കൊവിഡ്-19: സെന്‍സസ്, എന്‍.പി.ആര്‍ നടപടികള്‍ ഏപ്രില്‍ ഒന്നുമുതല്‍ തുടങ്ങില്ല
ന്യൂഡല്‍ഹി: കൊവിഡ്-19 പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ 1 മുതല്‍ തുടങ്ങാനിരുന്ന സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്‍) നടപടികള്‍ സര്‍ക്കാര്‍ നീട്ടിവയ്ക്കും. ജനങ്ങളുമായുള്ള ഇടപഴകല്‍ ഇല്ലാതാക്കുക, സെന്‍സസിനായി വീടുവീടാന്തരം കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിക്കാനുള്ള ഉദ്യോഗസ്ഥരുടെ കുറവ് എന്നിവ കണക്കിലെടുത്താണ് നടപടികള്‍ നീട്ടിവയ്ക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സെന്‍സസ്-എന്‍.പി.ആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒഡീഷ, ഡല്‍ഹി സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നു.
ഇതിന് നല്‍കിയ മറുപടിയില്‍ ഇക്കാര്യം പരിഗണനയിലുണ്ടെന്ന് സെന്‍സസ് കമ്മീഷണര്‍ വിവേക് ജോഷി ഡല്‍ഹി സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് സെന്‍സസിന്റെ ആദ്യഘട്ടം. കൊവിഡ് ഭീഷണി എത്രകാലം നിലനില്‍ക്കുമെന്ന് വ്യക്തമല്ലാത്തതിനാല്‍ എന്ന് സെന്‍സന് നടപടികള്‍ തുടങ്ങാന്‍ സാധിക്കുകയെന്ന് തീരുമാനിക്കാനായിട്ടില്ല.
2021 ഫെബ്രുവരിയില്‍ തുടങ്ങുന്ന രണ്ടാംഘട്ട സെന്‍സസില്‍ വ്യക്തികള്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ട് വിവരങ്ങള്‍ നല്‍കാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒ.ടി.പി ലഭ്യമാക്കിയ ശേഷം കുടുംബത്തിന്റെ വിവരങ്ങള്‍ കുടുംബനാഥന് തന്നെ നേരിട്ട് നല്‍കാന്‍ കഴിയുന്ന സംവിധാനമാണിത്.
ഇതിലൂടെ ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ പിന്നീട് സെന്‍സസിനായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകായാണ് ചെയ്യുക. പ്രഥമ പൗരനായ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടാണ് സെന്‍സസ് നടപടികള്‍ ആരംഭിക്കുക.
എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി എല്ലാ ചടങ്ങുകളും റദ്ദാക്കിയിട്ടുണ്ട്. സെന്‍സസുമായി സഹകരിക്കുമെങ്കിലും അതോടൊപ്പമുള്ള എന്‍.പി.ആര്‍ നടപ്പാക്കില്ലെന്നാണ് കേരളത്തിന്റെ നിലപാട്. പശ്ചിമബംഗാളും ഇതെ നിലപാടിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."