അന്താരാഷ്ട്ര നിലവാരമുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം നാളെ
തിരുവനന്തപുരം:അന്താരാഷ്ട്ര നിലവാരമുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇനി കേരളത്തിന് സ്വന്തം. തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആരംഭിക്കുന്ന 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി'യുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
മാരക പ്രഹരശേഷിയുള്ള നിപാ പോലുള്ള വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകള്‍ തിരിച്ചറിഞ്ഞ് കാലവിളംബം കൂടാതെ പ്രതിവിധി സ്വീകരിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാകുന്നതോടെ കഴിയും. 80,000 ചതുരശ്രഅടി വിസ്തീര്‍ണമുള്ള നൂതന സൗകര്യങ്ങളുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് മന്ദിരമാണ് നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ 25,000 ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന പ്രീ ഫാബ് കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിനുള്ള 25,000 ചതുരശ്ര അടി കെട്ടിടം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമാണ് നിര്‍മിച്ചത്. രോഗനിര്‍ണയവും ഉന്നതതല ഗവേഷണവുമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ചുമതലകള്‍. പുതിയ ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ ലോകത്തെതന്നെ മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലും ഇതുള്‍പ്പെടും. കൂടാതെ, അന്താരാഷ്ട്രതലത്തില്‍ ഗവേഷണസംബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കാനായി ഗ്ലോബല്‍ വൈറല്‍ നെറ്റ്‌വര്‍ക്കിന്റെ സെന്റര്‍ കൂടി ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."