ഡിവൈ.എസ്.പിയെ എസ്.പിയാക്കാന്‍ അസോസിയേഷന്‍ നേതാക്കളുടെ പണപ്പിരിവ്
തിരുവനന്തപുരം: ഡിവൈ.എസ്.പിയെ എസ്.പിയാക്കാന്‍ കേരള പൊലിസ് അസോസിയേഷന്‍ നേതാക്കള്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനായി ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങിയെന്ന് പൊലിസ് ടെലികമ്മ്യൂണിക്കേഷനിലെ ഒരുവിഭാഗം പൊലിസ് ഉദ്യോഗസ്ഥര്‍ രേഖാമൂലം ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോട് ആഭ്യന്തര സെക്രട്ടറി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ എസ്.പി ഡി.രാജനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.
അന്വേഷണത്തിന്റെ ഭാഗമായി ടെലികമ്യൂണിക്കേഷന്‍ ഡി.വൈ.എസ്.പി, ജില്ലകളിലെ ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്.ഐ എന്നിവരോട് അവരുടെ ഓഫിസിലെ പൊലിസുകാര്‍ക്ക് ഈ ആരോപണത്തില്‍ തെളിവോ മൊഴിയോ നല്‍കാനുണ്ടെങ്കില്‍ അതു ശേഖരിച്ച് ഏഴു ദിവസത്തിനകം കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.ഒരു സീനിയര്‍ ഡിവൈ.എസ്.പി, എസ്.പിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി പൊലിസ് അസോസിയേഷന്‍ നേതാക്കള്‍ വഴി ശ്രമിച്ചുവരികയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു നല്‍കാനെന്ന പേരില്‍ നേതാക്കള്‍ 25 ലക്ഷം രൂപ ആവശ്യപ്പെടുകയും അതില്‍ അഞ്ചു ലക്ഷം ജില്ലാ നേതാക്കള്‍ വഴി ചില സംസ്ഥാന നേതാക്കള്‍ കൈപ്പറ്റുകയും ചെയ്തുവെന്നും പൊലിസുകാര്‍ ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതിനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ ഉദ്യോഗസ്ഥന് എസ്.പിയാകാന്‍ മതിയായ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി അന്നത്തെ ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം തള്ളുകയായിരുന്നു.
അതിനാലാണ് ഇപ്പോഴത്തെ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. അതേ സമയം പരാതി അട്ടിമറിക്കാനാണ് സംസ്ഥാന പൊലിസ് മേധാവിയുടെ ശ്രമമെന്നും ടെലികമ്മ്യൂണിക്കേഷനു പുറത്തുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ മാത്രമേ തെളിവു നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നുമാണു പൊലിസുകാരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."