ചേലേമ്പ്ര ജലനിധി പദ്ധതി; പ്രവൃത്തി പൂര്‍ത്തീകരിക്കാതെ ഉദ്ഘാടനത്തിന് നീക്കം
ചേലേമ്പ്ര: പഞ്ചായത്തില്‍ പത്ത് കോടി ചെലവിലുള്ള ജലനിധി പദ്ധതി പ്രവൃത്തി പൂര്‍ത്തീകരിക്കാതെ ഉദ്ഘാടനം ചെയ്യാനുള്ള നീക്കത്തിനെതിരേ ഭരണമുന്നണിയിലെ ഘടകകക്ഷികളും യു.ഡി.എഫ് അംഗങ്ങളും രംഗത്ത്.
3,008 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയ പദ്ധതിയില്‍ പണം മുന്‍കൂറായി അടച്ച നിരവധി കുടുംബങ്ങള്‍ക്ക് വെള്ളം എത്തിക്കാതേയും പ്രവര്‍ത്തിയിലെ അപാകത പരിഹരിക്കാതേയുമാണ് 20ന് പദ്ധതി ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്നത്. ജനകീയ മുന്നണിയുടെ പിന്തുണയോടെ ഭരിക്കുന്ന പഞ്ചായത്ത് ഭരണ മുന്നണിയിലും ഇക്കാര്യത്തില്‍ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സി.പി.എമ്മിന്റെ ഏകാതിപത്യ തീരുമാനമാണിതെന്നും നിലവില്‍ ജലനിധി പദ്ധതിയില്‍നിന്നു വെള്ളം നല്‍കാനാകാത്ത ഗണഭോക്താക്കള്‍ക്ക് പഞ്ചായത്തിന്റെ മറ്റു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും വെള്ളം എത്തിച്ച ശേഷം മാത്രമേ പദ്ധതിയുടെ ഉദ്ഘാടനം നടത്താന്‍ പാടുള്ളൂ എന്നാണ് പഞ്ചായത്ത് വികസന സമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അസീസ് പാറയില്‍ പറയുന്നത്.
പഞ്ചായത്ത് ഭരണമുന്നണിയിലെ ഇപ്പോഴത്തെ ഭിന്നത മറ നീക്കി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഉദ്ഘാടനം വിപുലമാക്കുന്നതിനായി ഇന്ന് നടക്കുന്ന സ്വാഗതസംഘം യോഗം ബഹിഷ്‌കരിക്കാനാണ് ഭരണസമിതിയിലെ ഒരുവിഭാഗത്തിന്റെ നീക്കം. യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രസിഡന്റിനെ അറിയിച്ചതായി അംഗങ്ങളായ ഇഖ്ബാല്‍ പൈങ്ങോട്ടൂരും ഫാറൂഖ് ചേലേമ്പ്രയും പറഞ്ഞു. പ്രവൃത്തി തുടങ്ങിയിട്ട് നാല് വര്‍ഷത്തോളമായെങ്കിലും ആദ്യ പരീക്ഷണ പമ്പിങ്ങില്‍ തന്നെ വിവിധ ഭാഗങ്ങളില്‍ പൈപ്പ് പൊട്ടിയും വാള്‍വുകള്‍ തകര്‍ന്നും വെള്ളം ചോരുന്നത് പതിവായിരുന്നു.
തുടര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തി നടത്തി രണ്ടാം ഘട്ട പരീക്ഷണ പമ്പിങ്ങിലും പല ഭാഗത്തും ചോര്‍ച്ചയും നേരത്തെ വെള്ളം ലഭിച്ചിരുന്ന ഗുണഭോക്താക്കള്‍ക്ക് പോലും വെള്ളം ലഭിക്കാത്ത അവസ്ഥയുമാണ് നിലവിലുള്ളത്. പ്രവൃത്തി പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം ജലനിധി ടെക്‌നിക്കല്‍ വിഭാഗം ചേലേമ്പ്രയിലെത്തുകയും അപാകതകള്‍ വിലയിരുത്തിയതുമാണ്.
3008 ഗണഭോക്താക്കളില്‍ നിന്ന് നാല് വര്‍ഷത്തോളം മുന്‍പ് കുടിവെവള്ളത്തിനായുള്ള പണം കൈപറ്റുകയും എന്നാല്‍ 200 ഓളം കുടുംബങ്ങള്‍ക്ക് വെള്ളം നല്‍കാതേയും പ്രവര്‍ത്തിയിലെ അപാകത പരിഹരിക്കാതെയുമാണ് ഇപ്പോള്‍ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ഇലക്ഷന്‍ പ്രഖ്യാപനം മുന്നില്‍ കണ്ടാണ് അടിയന്തിരമായി മന്ത്രിയെ കൊണ്ട് 20ന് പദ്ധതി ഉദ്ഘാടനം ചെയ്യിക്കാനുള്ള നീക്കമെന്നാണ് യു.ഡി.എഫ് അംഗങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."