പേരില്‍ താലൂക്ക് ആശുപത്രി; പ്രവര്‍ത്തനം പി.എച്ച്.സിയുടേത്
അരീക്കോട്: ആവശ്യമായ ഡോക്ടര്‍മാരും ജീവനക്കാരുമില്ല. എന്നാലും പേര് താലൂക്കാശുപത്രിയാണ്. പകര്‍ച്ചാവ്യാധികള്‍ പിടിപെട്ടാല്‍ ബെഡുകളില്ലാതെ രോഗികള്‍ നിലത്ത് കിടക്കണം. ഗര്‍ഭിണികള്‍ക്ക് പോലും പ്രവേശനം അനുവദിക്കുന്നില്ല. മൂന്ന് വര്‍ഷം മുന്‍പ് വരെ ഇവിടെ ഗര്‍ഭിണികളെ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് വന്ന ഗൈനക്കോളജിസ്റ്റ് നിര്‍ബന്ധ പൂര്‍വം മലപ്പുറത്തേക്ക് സ്ഥലം മാറി.
താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം തുടങ്ങിയാല്‍ പല സ്വകാര്യ ആശുപത്രികള്‍ക്കും അത് വലിയ തിരിച്ചടിയാവുമെന്ന് ഭയന്നാണ് അധികൃതര്‍ അത്യാഹിത വിഭാഗത്തിന് ശ്രമം നടത്താത്തതെന്ന് അരീക്കോട്ടെ ജനങ്ങള്‍ പറയുന്നു. ഉച്ചക്ക് ഒരു മണി വരെയുള്ള ഒ.പി പ്രവൃത്തി സമയം കഴിഞ്ഞാല്‍ ആശുപത്രി കാലിയാകുന്ന അവസ്ഥയാണുള്ളത്. അരീക്കോട് ടൗണില്‍ തന്നെ സ്ഥിതി ചെയ്യുന്ന ആശുപത്രി ആയതിനാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം തുടങ്ങണമെന്ന ആവശ്യം ദീര്‍ഘ കാലമായി ഉയരുന്നുണ്ട്.
ഇതിന് പുറമെ പരിമിതമായ സ്ഥല സൗകര്യങ്ങള്‍ക്കിടയില്‍ രോഗികളും ആശുപത്രി അധികൃതരും പ്രയാസം നേരിടുകയാണ് . ഒരു ഭാഗത്ത് പൊലിസ് സ്റ്റേഷന് സ്ഥിതി ചെയ്യുന്നതിനാല്‍ ആശുപത്രി മുറ്റം അനൗദ്യോഗിക പാര്‍ക്കിങ് കേന്ദ്രമായി മാറുന്നു. പലപ്പോഴും ഒ.പി ടിക്കറ്റിനായി വരി നില്ക്കാന് പോലും ഇവിടെ സൗകര്യമുണ്ടാകുന്നില്ല.
അതേസമയം അരീക്കോട് പുളിക്കല്‍ സ്കൂളിനടുത്ത് എഴുപത് സെന്റ് സ്ഥലം താലൂക്ക് ആശുപത്രിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഉപയോഗിക്കാതെ കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."