ആശ്വാസമായി കണ്‍സ്യൂമര്‍ഫെഡില്‍ 30 ശതമാനം വിലക്കുറവുമായി റമദാന്‍ വിപണി
ഒലവക്കോട്: പൊതുവിപണിയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡിന്റെ റമദാന്‍ വിപണി 26 മുതല്‍ ആരംഭിക്കും. 10 ദിവസം നീണ്ടുനില്‍ക്കുന്ന ചന്തയില്‍ 12 ഇനങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനംവരെ വിലക്കുറവുണ്ടാകും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തിങ്കളാഴ്ച കണ്‍സ്യൂമര്‍ഫെഡിന്റെ ഓഫിസുകളില്‍ എത്തിയിരുന്നു.
ജയ, മട്ട, കുറുവ അരി, പച്ചരി, പഞ്ചസാര, മുളക്, കടല, വെളിച്ചണ്ണ, വന്‍പയര്‍, ഉഴുന്ന്, ചെറുപയര്‍, തുവരപരിപ്പ്, മല്ലി എന്നിവയാണ് 26 മുതല്‍ വിലക്കുറവില്‍ ലഭിക്കുക. കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും സബ്‌സിഡി സാധനങ്ങള്‍ ലഭ്യമാക്കും.
ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വാങ്ങിയാണ് വിപണി വിലയില്‍നിന്ന് വിലകുറച്ച് നല്‍കുന്നത്. പൊതുമാര്‍ക്കറ്റില്‍ റമദാന്‍ പ്രമാണിച്ച് വിലക്കയറ്റം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കണ്‍സ്യൂമര്‍ഫെഡ് വിപണിയില്‍ ഇടപെടാന്‍ തീരുമാനിച്ചത്. സാധനങ്ങള്‍ക്ക് തോന്നിയപോലെ വിലവര്‍ധിപ്പിച്ച് കൊള്ളയടിക്കുന്ന സംവിധാനത്തിന് ഇത്തവണ അറുതിയാകുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
കണ്‍സ്യൂമര്‍ഫെഡിന്റെ ഷോപ്പുകളിലും സബ്‌സിഡി സാധനങ്ങള്‍ എത്തുന്നതോടെ വിപണിയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയും.
വിപണി വിലയേക്കാള്‍ 20 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലാണ് മാവേലി സ്‌റ്റോറുകളില്‍ ഇപ്പോള്‍ സാധനങ്ങള്‍ ലഭിക്കുന്നത്. പൊതുവിപണിയില്‍ 181 രൂപ വിലയുള്ള ഉഴുന്നുപരിപ്പിന് മാവേലി സ്‌റ്റോറില്‍ 66 രൂപമാത്രമാണ്.
162 രൂപയുടെ വറ്റല്‍ മുളകിന് 75 രൂപയും 115 രൂപയുടെ മല്ലി 92 രൂപയ്ക്കും ലഭിക്കും. 107 രൂപയുടെ ചെറുപയര്‍ 74 രൂപയും 159 രൂപയുടെ തുവര പരിപ്പ് 65 രൂപയ്ക്കും കിട്ടും. 40 രൂപയുടെ പഞ്ചാസാര 23 രൂപയ്ക്കും കിട്ടും. കടലക്ക് 43 രൂപയാണ്.
കൂടാതെ പച്ചരി, ജയ അരി, മട്ട, കുറുവ എന്നിവയ്ക്കും സബ്‌സിഡിയുണ്ട്. പച്ചക്കറി വിലകുറച്ച് കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ഹോര്‍ട്ടികോര്‍പ്പ്‌വഴി 15 ഇനം പച്ചക്കറികള്‍ക്ക് 30 ശതമാനം വിലക്കുറവില്‍ വില്‍പ്പന നടത്തും. ത്രിവേണി സ്‌റ്റോറുകള്‍വഴിയും 23 മുതല്‍ വിലക്കുറവില്‍ പച്ചക്കറി വില്‍പ്പന ആരംഭിക്കും.
ആദ്യഘട്ടത്തില്‍ പാലക്കാട് കോട്ടമൈതാനത്തുള്ള ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിലാണ് പച്ചക്കറി വില്‍പ്പന ആരംഭിക്കുക. തുടര്‍ന്ന് ആലത്തൂര്‍, കൂറ്റനാട് തുടങ്ങിയ കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും പച്ചക്കറി വില്‍പ്പന ആരംഭിക്കും. ത്രിവേണി, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ സംയുക്ത സംരംഭമായാണ് പച്ചക്കറി ചന്തകള്‍ പ്രവര്‍ത്തനം ആരംഭിക്കുക. ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് വിപണിയില്‍നിന്നും പച്ചക്കറി സംഭരിച്ചാണ് ത്രിവേണി സ്‌റ്റോറുകള്‍വഴി വിതരണം നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."