നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍
തിരുവനന്തപുരം: പാലോട് മരിച്ച നിലയില്‍ കണ്ടെത്തിയ നവവധുവിനെ ഭര്‍ത്താവിന്റെ സുഹൃത്തും മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. സുഹൃത്ത് അജാസ് ഇന്ദുജയെ മര്‍ദിച്ചതായി ഭര്‍ത്താവ് അഭിജിത്ത് മൊഴി നല്‍കി. രണ്ട് ദിവസം മുമ്പ് കാറില്‍ വെച്ചാണ് അജാസ് ഇന്ദുജയെ മര്‍ദിച്ചതെന്നാണ് മൊഴി. അഭിജിത്തിനെയും അജാസിനെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇന്ദുജയെ പാലോട് അഭിജിത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നതിനാല്‍ ഗാര്‍ഹികപീഡനം നടന്നു എന്ന നിഗമനത്തിലായിരുന്നു പൊലിസ്. എന്നാല്‍ യുവതിയെ മര്‍ദിച്ചത് താനല്ലെന്നാണ് ചോദ്യം ചെയ്യലില്‍ ഇപ്പോള്‍ അഭിജിത്ത് വ്യക്തമാക്കുന്നത്.
അജാസും ഇന്ദുജയും രണ്ടാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചവരാണ്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധം അറിഞ്ഞ് തന്നെയാണ് അഭിജിത്ത് യുവതിയെ വിവാഹം ചെയ്തത്. ഈ ബന്ധം പിന്നീട് ഒഴിവാക്കാന്‍ ശ്രമിച്ചതായി അഭിജിത്ത് മൊഴി നല്‍കിയിട്ടുണ്ട്. നിര്‍ണായകമായ ഈ മൊഴിയില്‍ ഗാര്‍ഹികപീഡനമടക്കം സംശയിക്കാവുന്നതിനാല്‍ അഭിജിത്തിന്റെ വീട്ടുകാരെയും പൊലിസ് ചോദ്യം ചെയ്‌തേക്കും.
അജാസ് ഇന്ദുജയെ എന്തിന് മര്‍ദിച്ചു എന്നും വ്യക്തമല്ല. ചോദ്യം ചെയ്യലിന് അജാസും അഭിജിത്തും വാട്‌സ്ആപ്പ് ചാറ്റുകള്‍ നീക്കം ചെയ്ത് എത്തിയത് പൊലിസിന്റെ സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുന്നുമുണ്ട്.
തിരുവനന്തപുരത്തെ സ്വകാര്യ ലാബിലെ ജീവനക്കാരി ആയിരുന്നു ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."