കാറ്റും ഇടിമിന്നലും; ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
കോഴിക്കോട്/ കാസര്‍കോട്: കേരളത്തില്‍ ആറു ജില്ലകളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും മഴക്കും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഇന്നുമുതല്‍ രണ്ടുദിവസത്തേക്കാണ് ജാഗ്രതാനിര്‍ദേശം. ആറു ജില്ലകളില്‍ കനത്ത നാശം വിതയ്ക്കുന്ന കൊടുങ്കാറ്റിനുസാധ്യതയുണ്ടെന്നു കേന്ദ്ര, സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളുടെ മുന്നറിയിപ്പുണ്ട്.
ഇതേത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലാ അധികൃതര്‍ക്കു ദുരന്തനിവാരണ അതോറിറ്റി അതീവജാഗ്രതാനിര്‍ദേശം നല്കി. അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു തയാറായിരിക്കാന്‍ വിവിധ വകുപ്പുകള്‍ക്കും നിര്‍ദേശം നല്കി.
അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ഉപരിവായു ചക്രവാതച്ചുഴി കാരണമാണ് സംസ്ഥാനത്ത് കനത്തമഴയ്ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ അറബിക്കടിലിനു മുകളില്‍ അഞ്ച് മുതല്‍ 12.5 ഡിഗ്രിവരെ മഴയ്ക്ക് കാരണമായ മേഘങ്ങള്‍ രൂപ്പപ്പെട്ടിട്ടുണ്ട്. കൂടാതെ മാലദ്വീപ്- ലക്ഷദ്വീപ് മേഖലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 3.1 കി.മി ഉയരത്തില്‍ മറ്റൊരു ചക്രവാതചുഴിയും രൂപംകൊണ്ടു. ഇത് തെക്കുകിഴക്ക് അറബിക്കടലിലേക്ക് നീങ്ങിയതും മഴസാധ്യത വര്‍ധിപ്പിക്കുന്നു. തെക്കന്‍ കേരളത്തില്‍ 50 മുതല്‍ 90 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."