പ്രിന്‍സിപ്പല്‍ ഇല്ലാതെ 180ല്‍ കൂടുതല്‍ സ്‌കൂളുകള്‍
കണ്ണൂര്‍: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം തുടങ്ങാന്‍ കഷ്ടിച്ച് ഒരുമാസം മാത്രം ബാക്കിനില്‍ക്കെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു.
180 ലധികം തസ്തികകളാണ് സംസ്ഥാനാടിസ്ഥാനത്തില്‍ ഇപ്പോള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒഴിവുള്ളത്. പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നതിനു മുന്നോടിയായി പ്രിന്‍സിപ്പല്‍മാര്‍ക്ക് നിരവധി ചുമതലകളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കേണ്ടതായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രിന്‍സിപ്പല്‍ തസ്തിക തന്നെ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയുള്ളത്.
നിലവില്‍ പ്രിന്‍സിപ്പല്‍ ഇല്ലാത്ത സ്‌കൂളുകളില്‍ എല്ലാ ഉത്തരവാദിത്തങ്ങളും ഹയര്‍സെക്കന്‍ഡറിയിലെ സീനിയറായ അധ്യാപകരുടെ തലയിലാണുള്ളത്. ഹൈസ്‌കൂള്‍ അധ്യാപകരില്‍ നിന്നുള്ള പ്രമോഷന്‍ വഴിയാണ് പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുകളില്‍ മൂന്നിലൊന്ന് നികത്തേണ്ടത്.
ബാക്കിയുള്ള ഒഴിവ് ഹയര്‍സെക്കന്‍ഡറിയിലെ സീനിയോറിറ്റി അനുസരിച്ചുള്ള പ്രമോഷനിലൂടെയും നികത്തണം. വകുപ്പുതല പ്രമോഷന്‍ കമ്മിറ്റി ചേര്‍ന്നാണ് അധ്യാപകര്‍ക്ക് പ്രമോഷന്‍ നിശ്ചയിക്കുന്നത്. എന്നാല്‍ കമ്മിറ്റി കൃത്യമായി ചേരാനാകാത്തതാണ് അധ്യാപകരുടെ പ്രമോഷന്‍ നീളാന്‍ കാരണമാകുന്നത്.
നിലവില്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ ആഴ്ചയില്‍ 22 മണിക്കൂര്‍ ക്ലാസെടുക്കുകയും ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കുകയും വേണം. അതിനിടെയാണ് സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരുടെ തസ്തികകള്‍ തന്നെ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയുള്ളത്.
കഴിഞ്ഞവര്‍ഷവും ഇതേ അവസ്ഥ നിലനിന്നിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ 46 പ്രിന്‍സിപ്പല്‍ തസ്തികകള്‍ അടിയന്തരമായി അനുവദിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം 90 പ്രിന്‍സിപ്പല്‍മാര്‍ കൂടി വിരമിച്ചതോടെയാണ് ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ എണ്ണം വര്‍ധിച്ചത്.
കവിഞ്ഞ വര്‍ഷം 95 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ പ്രിന്‍സിപ്പല്‍ ഇല്ലാതെയാണ് പ്രവര്‍ത്തിച്ചത്. പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്നാവശ്യപ്പെട്ട് അധ്യാപകസംഘടനകള്‍ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."