ഇതാ, ലോകത്തിലെ 'വിലയേറിയ' കറന്‍സി
സ്വന്തം ലേഖകന്‍
കോഴിക്കോട്: കുറ്റിച്ചിറയിലെ പി.കെ.എം കോയ ഒരര്‍ഥത്തില്‍ ലക്ഷാധിപതിയാണ്. കോയയുടെ പക്കലുള്ള ഒറ്റ കറന്‍സി മതി ഈ ലക്ഷം പട്ടത്തിനായി. തുര്‍ക്കിയുടെ 50 ലക്ഷം മില്യന്‍ ലിറയുടെ കറന്‍സിയാണ് കോയയെ പേരില്‍ മാത്രം ലക്ഷാധിപതിയാക്കിയിരിക്കുന്നത്.
ലോകത്തെ മിക്ക രാജ്യങ്ങളിലെയും വ്യത്യസ്തമായ കറന്‍സികളും നാണയങ്ങളും കോയയുടെ ശേഖരത്തിലുണ്ട്. ഇതില്‍ പല കറന്‍സികളും നാണയങ്ങളും ഇന്ന് നിലവിലുള്ളതുമല്ല. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സി രണ്ടായിരം രൂപയുടെതാണെങ്കില്‍ മറ്റു രാജ്യങ്ങളില്‍ ആയിരത്തിന്റെയും പതിനായിരത്തിന്റെയും കറന്‍സി മാത്രമല്ല ലക്ഷങ്ങളുടെ നോട്ടുമുണ്ട്.
അതില്‍ അപൂര്‍വമായ കറന്‍സിയാണ് തുര്‍ക്കിയുടെ 50 ലക്ഷം മില്യന്‍ ലിറയുടേത്. തുര്‍ക്കിയുടെ 10 ലക്ഷം മില്യന്‍ ലിറയുടെ കറന്‍സികളും കോയയുടെ പക്കലുണ്ട്. കൂടാതെ ജോര്‍ദ്ദാന്‍, കൊറിയ, ലബനാന്‍, നൈജീരിയ, അങ്കോള, ഉഗാണ്ട തുടങ്ങി എണ്‍പതോളം രാജ്യങ്ങളിലെ കറന്‍സിയും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. പാകിസ്താനിലെ മുഹമ്മദലി ജിന്ന, ബംഗ്ലാദേശിലെ മുജീബ് റഹ്മാന്‍, ലിബിയയുടെ ഖദ്ദാഫി എന്നിവരുടെ പടമുള്ള നോട്ടുകളും കഅ്ബ, ബൈത്തുല്‍ മുഖദ്ദിസ് നോട്ടുകളും കേയയുടെ പക്കലുണ്ട്.
കൂടാതെ ഇന്ത്യയുടെ ഏറ്റവും വിലയേറിയ നാണയമായ 1000 രൂപയുടെ വെള്ളിനാണയവും കോയയുടെ ശേഖരത്തിന് മാറ്റ് കൂട്ടുന്നുണ്ട്, സ്വന്തമാക്കിയപ്പോള്‍ ഈ നാണയത്തിന്റെ മൂല്യം 4775 രൂപയായിരുന്നു. തമിഴ്‌നാട്ടിലെ പ്രശസ്തമായ തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രം നിര്‍മിച്ചതിന്റെ 1000ാം വാര്‍ഷികത്തിന്റെ സ്മരണികയായിട്ടായിരുന്നു ഈ നാണയം പുറത്തിറക്കിയത്. ഇപ്പോള്‍ ഈ നാണയത്തിന് പൊന്നുംവിലയാണ്. 4.4 സെന്റീമിറ്റര്‍ ചുറ്റളവും 35 ഗ്രാം ഭാരവുമുള്ള ഈ നാണയത്തിന്റെ 80 ശതമാനവും വെള്ളിയാണ്.
സ്വാതന്ത്രത്തിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് 1972ല്‍ പുറത്തിറക്കിയ ദേശീയ പതാക ആലേഖനം ചെയ്ത വലിയ പത്ത് രൂപാ നാണവും നിധിപോലെ സൂക്ഷിക്കുന്നുണ്ട് കോയ. നാണയത്തിനു പുറമെ സ്റ്റാമ്പ് ശേഖരവും പി.കെ.എം കോയയുടെ പക്കലുണ്ട്.
മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ലൈബ്രേറിയനായിരുന്ന കോയ 1997ലാണ് വിരമിച്ചത്. പിന്നെ നാണയശേഖരണത്തിലായിരുന്നു കൂടുതലും ശ്രദ്ധ പതിപ്പിച്ചത്. 'കുറ്റിച്ചിറ പൈതൃകത്തിന്റെ നാട്' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."