ഹുസ്‌നി മുബാറക്കിനെ മോചിപ്പിക്കുന്നു; അടുത്ത ദിവസം തന്നെ വീട്ടിലേക്കു മടങ്ങിയേക്കും
കെയ്‌റോ: മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറകിനെ അദ്ദേഹം കഴിയുന്ന കെയ്‌റോ സൈനികാശുപത്രിയിലെ തടവുകേന്ദ്രത്തില്‍ നിന്നും മോചിപ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. 2011ലെ വിപ്ലവത്തിനിടെ പ്രകടനക്കാരെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം വീട്ടിലേക്ക് മടങ്ങാമെന്ന് മുബാറകിന്റെ അഭിഭാഷകന്‍ ഫരീദ് ദീബ് മാധ്യമങ്ങളോട് പറഞ്ഞു. നാളെയോ തൊട്ടടുത്ത ദിവസമോ അദ്ദേഹം വീട്ടിലേക്ക് മടങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം അനധികൃത സ്വത്തുസമ്പാദന കേസ് നിലനില്‍ക്കുന്നതിനാല്‍ രാജ്യം വിട്ടുപോകുന്നതിനുള്ള വിലക്ക് അദ്ദേഹത്തിന്റെ മേല്‍ തുടരുമെന്നും അഭിഭാഷകന്‍ പറഞ്ഞു.
2011 ജനുവരി 25നു നടന്ന വിപ്ലവത്തിനിടെ 239 പ്രകടനക്കാരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കെയ്‌റോ ക്രിമിനല്‍ കോടതി 2012 ജൂണില്‍ മുബാറകിന് ജീവപര്യന്തം വിധിച്ചിരുന്നു. എന്നാല്‍ പ്രസ്തുത വിധിയെ അപ്പീല്‍ കോടതി റദ്ദാക്കുകയും കെയ്‌റോ ക്രിമിനല്‍ കോടതിയുടെ മറ്റൊരു വൃത്തത്തില്‍ പുനര്‍വിചാരണ ആവശ്യപ്പെടുകയും ചെയ്തു.
അതിനിടെ മുബാറക്കിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഈജിപ്തില്‍ പ്രതിഷേധം തുടരുകയാണ്. വിപ്ലവത്തിനിടെ കൊല്ലപ്പട്ടവരുടെ ബന്ധുക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."