ഇ ഹെല്‍ത്ത് പദ്ധതി: ആധാര്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു; രോഗിയുടെ വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍
മലപ്പുറം: സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കായി എത്തുന്നവരുടെ രോഗവും ചികിത്സയും ആരോഗ്യവും സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രീകൃത കംപ്യൂട്ടര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഇ ഹെല്‍ത്ത് പദ്ധതി ജില്ലയില്‍ പുരോഗമിക്കുന്നു. ആധാര്‍ രജിസ്‌ട്രേഷന്‍ നടപടികളാണ് ജില്ലയില്‍ നടന്നുവരുന്നത്. നടപടികളുടെ 60 ശതമാനത്തിലേറെ ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നത്. ജില്ലക്ക് പുറമെ കാസര്‍കോട്, ഇടുക്കി, എറണാംകുളം, കണ്ണൂര്‍, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളില്‍ കയറി വിവര ശേഖരണം നടത്തുകയാണ് ചെയ്യുന്നത്.
വ്യക്തികളുടെ ആധാര്‍, വോട്ടര്‍ ഐ.ഡി തുടങ്ങിയ ആധികാരിക രേഖകളുടെ നമ്പര്‍ ബന്ധിച്ചാണ് വിവരങ്ങളുടെ ആധികാരികത ഉറപ്പു വരുത്തുന്നത്. ഓരോ പൗരന്റെയും ചികിത്സാരേഖകള്‍ കേന്ദ്രീകൃത ഡാറ്റാബേസില്‍ ലഭ്യമാക്കുക വഴി സര്‍ക്കാരിന് കീഴിലുള്ള അലോപ്പതി ആരോഗ്യ ചികിത്സാ സ്ഥാപനങ്ങളില്‍ തടസമില്ലാതെ തുടര്‍ചികിത്സ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതോടെ ഒ.പി, ലബോറട്ടറി, ഫാര്‍മസി, എക്‌സ്‌റേ എന്നിവിടങ്ങളിലെ തിരക്കും കാലതാമസവും ഇല്ലാതാകും. പദ്ധതി നടപ്പാകുന്നതോടെ വെബ്‌സൈറ്റ് വഴി ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനാവും. രോഗിയുടെ കൈയിലുള്ള അതുല്യ തിരിച്ചറിയല്‍ നമ്പര്‍ പരിശോധിച്ചാല്‍ മുന്നിലിരിക്കുന്ന രോഗിയെ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഡോക്ടറുടെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയും. ജനങ്ങള്‍ക്കു നിലവില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ ക്ഷേമ പരിരക്ഷകളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും അര്‍ഹരായവര്‍ തന്നെയാണു അതിന്റെ ഗുണഭോക്താക്കളെന്ന് ഉറപ്പുവരുത്തുന്നതിനും സാധിക്കും. കൂടാതെ ആരോഗ്യവകുപ്പില്‍നിന്നു ലഭിക്കേണ്ട പല തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി വിതരണം നടത്താനും ഇതുവഴി കഴിയും. വ്യക്തികളുടെ ആരോഗ്യസംബന്ധമായ വിവരങ്ങള്‍ എന്നതിലുപരി വിവിധ ആശുപത്രികളെ സംബന്ധിച്ചും ഓരോ സ്ഥലത്തും ലഭ്യമാകുന്ന സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍, ഓണ്‍ലൈന്‍ അപ്പോയിമെന്റ്, പേയ്‌മെന്റ് തുടങ്ങിയവ ലഭ്യമാകുന്ന വെബ് പോര്‍ട്ടലും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."