ഉദ്ഘാടനം കാത്ത് മൂവാറ്റുപുഴ ഹൈടെക് മോട്ടോര്‍ വെഹിക്കിള്‍ ഫിറ്റ്‌നസ് സെന്റര്‍
മൂവാറ്റുപുഴ: കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഹൈടെക് മോട്ടോര്‍വെഹിക്കിള്‍ ഫിറ്റ്‌നസ് സെന്റര്‍ ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചില്ല. സംസ്ഥാനത്തെ അഞ്ചാമത്തെയും ജില്ലയിലെ ആദ്യത്തെയുമായ ഹൈടെക് മോട്ടോര്‍ വെഹിക്കിള്‍ ഫിറ്റ്‌നസ് സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക്, വെഹിക്കിള്‍ ടെസ്റ്റിങ് സ്റ്റേഷന്‍, എന്നിവയ്ക്കാവശ്യമായ കാമറ, ബ്രേക്കിംഗ് ടെസ്റ്റ് എന്നിവ പ്രവര്‍ത്തനസജ്ജമാക്കാന്‍ വൈകുന്നതാണു കാരണം. ഇതിനു ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം വീഴ്ച വരുത്തുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ യന്ത്രങ്ങള്‍ സ്ഥാപിച്ചു പ്രവര്‍ത്തന ക്ഷമമാക്കേണ്ട ഉത്തരവാദിത്തം കെല്‍ട്രോണിനാണെന്നും ഇവരുടെ അനാസ്ഥയാണ് വൈകാന്‍ കാരണമെന്നും രണ്ടാഴ്ചക്കകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡ്രൈവിങ് ലൈസന്‍സും, വെഹിക്കിള്‍ ടെസ്റ്റിങ്ങുമൊക്കെ കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതോടെ ഈ രംഗത്തെ അഴിമതിയും ക്രമക്കേടും ഇല്ലാതാക്കുന്ന പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥരും വൈമുഖ്യം കാണിക്കുന്നുണ്ടെന്നു നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ജില്ലയിലെ ആദ്യത്തെ സെന്റര്‍ എന്ന നിലയിലാണ് മൂവാറ്റുപുഴ പെരുമ്പല്ലൂരില്‍ പദ്ധതിക്കു മന്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 2014 നവംബറില്‍ ശിലാസ്ഥാപനം നടത്തിയത്. മൂന്നു കോടിയോളം രൂപയാണു പദ്ധതിക്കായി ചെലവഴിച്ചത്.
മൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ ഭൂമിയാണു പദ്ധതിക്കു വേണ്ടി വിട്ടു നല്‍കിയത്. ഡ്രൈവിങ് ടെസ്റ്റ്, വെഹിക്കിള്‍ ഫിറ്റ്‌നസ് പരിശോധന സംവിധാനങ്ങള്‍ എന്നിവ കംമ്പൂട്ടര്‍ വത്കരിക്കുന്നതോടെ ഡ്രൈവിംങ് ടെസ്റ്റ്, വെഹിക്കിള്‍ ഫിറ്റ്‌നസ് പരിശോധന എന്നിവയിലെ നടപടിക്രമങ്ങള്‍ സുതാര്യമാകുകയും ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും ചൂഷണങ്ങള്‍ അവസാനിക്കുകയും ചെയ്യും അപകട രഹിതമായ ഡ്രൈവിങ് സംസ്‌കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണു കംംപ്യൂട്ടര്‍വല്‍കൃത ഡ്രൈവിങ് ടെസ്റ്റ്, വെഹിക്കിള്‍ ഫിറ്റ്‌നസ് പരിശോധന സംവിധാനങ്ങള്‍ ഒരുക്കുന്നത്.
ഡ്രൈവിങ് ടെസ്റ്റ് ഇവിടെ പൂര്‍ണമായും കംപ്യൂട്ടര്‍ നിയന്ത്രണത്തിലുള്ള സംവിധാനമായിരിക്കും നടത്തുക. കംപ്യൂട്ടര്‍ ഡ്രൈവര്‍ ടെസ്റ്റിങ് ട്രാക്കാണ് ഇതിനായി ഉപയോഗിക്കുക. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും പൂര്‍ണമായും കംപ്യൂട്ടര്‍ നിയന്ത്രണത്തിലായിരിക്കും.
വാഹനങ്ങളുടെ ഓരോ ഭാഗവും നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചുള്ള ഫിറ്റ്‌നസ് പരിശോധനയ്ക്കു വിധേയമാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."