കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാല്‍
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്റെ സുപ്രധാന ഘടകമാണ് മുലപ്പാല്‍. ശൈശവദശയില്‍ കുഞ്ഞിനുവേണ്ട എല്ലാ പോഷകങ്ങളും ലഭിക്കുന്നത് മുലപ്പാലിലൂടെയാണ്. പ്രസവം നടക്കുന്നതോടെ മാതാവ് പാല്‍ ചുരത്തിത്തുടങ്ങും. പ്രകൃതിയുടെ നിയന്ത്രണത്തിലുള്ള അത്ഭുത പ്രതിഭാസമാണിത്.
സാധാരണ പ്രസവം നടക്കുമ്പോഴാണ് കുഞ്ഞിനാവശ്യമായ മുലപ്പാല്‍ ഉണ്ടാകുക. ഉത്കണ്ഠ, മാനസിക സംഘര്‍ഷം, സിസേറിയന്‍ തുടങ്ങിയ അവസ്ഥയില്‍ ഇതിനുമാറ്റം സംഭവിക്കാറുണ്ട്.
പ്രസവത്തിനു ശേഷം ആദ്യമുണ്ടാകുന്ന പാലാണ് കൊളസ്ട്രം. ഇളം മഞ്ഞ നിറത്തിലുള്ള കൊളസ്ട്രം കുഞ്ഞിന് തീര്‍ച്ചയായും കൊടുക്കണം. ആന്റിബോഡികള്‍ അടങ്ങിയ ഇവ ഉത്തമ പ്രതിരോധ ഔഷധം കൂടിയാണ്. കുഞ്ഞിന് ആദ്യമായി നല്‍കുന്ന വാക്‌സിന്‍ കൂടിയാണ് ഇത്.
മുലയൂട്ടല്‍
മുലയൂട്ടലിനു വേണ്ടി മാതാവ് ഗര്‍ഭകാലത്തു തന്നെ തയാറെടുക്കണം. മുലക്കണ്ണുകളുടെ പരിശോധന ഗര്‍ഭകാലത്തു നടത്തണം. ഉള്‍വലിഞ്ഞു നില്‍ക്കുന്ന നിലയിലുള്ള മുലക്കണ്ണുകളാണ് ചിലരുടെ പ്രശ്‌നം. ഇതു ചികിത്സിച്ചു ഭേദപ്പെടുത്താം. ലനോലിന്‍ ഓയിന്‍മെന്റു പോലുള്ളവ ഉപയോഗിച്ചു രണ്ടു നേരം തടവിയാണ് ഈ അവസ്ഥയെ ചികിത്സിക്കുന്നത്.
മുലപ്പാലിന്റെ അളവ് കുറഞ്ഞാല്‍...
പ്രസവ സമയത്തു നല്‍കുന്ന ചില മരുന്നുകള്‍ മുലപ്പാലിന്റെ അളവു കുറയ്ക്കാറുണ്ട്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഈസ്ട്രജന്റെ സാന്നിധ്യമാണിതിനു കാരണം. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, സ്തന ശസ്ത്രക്രിയ തുടങ്ങിയവ മുലപ്പാല്‍ ഉണ്ടാകുന്നതു കുറയാന്‍ ഇടയാക്കാറുണ്ട്.
മുലപ്പാല്‍ കുറയുന്നതായി അനുഭവപ്പെടുന്ന സ്ത്രീകള്‍ ഉണ്ടാകുന്ന പാല്‍ പൂര്‍ണമായും കുഞ്ഞിനു നല്‍കാന്‍ ശ്രദ്ധിക്കണം. ഇതിനായി സ്തനത്തിലെ അരിയോള എന്ന ഭാഗം (മുലക്കണ്ണിനു ചുറ്റും കറുത്ത വട്ടത്തിലുള്ള ഭാഗം) പൂര്‍ണമായും മുലയൂട്ടുമ്പോള്‍ കുഞ്ഞിന്റെ വായില്‍ വയ്ക്കുക. എങ്കിലേ കുഞ്ഞിനു പാല്‍ പൂര്‍ണമായും കുടിക്കാനാകൂ. മുലയൂട്ടുമ്പോള്‍ യഥാര്‍ഥ പൊസിഷനില്‍ കുഞ്ഞിനെ കിടത്തുകയും വേണം. ഇതിലുണ്ടാകുന്ന അപാകത കുഞ്ഞിനു വേണ്ടത്ര പാല്‍ ലഭിക്കാതെ വരാന്‍ കാരണമാകും.
പ്രധാനമായും മൂന്നു മാര്‍ഗങ്ങളിലൂടെയാണ് ഇക്കാര്യം മനസിലാക്കാന്‍ കഴിയുക. ആദ്യ മൂന്നു മാസം 30 ഗ്രാം മുലപ്പാലാണ് കുഞ്ഞിനു ദിവസവും നല്‍കേണ്ടത്. മൂന്നു മുതല്‍ ആറുമാസം വരെ 20 ഗ്രാം മുലപ്പാല്‍ പ്രതിദിനം മതിയാകും. തൂക്കക്കുറവുള്ള നവജാത ശിശുക്കളുടെ കാര്യത്തില്‍ ചിലപ്പോള്‍ ഈ അളവ് കൃത്യമായി നല്‍കാന്‍ കഴിയാറില്ല. 14 ദിവസം വരെ ഇന്‍ക്യുബേറ്ററില്‍ കിടത്തേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്.
ആദ്യമാസം കുഞ്ഞ് ദിവസം മൂന്നു തവണവരെ വിസര്‍ജനം നടത്താറുണ്ട്. ഇളം മഞ്ഞ നിറത്തിലുള്ളവയാണ് ആരോഗ്യമുള്ള കുഞ്ഞിനു പ്രസവിച്ച് അഞ്ചു ദിവസം വരെ ഉണ്ടാകുക.
ഒരു മാസം കഴിയുമ്പോള്‍ നിറം മാറ്റംവരും. രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ ഇടവിട്ടു കുഞ്ഞിനെ മുലയൂട്ടണം. ദിവസം എട്ടു തവണയെങ്കിലും ഇതുതുടരണം. കുഞ്ഞിന്റെ വായില്‍ പാല്‍ പറ്റിപ്പിടിച്ചു കിടക്കുന്നതു കാണാം. ദിവസം അഞ്ചു മുതല്‍ ആറു തവണവരെ കുഞ്ഞു മൂത്രമൊഴിക്കുകയും ചെയ്യും.
മുലപ്പാല്‍ എങ്ങനെ വര്‍ധിപ്പിക്കാം?
ആവശ്യമായ മുലപ്പാല്‍ ലഭിക്കുന്നില്ലെന്നു തോന്നിയാല്‍ കുഞ്ഞിനെ ഇടയ്ക്കിടെ മുലയൂട്ടണം. ഇതു കൂടുതല്‍ മുലപ്പാല്‍ ഉല്‍പാദിപ്പിക്കാന്‍ കാരണമാകും. ഇരു സ്തനങ്ങളും മാറി മാറി കുഞ്ഞിനു കുടിയ്ക്കാന്‍ നല്‍കണം. യഥാര്‍ഥ പൊസിഷനില്‍ കുഞ്ഞിന് മുലയൂട്ടുക എന്നതാണ് പ്രധാനം.
കുഞ്ഞിന്റെ കവിള്‍ സ്തനത്തോട് ചേര്‍ത്തു പിടിക്കണം. മുല നുണയുമ്പോഴുണ്ടാകുന്ന റൂട്ടിങ് റിഫ്‌ളക്‌സ് മൂലമാണ് സ്തനം പാല്‍ ചുരത്തുന്നത്. സക്കിങ് റിഫ്‌ളക്‌സ് വരുന്നതോടെ കുഞ്ഞിനു പാല്‍ കുടിയ്ക്കാനാകും. പാല്‍ ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നത് കുഞ്ഞിന് ജന്മസിദ്ധമായി ലഭിക്കുന്ന അറിവാണ്.
അരിയോള എന്നറിയപ്പെടുന്ന ഭാഗത്താണ് പാല്‍ഗ്രന്ഥികള്‍ സ്ഥിതിചെയ്യുന്നത്. ഇത്തരം നിരവധി ഗ്രന്ഥികളാണ് മുലക്കണ്ണിലേക്കു തുറക്കുന്നത്. വിവിധ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന പാല്‍ കണികകള്‍ ഒന്നടങ്കം പുറത്തുവരുന്നത് മുലക്കണ്ണിലൂടെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."