പുതുജീവന്‍ ട്രസ്റ്റില്‍ ഒരു മരണം കൂടി
ചങ്ങനാശേരി: കോട്ടമുറിയിലെ പുതുജീവന്‍ ട്രസ്റ്റില്‍ വീണ്ടും ഒരു മരണം. നാലുകോടിയിലെ പുനരധിവാസകേന്ദ്രത്തിലെ അന്തേവാസിയായ ചാലക്കുടി സ്വദേശി ജോര്‍ജ് (58) ആണ് ഇന്നലെ മരിച്ചത്. ഇതോടെ സ്ഥാപനത്തില്‍ ഒരു മാസത്തിനിടെ മരണം നാലായി.
2014 മുതല്‍ പുതുജീവന്‍ അനാഥാലയത്തിലെ അന്തേവാസിയാണ് ഇദ്ദേഹം. ബന്ധുക്കളെത്തി മരണത്തില്‍ പരാതിയില്ലെന്ന് തൃക്കൊടിത്താനം പൊലിസിനെ അറിയിച്ചു. എന്നാല്‍ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പൊതുശ്മശാനത്തില്‍ സംസ്കരിക്കും. തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് ആശുപത്രിയില്‍ 29 മുതല്‍ ചികിത്സയിലിരുന്നു ജോര്‍ജ് .
മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങളിലെ തുടര്‍ മരണങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പുതുജീവന്‍ ട്രസ്റ്റില്‍ വീണ്ടും മരണം. ഫെബ്രുവരി 23നും 27 നും 29നുമായിരുന്നു ഇവിടെ മറ്റ് മരണങ്ങള് നടന്നത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞയാഴ്ച മറ്റ് രണ്ട് സ്ഥാപനങ്ങളില്‍ കൂടി തുടര്‍ മരണങ്ങള് സംഭവിച്ചിരുന്നു.
നെടുംകുന്നം സഞ്ജീവനിയില്‍ അഞ്ചുപേരും കുറിച്ചി ജീവന് ജ്യോതിയില്‍ മൂന്നു പേരുമാണ് മരിച്ചിരുന്നത്. ഇവിടങ്ങളിലെ അന്തേവാസികള്‍ക്ക് നല്‍കിയിരുന്ന ഒരു ബാച്ചില്‍പ്പെട്ട മരുന്നുകളാണ് തുടര്മരണത്തിന് പിന്നിലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. മരുന്നുകള്‍ ഡ്രഗ് കണ്ട്രോള് വിഭാഗം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നെങ്കില്‍ മാത്രമേ കാരണം എന്താണെന്ന് വ്യക്തമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."