ഇ. അഹമ്മദിന്റെ മരണശയ്യയിലേക്കും ഫാസിസം കടന്നുവന്നു: കെ.പി.എ മജീദ്
കോഴിക്കോട്: മരണശയ്യയിലേക്കും ഫാസിസം കടന്നുവന്നതിന്റെ ഭീകരമായ ഉദാഹരണമായിരുന്നു ഇ. അഹമ്മദിന്റെ അന്ത്യനിമിഷങ്ങളില്‍ ആശുപത്രിയിലുണ്ടായ ഇടപെടലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. നളന്ദ ഓഡിറ്റോറിയത്തില്‍ ഇ. അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് ഇത്രയും മുതിര്‍ന്ന പാര്‍ലമെന്റ് അംഗത്തോട് അനാദരവ് കാണിച്ചത്. അതൊരിക്കലും ന്യായീകരിക്കാനാകാത്ത തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇ. അഹമ്മദിനെ ഓര്‍ക്കുന്നത് ഒരു കാലഘട്ടത്തെ അനുസ്മരിക്കുന്നതിനു സമാനമാണെന്ന് അബ്ദുസ്സമദ് സമദാനി അനുസ്മരിച്ചു. ഒരിക്കലും അദ്ദേഹം വെറുതെയിരിക്കുന്നത് ആര്‍ക്കും കാണാനാവില്ലെന്നും ഓരോ നിമിഷവും കര്‍മനിരതനാകുന്ന അദ്ദേഹത്തെ പോലെ മറ്റൊരാളില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യതാല്‍പര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച വലിയ നേതാവായിരുന്നു ഇ. അഹമ്മദെന്നും കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും തന്റെ പ്രവൃത്തിയില്‍ ചെറിയൊരു തെറ്റുപോലും വരാതെ സൂക്ഷിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ മഹത്വമായിരുന്നെന്നും ലോക്‌സഭാ സെക്രട്ടറി ജനറലായിരുന്ന പി.ഡി.ടി ആചാര്യ പറഞ്ഞു. ചടങ്ങ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്ര എം.എല്‍.എയും മുന്‍ എം.പിയുമായ അബു ആസിം ആസിമി മുഖ്യാതിഥിയായി. ഡോ. എം.കെ മുനീര്‍, പി.കെ.കെ ബാവ, എം.സി മായിന്‍ ഹാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഭീമാപള്ളി റഷീദ്, കെ.എസ് ഹംസ, സി.പി ചെറിയമുഹമ്മദ്, എം.എ റസാഖ് മാസ്റ്റര്‍, ടി.പി.എം സാഹിര്‍, പാറക്കല്‍ അബ്ദുല്ല, യു.സി രാമന്‍, ഉമര്‍ പാണ്ടികശാല സംബന്ധിച്ചു. പി.എം.എ സലാം സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."