ലിവര്‍ സിറോസിസ് ബാധിതനോട് ഡോക്ടര്‍മാര്‍ മോശമായി പെരുമാറുന്നതായി പരാതി
അന്തിക്കാട്: മണലൂരിലെ ദുരിതാശ്വാസ ക്യാംപില്‍ നിന്ന് ലിവര്‍ സിറോസിസ് ബാധിതനായ ഭര്‍ത്താവിനെ താങ്ങിയെടുത്തു പ്രതിദിനം മെഡിക്കല്‍ കോളജിലെത്തുന്ന വീട്ടമ്മയോട് ഡ്യൂട്ടി ഡോക്ടര്‍മാര്‍ ശകാരവും ഭീഷണിയും നടത്തുന്നതായി പരാതി.
മണലൂര്‍ സ്വദേശി വിജി രമേശാണ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരേ ജില്ലാ കലക്ടര്‍, അനില്‍ അക്കര എം.എല്‍.എ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കിയത്. മണലൂര്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന ലിവര്‍ സിറോസിസ് ബാധിതനായ വിജിയുടെ ഭര്‍ത്താവ് രമേഷിന്റെ ദുരിതാവസ്ഥ സുപ്രഭാതം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രമേശിനു വയറില്‍ വെള്ളം വന്നു നിറയുന്ന അസുഖമാണുള്ളത്. സാധാരണ അവസ്ഥയിലും വയര്‍ വീര്‍ത്ത നിലയിലുള്ള രമേശിനു വെള്ളം വയറില്‍ നിറയുമ്പോള്‍ മരണ വെപ്രാളമാണ്. രാവെന്നോ പകലെന്നോ ഇല്ലാതെ അസുഖം കൂടുമ്പോള്‍ ഭര്‍ത്താവിനെ താങ്ങിയെടുത്ത് വിജി മണലൂരില്‍ നിന്ന് 28 കിലോമീറ്റര്‍ ദൂരത്തേക്ക് ഓട്ടോ വിളിച്ച് ഭര്‍ത്താവിനെ മടിയില്‍ കിടത്തിയാണ് മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നത്. ഭര്‍ത്താവിന്റെ വിഷമതകളില്‍ കണ്ണീരുമായി പരിചരിക്കുന്ന വീട്ടമ്മയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറടങ്ങുന്ന സംഘം രാത്രിയില്‍ ചികിത്സക്കെത്തുന്നതില്‍ വിലക്കിയതായാണ് പരാതി. അഞ്ചു മുതല്‍ ഏഴു ലിറ്റര്‍ വെള്ളം കുത്തിയെടുത്തു കളഞ്ഞാല്‍ മാത്രം മരണവെപ്രാളത്തിലുള്ള രോഗിക്കു അല്‍പം ശമനം ലഭിക്കുമെന്നിരിക്കെ രോഗിയുമായി പകല്‍ സമയത്ത് എത്തിയാല്‍ മതിയെന്നും രാത്രിയില്‍ ഇത്തരം ജോലികള്‍ക്കു തങ്ങളെ കിട്ടില്ലെന്നുമാണ് വനിതാ ഡോക്ടര്‍ അടക്കമുള്ളവര്‍ ഇവരോട് ക്ഷുഭിതരായി പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു.
രാത്രി ഡ്യൂട്ടി ചെയ്യുന്ന മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കെതിരേയുള്ള പരാതികള്‍ നിരവധിയാണ്. രോഗിയായ രമേശിന്ചികിത്സ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നിലവിളിയുമായി വിജി സാമൂഹ്യ പ്രവര്‍ത്തകയും ഡി.ടി.പി.സി ജീവനക്കാരിയുമായ രഞ്ജിനിയുടെ സഹായം തേടുകയായിരുന്നു. രാത്രിയില്‍ തന്നെ ആശുപത്രിയിലെത്തിയ ഇവരുടെ സമ്മര്‍ദ്ദത്തില്‍ മനസില്ലാ മനസോടെ വെള്ളം കുത്തിയെടുക്കാന്‍ എത്തിയ ഡ്യൂട്ടി ഡോക്ടര്‍ ഒ.പി ടിക്കറ്റ് വലിച്ചെറിഞ്ഞു. ഇതോടെ രഞ്ജിനി തന്റെ സഹോദരനെ കൂടി ഇവിടേക്കു വിളിച്ചു വരുത്തി.
അസഭ്യം പറഞ്ഞ് ഒ.പി ടിക്കറ്റ് വലിച്ചെറിഞ്ഞ ഡോക്ടറെ കാണാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ഇങ്ങനെയൊരു ഡോക്ടര്‍ ഇവിടില്ലെന്നും നിങ്ങള്‍ അതൊന്നും അന്വേഷിക്കണ്ട എന്നും പറഞ്ഞ് മറ്റു ഡോക്ടര്‍മാരും രംഗത്തെത്തിയതായി പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് രഞ്ജിനിയുടെ നേതൃത്വത്തില്‍ വിജി ജില്ലാ കലക്ടര്‍ക്കും അനില്‍ അക്കര എം.എല്‍.എ ക്കും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പരാതി നല്‍കിയത്.
പരാതിയില്‍ മോശപ്പെട്ട രീതിയില്‍ സംസാരിച്ച ഡോക്ടറുടെയും ഭീഷണിപ്പെടുത്തി സംസാരിച്ചു എന്നാരോപിക്കുന്ന ലേഡി ഡോക്ടറുടെയും തത്സമയ ചിത്രങ്ങള്‍ സഹിതമാണ് പരാതി. ഇതിനു ശേഷം കഴിഞ്ഞ രാത്രിയില്‍ ഭര്‍ത്താവിനെയുമെടുത്ത് ആശുപത്രിയിലെത്തിയപ്പോള്‍ രോഗിയോട് അടക്കം വീണ്ടും അപമാനകരമായ രീതിയിലും ഭീഷണിയും തുടരുന്നതാണ് മെഡിക്കല്‍ കോളജിനെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുന്നതെന്നും ഇവര്‍ പറഞ്ഞു. രാത്രിയില്‍ പല സന്ദര്‍ഭങ്ങളില്‍ രോഗികളുമായി മെഡിക്കല്‍ കോളജില്‍ എത്തുമ്പോള്‍ വീല്‍ ചെയറും സ്‌ട്രെച്ചറും നല്‍കാതെ ബുദ്ധിമുട്ടിക്കാറുള്ളതായും സാധാരണക്കാരന്റെ ആശ്രയമായ മെഡിക്കല്‍ കോളജില്‍ ജനങ്ങളുടെ അവകാശമായ ചികിത്സക്ക് ഒരു വിഭാഗം ഡോക്ടര്‍മാരുടെ നിരുത്തരവാദപരമായ പ്രവൃത്തികള്‍ക്ക് അധികാരികള്‍ തടയിടണമെന്നും രഞ്ജിനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."