പിതാവ് മകനെ തലയ്ക്കടിച്ചു കൊന്ന സംഭവം; ഞെട്ടല്‍ മാറാതെ മരുതല ഗ്രാമം
പെരിന്തല്‍മണ്ണ: പിതാവ് മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടല്‍ മാറാതെ മരുതല ഗ്രാമം.
ഞായറാഴ്ച രാത്രി 12നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിനകത്തെ അടുക്കളയിലാണ് തലയ്ക്കടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
രാവിലെ സംഭവം കേട്ടറിഞ്ഞ നൂറുകണക്കിനാളുകള്‍ പ്രദേശത്തു തടിച്ചുകൂടി. മദ്യപിച്ചെത്തുന്ന നൗഷാദ് വീട്ടില്‍ നിത്യവും വഴക്കുണ്ടാക്കാറുള്ളതായി അയല്‍വാസികള്‍ പറഞ്ഞു. ഇതില്‍ സഹികെട്ടു പിതാവ് മുഹമ്മദ് മകന് നൗഷാദ് ബാബുവിനെ കൊലപ്പെടുത്തിയെന്നാണ് നിഗമനം. വടികൊണ്ടു തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.
സംഭവസമയത്തു നൗഷാദ് ബാബുവിന്റെ മാതാവ് സുലൈഖയും സഹോദരന് ഹിദായത്തുല്ലയും വീട്ടിലുണ്ടായിരുന്നു.
സംഭവത്തെ തുടര്‍ന്നു മുഹമ്മദിനെയും ഹിദായത്തുല്ലയെയും പെരിന്തല്‍മണ്ണ പൊലിസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, ഹിദായത്തുല്ലയ്ക്കു സംഭവത്തില്‍ പങ്കില്ലെന്ന് പൊലിസ് പറയുന്നുണ്ട്. സി.ഐ ഷാജു കെ. എബ്രഹാം, എസ്.ഐ കെ. പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മരുതല ജുമാമസ്ജിദില്‍ മറവ് ചെയ്തു. ഓട്ടോ തൊഴിലാളിയായ നൗഷാദ് ബാബു രണ്ടു വിവാഹം കഴിച്ചിരുന്നു. ഭാര്യമാര്‍ രണ്ടു പേരും ഉപേക്ഷിച്ചുപോയതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."