കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 12 കോടിയുടെ ജലസേചന പദ്ധതികള്‍
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികളിലേക്കു കടക്കവേ ജില്ലയില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തത്ത്വത്തില്‍ അംഗീകരിച്ചത് 12 കോടി രൂപയുടെ ചെറുകിട ജലസേചന പദ്ധതികള്‍. ഏഴു കോടി രൂപയുടെ മൂര്‍ക്കനാട് മൂത്തിക്കയം കിഴ്മുറിക്കടവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് , അഞ്ചു കോടി രൂപയുടെ നിലമ്പൂര്‍ കളത്തുംകടവില്‍ ചാലിയാര്‍ പുഴയ്ക്ക് കുറുകെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം എന്നീ പദ്ധതികളാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അംഗീകാരത്തിനു സമര്‍പ്പിച്ചതും തത്വത്തില്‍ അംഗീകാരം ലഭിച്ചതുമെന്നു ചെറുകിട ജലസേചന വകുപ്പ് മലപ്പുറം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. അജിത്കുമാര്‍ പറഞ്ഞു.
ഇതിനു പുറമേ, പരപ്പനങ്ങാടി താനൂര്‍ നഗരസഭാ പരിധികളിലായി പൂരപ്പുഴയ്ക്കു കുറുകെ കെട്ടുങ്ങല്‍ തോടിനു സമീപം ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റര്‍ നിര്‍മാണത്തിനു പ്രവൃത്തി പരിശോധന പൂര്‍ത്തിയായി. ഇനി ഡിസൈന്‍ തയാറാക്കി കരട് പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നടപടികളാണ് പരിഗണനയിലുള്ളത്. ഹരിത കേരളം ഉപമിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 94 പഞ്ചായത്തുകളിലും 12 നഗരസഭകളിലും ഇതിനകം നീര്‍ത്തട മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കി. 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത് അന്തിമഘട്ടത്തിലാണ്.
പുതിയ നാലു ചെറുകിട ജലസേചന പ്രവൃത്തികള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്. ചുങ്കത്തറ ആറംപുളിക്കലില്‍ വിസിബി (3.90 കോടി), കാളികാവില്‍ ചെറുപുഴയ്ക്കു കുറുകെ ചാഴിയോട് വി.സി.ബി കം ബ്രിഡ്ജ് (1.40 കോടി), പോത്തുകല്ല് തമ്പുരാട്ടിക്കല്ല് മുറംതുക്കിയില്‍ വി.സി.ബി കം ബ്രിഡ്ജ് (1.29 കോടി), കോട്ടക്കല്‍ നഗരസഭയിലെ കൂരിയാട് തോടിനു കുറുകെ അയ്യന്‍കൊല്ലിപ്പാടത്ത് ട്രാക്ടര്‍ സ്ലാബോടുകൂടിയ വി.സി.ബി (75 ലക്ഷം) എന്നിങ്ങനെ ആകെ 7.34 കോടി രൂപയുടെ പുതിയ പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചത്. ഇതിനു പുറമേ, കോട്ടക്കല്‍ നഗരസഭയില്‍ പുത്തൂര്‍ ബൈപാസിനു സമീപം കാവതികളത്ത് കുളം നിര്‍മാണത്തിന് ഒരു കോടിയും മക്കരപ്പറമ്പ് വടക്കാങ്ങരയില്‍ വലിയ തോടിനു കുറുകെയുള്ള വി.സി.ബിയുടെ പുനര്‍നിര്‍മാണത്തിന് 20 ലക്ഷം രൂപയും എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."