HOME
DETAILS
MAL
വാര്‍ഡ് പുനര്‍വിഭജന നടപടികള്‍ക്ക് തുടക്കം
backup
March 20 2020 | 04:03 AM
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാര്‍ഡ് പുനര്‍വിഭജനത്തിന്റെ കരട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 27ന് സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മിഷന്‍ വാര്‍ഡ് വിഭജന കരട് നിര്‍ദേശം പ്രസിദ്ധീകരിക്കും. വാര്‍ഡ് വിഭജന ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയതോടെയാണ് തദ്ദേശ സ്വയംഭരണവകുപ്പ് ഡീലിമിറ്റേഷന്‍ നടപടികളിലേക്ക് കടന്നത്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം 14ല്‍ കുറയാനോ 24ല്‍ കൂടാനോ പാടില്ലെന്ന ബില്ലിലെ നിര്‍ദേശപ്രകാരമാണ് വാര്‍ഡ് പുനര്‍വിഭജനം നടത്തുക. ഇതുസംബന്ധിച്ച് സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
ഓരോ ഗ്രാമപഞ്ചായത്തിലെയും വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തി തയാറാക്കുന്ന കരട് ഏപ്രില്‍ 22നകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സെക്രട്ടറിമാര്‍ സമര്‍പ്പിക്കണം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഇത് പരിശോധിച്ച് 24ന് കമ്മിഷന് സമര്‍പ്പിക്കണം. കരട് നിര്‍ദേശങ്ങളില്‍ മെയ് എട്ട് വരെ പരാതി സമര്‍പ്പിക്കാം.
ജനസംഖ്യ മാനദണ്ഡമാക്കിയാണ് വാര്‍ഡുകള്‍ പുനര്‍വിഭജനം നടത്തുക. 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയെ പഞ്ചായത്തിലെ ആകെ വീടുകളുടെ എണ്ണംകൊണ്ട് ഹരിച്ച് ഒരു വീട്ടിലെ ശരാശരി ആളുകളുടെ എണ്ണം കണ്ടെത്തും. ഈ സംഖ്യകൊണ്ട് വാര്‍ഡിലെ വീടുകളുടെ എണ്ണത്തെ ഗുണിച്ചാല്‍ കിട്ടുന്നതാണ് ആ വാര്‍ഡിലെ ജനസംഖ്യ.
പഞ്ചായത്തിലെ ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ കിടപ്പും കണക്കിലെടുത്ത് വേണം വാര്‍ഡുകളുടെ ആകൃതിയും വലിപ്പവും നിശ്ചയിക്കേണ്ടത്. പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുനിന്ന് ക്ലോക് വൈസായി വലത്തേക്കായിരിക്കണം വാര്‍ഡ് വിഭജനമെന്നും ഡീലിമിറ്റേഷന്‍ കമ്മിഷന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. രണ്ട്, മൂന്ന് വാര്‍ഡുകള്‍ ഒന്നാം വാര്‍ഡിന്റെ വലതുഭാഗത്തായി ചുറ്റിവരണം.
പഞ്ചായത്തിലെ അവസാന വാര്‍ഡിന്റെ അതിര്‍ത്തി ഒന്നാം വാര്‍ഡിന്റെ അതിര്‍ത്തിയുമായി ചേരണം. വാര്‍ഡിന്റെ പേര് നിശ്ചയിക്കുന്നതിലും കര്‍ശന മാര്‍ഗനിര്‍ദേശമുണ്ട്. വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചെറുപ്രദേശത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രദേശത്തിന്റെ പേരാണ് വാര്‍ഡിന് നല്‍കേണ്ടത്. ഏതെങ്കിലും വീടിന്റെയോ കുടുംബത്തിന്റെയോ മതസ്ഥാപനങ്ങളുടെയോ പേര് നല്‍കാന്‍ പാടില്ല.
നദി, തോട്, പുഴ, കായല്‍, മല തുടങ്ങിയ പ്രകൃതിദത്തമായ അതിരുകള്‍ക്ക് പുറമെ റോഡ്, നടപ്പാത, ചെറുവഴികള്‍, റെയില്‍വേ ലൈന്‍, പൊതുസ്ഥാപനങ്ങള്‍ തുടങ്ങി വ്യക്തമായി തിരിച്ചറിയാവുന്നവയും അതിരുകളായി കണക്കാക്കാം.
പഞ്ചായത്ത് സെക്രട്ടറിമാര്‍ തയാറാക്കുന്ന കരട് നിര്‍ദേശങ്ങളില്‍ വാര്‍ഡുകളുടെ അതിരുകള്‍ വ്യക്തമായി രേഖപ്പെടുത്തണം. കരട് നിര്‍ദേശത്തെക്കുറിച്ചുള്ള പരാതികള്‍ സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നല്‍കാം. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം കരട് നിര്‍ദേശങ്ങള്‍ അംഗീകരിച്ച് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ഡീലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഡീലിമിറ്റേഷന്‍ കമ്മിഷന് നാലുമാസമെങ്കിലും സമയം വേണം.
പുതിയ വാര്‍ഡുകള്‍ ജനറലാണോ സംവരണമാണോ എന്ന് അവിടുത്തെ ജനസംഖ്യ വിലയിരുത്തിയാണ് തീരുമാനിക്കുക. സംസ്ഥാനത്ത് ഇത്തവണ 1,376 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ പുതുതായി ഉണ്ടാകും. ഇതോടെ മൊത്തം വാര്‍ഡുകളുടെ എണ്ണം 17,338 ആയി വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."