കൊയ്‌തൊഴിഞ്ഞ പാടങ്ങളിലെ പുല്‍നാമ്പുകള്‍ തേടി ചെമ്മരിയാട്ടിന്‍ കൂട്ടങ്ങളെത്തി
പാലക്കാട്: കൊയ്‌തൊഴിഞ്ഞ പാടങ്ങളിലെ പുതുപുല്‍നാമ്പുകള്‍ തേടി അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ചെമ്മരിയാട്ടിന്‍ കൂട്ടങ്ങളെത്തിതുടങ്ങി. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, മധുര, രാമപുരം എന്നീ സ്ഥലങ്ങളില്‍ നിന്നും ആയിരക്കണക്കിന് ചെമ്മരിയാടുകളാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ പാലക്കാടിലെ കൊയ്‌തൊഴിഞ്ഞ പാടശേഖരങ്ങളിലേക്ക് എത്തുന്നത്.
തമിഴ്‌നാട്ടിലെ വരള്‍ച്ചയില്‍ നിന്ന് രക്ഷ നേടാനും, ആഹാരാവശ്യത്തിനുമാണ് ആടുകളെ ഉടമസ്ഥര്‍ ഇവിടേക്കെത്തിക്കുന്നത്. ഈ സമയങ്ങളിലാണ് പാലക്കാട്ടില്‍ പാടങ്ങള്‍ കൊയ്ത്ത് കഴിഞ്ഞ് തരിശായിടും. പിന്നീട് പെയ്യുന്ന വേനല്‍മഴകളില്‍ തരിശുനിലങ്ങള്‍ തളിര്‍ക്കുകയും ചെയ്യുന്നു. ഇവ ആഹാരമാക്കാന്‍ എത്തുന്ന ചെമ്മരിയാടുകളെ ദിവസങ്ങളോളം പാടങ്ങളില്‍ താല്‍കാലിക കൂട് നിര്‍മിച്ച് പരിപാലിക്കുകയും തുടര്‍ന്ന് ഇടയന്‍മാര്‍ കുടുംബങ്ങളുമായി ചെറിയ ടെന്റുകളില്‍ താമസമാക്കുകയും ചെയ്യുന്നു. സഹായത്തിനായി രണ്ടോ മൂന്നോ സഹായികളെ കൊണ്ടു വരാറുണ്ട്. മാത്രമല്ല ചെമ്മരിയാടുകളെ സംരക്ഷിക്കുന്നതിനായി നായകളെ വളര്‍ത്തുകയും ചെയ്യുന്നു. ആടിന്റെ രോമത്തിനും ഇറച്ചിക്കും കാഷ്ഠത്തിനും നിറയെ ആവശ്യക്കാരുള്ളതിനാല്‍ നല്ല ലാഭവും ഈ ആടുവളര്‍ത്തലില്‍ നിന്നും ലഭിക്കുന്നു.
ചെമ്മരിയാടിന്റെ കാഷ്ഠം കൃഷി ആവശ്യങ്ങള്‍ക്ക് വളമായി ഉപയോഗിക്കുന്നതിനാല്‍ പാടങ്ങളില്‍ മേച്ചിലിനായി വിടുമ്പോഴും പരിപാലിപ്പിക്കുമ്പോഴും ഇവയുടെ കാഷ്ഠം പാടങ്ങള്‍ക്ക് വളമാകാറുണ്ട ്. തുടര്‍ന്ന് അടുത്തതായി ചെയ്യുന്ന കൃഷിക്ക് ഇത് നല്ലൊരു ജൈവവളമാവുകയും, വിളവെടുപ്പ് നല്ല ആദായകരമാവുകയും ചെയ്യുന്നു. ഇതിനു പ്രതിഫലമായി കൃഷി ഉടമസ്ഥര്‍ ആട്ടുടമകള്‍ക്ക് നിശ്ചിത തുകയും നല്‍കാറുണ്ട്. ടെന്റ് നിര്‍മിക്കുന്നതിനും ആഹാരാവശ്യങ്ങള്‍ക്കും ആടുകളുടെ ചികിത്സക്കും മറ്റ് ആവശ്യങ്ങള്‍ക്കായും ഇടയന്മാര്‍ ഈ തുകയില്‍ നിന്നുമാണ് പണം ചെലവഴിക്കുന്നത്. അധികനാള്‍ താമസിക്കേണ്ടിവരുന്നതിനാല്‍ കുടുംബത്തേയും കൊണ്ടാണ് വരുന്നത്് . ഇങ്ങനെ സ്വന്തം നാടുവിട്ട് ഇവിടെ വന്ന് താമസിക്കുമ്പോള്‍ നിരവധി പ്രശ്‌നങ്ങളാണ് ആരോഗ്യകരമായും സാമ്പത്തികമായും ഇവര്‍ അനുഭവിക്കുന്നത്. സ്ത്രീകളും കുട്ടികളുമാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്.
ഒരു പ്രദേശത്തുള്ള പാടങ്ങളിലെ പുല്ലും വയ്‌ക്കോലുമെല്ലാം ആഹാരമാക്കി പിന്നീട് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി ഇവര്‍ പോകുന്നു. എല്ലാ പ്രദേശങ്ങളിലെ പാടങ്ങളിലും പറമ്പുകളിലും താമസിച്ച് ആടുകള്‍ക്ക് തീറ്റകള്‍ നല്‍കി സ്വന്തം നാട്ടിലെ വരള്‍ച്ച തീരും വരെ ഇവര്‍ കേരളത്തിലെ കൃഷിയിടങ്ങളില്‍ തമ്പടിക്കും. ഇവിടെയുള്ള പാടങ്ങളില്‍ വിളവിറക്കാനുള്ള സമയമാകുമ്പോള്‍ ആടുകളും ഇടയന്മാരും സ്വന്തം നാട്ടിലേക്ക് യാത്രയാകും. സംസ്ഥാനത്തെ ജൈവകൃഷി പരിപോഷിപ്പിക്കുന്നതിനായും നല്ല രീതിയിലുള്ള മൃഗപരിപാലനത്തിനും വളരെയേറെ മുതല്‍ക്കൂട്ടാവുകയാണ് ഇത്തരം സമ്പ്രദായങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."