അധ്യാപകരുടെ 'പേനകള്‍ സ്‌കൂളുകളില്‍ മുളയ്ക്കും'
ചെറുവത്തൂര്‍: അവധിക്കാല പരിശീലനം കഴിഞ്ഞാല്‍ ചെറുവത്തൂര്‍ ഉപജില്ലയിലെ അധ്യാപകരുടെ പേനകളെല്ലാം മുളപൊട്ടും. പേനകള്‍ മുളയ്ക്കുമോ എന്നാകും, സംശയം വേണ്ട. നന്നായി മുളയ്ക്കുന്ന വിത്തുകള്‍ വച്ച കടലാസ് പേനകളാണ് ഇത്തവണ പരിശീലനത്തിനെത്തുന്ന അധ്യാപകര്‍ക്ക് നല്‍കുന്നത്. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കിയ സാഹചര്യത്തിലാണ് പ്ലാസ്റ്റിക് പേനകള്‍ ഒഴിവാക്കി വിത്തുപേനകള്‍ നല്‍കാന്‍ തീരുമാനിച്ചത്.
കാസര്‍കോട് ബന്തിയോട് ഹാന്‍ഡിക്രോപ്പ് സ്വയം സഹായ സംഘമാണ് പേന നിര്‍മിച്ച് നല്‍കിയത്. ഇവിടെ ഭിന്നശേഷിയുള്ള നൂറോളം പേരാണ് അവരുടെ വീടുകളില്‍ പേന നിര്‍മിക്കുന്നത്. സാധാരണ റീഫില്‍, മാഗസിന്‍ പേപ്പര്‍ പേന, സാധാരണറീഫില്‍ ക്രാഫ്റ്റ് പേപ്പര്‍ പേന, കമ്പനി റീഫില്‍ മാഗസില്‍ പേപ്പര്‍ പേന, കമ്പനി റീഫില്‍ ക്രാഫ്റ്റ് പേന എന്നിങ്ങനെയാണ് പേനകള്‍ അറിയപ്പെടുന്നത്. പേനയുടെ അറ്റത്താണ് ഒരു പച്ചക്കറി വിത്ത് വച്ചിരിക്കുന്നത്.
ഉപേക്ഷിക്കുന്ന പേനയുടെ അറ്റത്തുള്ള വിത്ത് അനുകൂല കാലാവസ്ഥ ലഭിച്ചാല്‍ മുളപൊട്ടും. പ്ലാസ്റ്റിക് റീഫില്‍ ഒഴിവാക്കി വിത്തുകള്‍ അതാത് വിദ്യാലയങ്ങളില്‍ വളര്‍ത്താനാണ് നിര്‍ദേശം.
600 അധ്യാപകരാണ് ചെറുവത്തൂര്‍ ഉപജില്ലയില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. രണ്ടുഘട്ടമായാണ് പരിശീലനമെങ്കിലും എല്ലാവര്‍ക്കുമുള്ള പേനകള്‍ തയാറായി കഴിഞ്ഞു.
'എന്റെ കുട്ടിയും പൊതു വിദ്യാലയത്തില്‍' എന്ന സന്ദേശവും പേനയിലുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഓരോ അധ്യാപകനും ആത്മപരിശോധന നടത്താനുള്ള ഒരവസരം കൂടിയാണെന്നും ചെറുവത്തൂര്‍ ബി.പി.ഒ.കെ. നാരായണന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."