ഉത്സവങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതായി പരാതി
കൊച്ചി: പ്രായോഗികമല്ലാത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ഉത്സവാഘോഷങ്ങളും വെടിക്കെട്ടും ആന എഴുന്നെളളിപ്പും ഇല്ലാതാക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്നതായി കേരള ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കേരളത്തിന്റെ സാംസ്‌കാരിക തനിമയും പൈതൃകവും ഇല്ലാതാക്കാനുളള ഗൂഡാലോചനയുടെ ഭാഗമാണിത്. നാട്ടാനകളില്‍ ഏറ്റവും പ്രശസ്തിയുളള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അനാവശ്യ വിവാദങ്ങളില്‍ പെടുത്തി ഉത്സവ ആഘോഷങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ചില വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് ആന എഴുന്നെളളിപ്പ് തന്നെ ഇല്ലാതാക്കാനാണ്.
മരട് ഭഗവതി ക്ഷേത്രത്തില്‍ വെടിക്കെട്ടിനുളള അനുമതിക്കായി വളരെ നേരത്തെ തന്നെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും കഴിഞ്ഞ അഞ്ചിന് സാമ്പിള്‍ വെടിക്കെട്ട് നടക്കാനിരിക്കെ തൊട്ട് തലേന്ന് വൈകിട്ട് മൂന്നു മണിക്കാണ് നിരോധന ഉത്തരവ് വന്നത്. ഉത്സവാഘോഷ ചടങ്ങുകള്‍ നടത്താന്‍ ഹൈക്കോടതിയെ സമീപിക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്.
ഇത്തരം അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കി ജില്ലയിലെ ആനകളെ എഴുന്നെളളിക്കുന്ന 510 ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങള്‍ വെടിക്കെട്ടുള്‍പ്പെടെ സുരക്ഷിതമായി നടത്താന്‍ അനുവദിക്കണമെന്നും ജനപ്രതിനിധികള്‍ ഇക്കാര്യങ്ങളില്‍ ഇടപെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി വല്‍സന്‍ ചമ്പക്കര, ജില്ലാ സെക്രട്ടറി കെ.ആര്‍ സജീഷ്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ അനന്തപത്മനാഭന്‍, എസ് മോഹന്‍കുമാര്‍, പി.ജി ദിലീപ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."