബനി നദി കാവേരി തടത്തിലാണ് ഉള്‍പ്പെടുന്നത്. കബനിതട പദ്ധതിയിലൂടെ വയനാടിന് ജലസേചന പദ്ധതികള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."