കോടതികള്‍ക്കും മൂക്കു കയറിടാന്‍ നീക്കം
ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനങ്ങളുടെ ഗവണ്‍മെന്റ് എന്നാണ് നിര്‍വചനം. എന്നാല്‍, അത് നമ്മള്‍ ആരും അറിയാതെ ഓണ്‍ ദ പീപ്പിള്‍ എന്നാവുകയാണ്. ജനങ്ങളുടെ മേലുള്ള ഭരണം.
ഹൈക്കോടതി ജഡ്ജിമാരില്‍ ഏറ്റവും സീനിയറായ ജഡ്ജിമാരുടെ കൊളിജിയം തന്നെ ശുപാര്‍ശ ചെയ്ത ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രിംകോടതി ജഡ്ജി ആക്കാതെ കേന്ദ്രഭരണകൂടം തള്ളിക്കളഞ്ഞിരിക്കുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും നാലു സീനിയര്‍ ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗായ്, എം.ബി ലോകര്‍, കുര്യന്‍ ജോസഫ് എന്നിവരും അംഗങ്ങളായ കൊളിജിയം ശുപാര്‍ശ ചെയ്ത രണ്ടേ രണ്ടു പേരുകളായിരുന്നു. അതില്‍ ഒന്ന് കൊള്ളുകയും മറ്റൊന്ന് തള്ളുകയുമാണ് കേന്ദ്ര ഗവണ്‍മെന്റ് ചെയ്തത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അംഗീകരിച്ചില്ല എന്ന ഒരു കുറിപ്പ് നിയമ മന്ത്രാലയം, ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന് അയക്കുകയും ചെയ്തു. രണ്ടു പേരുകളും പരിഗണിക്കണമെന്ന നൂറില്‍പ്പരം അഭിഭാഷകര്‍ ഒപ്പിട്ടുനല്‍കിയ അപേക്ഷയും നിഷ്‌കരുണം തിരസ്‌കരിക്കപ്പെട്ടു. അഞ്ചംഗ കൊളിജിയത്തിന്റെ തലവനായ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാകട്ടെ താനുള്‍പ്പെട്ട സമിതിയുടെ ശുപാര്‍ശ തന്നെ മറികടന്ന് പറഞ്ഞത് കൊളിജിയത്തിന്റെ നിര്‍ദേശം തിരസ്‌കരിക്കാനുള്ള അവകാശം സര്‍ക്കാരിനുള്ളതാണ് എന്നത്രെ.
നാലു മാസങ്ങള്‍ക്ക് മുന്‍പ് ജനുവരി പത്തിനാണ് ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് കെ.എം. ജോസഫിന്റെയും ബാറില്‍നിന്ന് അഡ്വക്കറ്റ് ഇന്ദു മല്‍ഹോത്രയുടെയും പേരുകള്‍ കൊളിജിയം ഏകകണ്ഠമായി ശുപാര്‍ശ ചെയ്തയച്ചത്. എന്നാല്‍, ഇന്ദു മല്‍ഹോത്രയുടെ പേര് മാത്രം കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിക്കുകയാണ് ചെയ്തത്.
സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനത്തില്‍ സീനിയോറിറ്റി മാത്രമല്ല നോക്കുന്നത് എന്ന് പറയുമ്പോള്‍തന്നെ നിയമമന്ത്രാലയം കൂട്ടിച്ചേര്‍ക്കുന്നത് അഖിലേന്ത്യാ സീനിയോറിറ്റി പട്ടികയില്‍ ജസ്റ്റിസ് ജോസഫ് 42ാമന്‍ ആണെന്നാണ്. എന്നാല്‍, സുപ്രിംകോടതിയില്‍ ഇപ്പോള്‍ ജഡ്ജിമാരായി ഇരിക്കുന്നവരില്‍ പലരും തന്നെ ജൂനിയര്‍മാരായി തുടരുമ്പോഴാണ് പരമോന്നത കോടതിയില്‍ നിയമിതരായതെന്നു കേന്ദ്രം മറക്കുന്നു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മോബന്‍ സന്താന ഗൗഡര്‍, എസ്. അബ്ദുല്‍ നസീര്‍, നവീന്‍ സിന്‍ഹ, ദീപക് ഗുപ്ത എന്നിവര്‍ അതില്‍പെടുന്നു.
സീനിയോറിറ്റി പ്രകാരം അടുത്ത ഇന്ത്യന്‍ ചീഫ് ജസ്റ്റിസായി നിയമിതനായേക്കാവുന്ന ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രിംകോടതിയില്‍ നിയമിക്കപ്പെടുമ്പോള്‍ ഈ സീനിയോറിറ്റി പരിഗണിക്കപ്പെടുന്നില്ല.
ജസ്റ്റിസുമാരായ മദന്‍ ലോകര്‍, കുര്യന്‍ ജോസഫ്, എ.കെ സിക്രി, എസ്.എ ബ്രാബ്‌ദെ, ആര്‍.കെ അഗര്‍വാള്‍, എന്‍.വി രമണ, തരുണ്‍ മിശ്ര, എ.എം ഖാന്‍വില്‍ക്കര്‍, എ.എം സാപ്രെ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരൊക്കെയും അദ്ദേഹത്തിന്റെ സീനിയര്‍മാരായിരുന്നു.
ഇപ്പോള്‍ സുപ്രിംകോടതിയില്‍ ജഡ്ജിമാരായി ഇരിക്കുന്ന എസ്. അബ്ദുല്‍ നസീര്‍, മോഹന്‍ സന്താന ഗൗഡര്‍ എന്നിവരേക്കാള്‍ സീനിയര്‍മാരായി 14 ജഡ്ജിമാര്‍ വിവിധ ഹൈക്കോടതികളിലുമുണ്ട്.
നിയമമന്ത്രാലയം പുറപ്പെടുവിച്ച നിഷേധക്കുറിപ്പില്‍ കണ്ടെത്തിയ മറ്റൊരു ന്യായം, ജസ്റ്റിസ് ജോസഫ് ആദ്യമായി ജഡ്ജിയായി ഉയര്‍ത്തപ്പെട്ട കേരള ഹൈക്കോടതിക്ക് ഇപ്പോള്‍തന്നെ ജസ്റ്റിസ് കുര്യന്‍ ജോസഫിലൂടെ സുപ്രിംകോടതിയില്‍ പ്രാതിനിധ്യം ഉണ്ടെന്നാണ്. എന്നാല്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് അടുത്തുതന്നെ റിട്ടയര്‍ ചെയ്യുകയാണ് എന്ന കാര്യം നിയമമന്ത്രാലയം ഓര്‍മിക്കുന്നില്ല.
അതേസമയം കേരളത്തില്‍നിന്ന് മൂന്ന് ന്യായാധിപന്മാര്‍ (കെ.ജി. ബാലകൃഷ്ണന്‍, സിറിയക് ജോസഫ്, കെ.എസ് രാധാകൃഷ്ണന്‍) ഒരേസമയം സുപ്രിംകോടതിയില്‍ ഉണ്ടായിരുന്നുവെന്നും കെ.എസ് പരിപൂര്‍ണന്‍ ജഡ്ജി ആയിരിക്കെ തന്നെയാണ് കെ.ടി തോമസിനെ ജഡ്ജി പദവി നല്‍കിയിരുന്നതെന്നും നിയമമന്ത്രാലയം മറക്കുന്നു. ബോംബെ ഹൈക്കോടതിക്കും ഡല്‍ഹി, അസം, മധ്യപ്രദേശ് എന്നിവക്കും ഇപ്പോള്‍തന്നെ സുപ്രിംകോടതിയില്‍ ഒന്നിലേറെ ന്യായാധിപന്മാരുണ്ടെന്നതും നിയമമന്ത്രാലയം കാറ്റില്‍ പറത്തുന്നു.
അറുപതുകാരനായ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കോട്ടയം കുറ്റിയില്‍ മാത്യു ജോസഫിന്റെ പേര് ഒരിക്കല്‍കൂടി കൊളിജിയം ശുപാര്‍ശ ചെയ്തയക്കുമോ. അംഗീകരിക്കപ്പെട്ടാല്‍ അഞ്ചുവര്‍ഷം സുപ്രിംകോടതിയില്‍ ഇരിക്കാവുന്ന അദ്ദേഹം മുന്‍ സുപ്രിംകോടതി ജഡ്ജി പരേതനായ കെ.കെ മാത്യുവിന്റെ പുത്രനാണ്.
കേശവാനന്ദ ഭാരതി കേസിലും ഇന്ദിരാഗാന്ധി വധക്കേസിലും ഒക്കെ വിധിപറയുകയും പത്താം ലോക കമ്മിഷന്റെ അധ്യക്ഷപ്പദവിയിലിരിക്കുകയും ചെയ്ത വിഖ്യാതനായ ഒരു ന്യായാധിപന്റെ പുത്രന് അതൊരു വലിയ ബഹുമതിയും ആവേണ്ടതാണ്. 2004 ല്‍ കേരളത്തിലാണ് ആദ്യം ഹൈക്കോടതി ജഡ്ജിയായത്.
എന്നാല്‍, ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ അവിശ്വാസ പ്രമേയത്തിന് തന്നെ അനുമതി തേടി നടക്കുന്ന പ്രതിപക്ഷം ആശങ്കപ്പെടുന്നത് നേരത്തെ അനുകൂലിച്ച മിശ്ര ഇനിയും അനുകൂലിക്കുമോ എന്നതാണ്.
ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ബ്രിജ് മോഹന്‍ ഹരികിഷന്‍ ലോയ എന്ന ജഡ്ജിയുടെ വിയോഗത്തെപ്പറ്റി ഇനി ഒരന്വേഷണവും വേണ്ട എന്ന് വിധിയെഴുതിയ ജഡ്ജിമാരുടെ ബെഞ്ചില്‍ തലവനായിരുന്നു ദീപക് മിശ്ര. ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ പ്രതിയായിരുന്ന ഗുജറാത്തിലെ സൊഹറാബുദ്ദീന്‍ കേസായിരുന്നു അത്. ലോയയുടെ മരണശേഷം കേസ് വിചാരണ ചെയ്ത ജഡ്ജിയാകട്ടെ അമിത് ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്യുകയുണ്ടായി.
പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത് സീനിയോറിറ്റി പ്രശ്‌നവും കേരളത്തിന്റെ അമിത പ്രാധാന്യവും ഒന്നുമല്ല. കേന്ദ്രനിയമമന്ത്രാലയത്തിന്റെ വിഷയം എന്നാണ്.
ഉത്തരാഖണ്ഡില്‍ നിയമസഭ പിരിച്ചുവിട്ട കേന്ദ്ര ഗവണ്‍മെന്റ് തീരുമാനം കഴിഞ്ഞ വര്‍ഷം റദ്ദാക്കിയ അവിടത്തെ ഹൈക്കോടതി ബെഞ്ചിന്റെ തലപ്പത്ത് ജസ്റ്റിസ് കെ.എം. ജോസഫായിരുന്നു. ഹരീഷ് റാവത്തിന്റെ കോണ്‍ഗ്രസ് മന്ത്രിസഭ വീണ്ടും അധികാരത്തില്‍ വന്നത് അങ്ങനെയാണ്.
രാഷ്ട്രീയത്തിന്റെ പേരില്‍ ഇന്ത്യന്‍ ജുഡിഷ്യറിയുടെ മേല്‍ ഇങ്ങനെ നഗ്നമായ കൈയേറ്റം നടത്താന്‍ അധികാരിവര്‍ഗത്തിന് അവസരം നല്‍കാമോ എന്നതാണ് വാസ്തവത്തില്‍ ഉയരേണ്ട ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."