പൊലിസിലെ അച്ചടക്കലംഘനം അംഗീകരിക്കുന്ന നടപടി ഗുരുതരമെന്ന് ഉമ്മന്‍ചാണ്ടി
കൊച്ചി: പൊലിസിലെ അച്ചടക്ക ലംഘനവും നിയമലംഘനങ്ങളും ഭരണമുന്നണിക്ക് അനുകൂലമാണെങ്കില്‍ അവയൊക്കെ അംഗീകരിക്കുന്ന നടപടി ഗുരുതരമായ ഭവിഷ്യത്ത് വിളിച്ചുവരുത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ പൊലിസ് സേനയുടെ സ്ഥിതി അതീവ ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലിസിലെ അച്ചടക്കത്തിലും നീതി നിര്‍വഹണത്തിലും വെള്ളം ചേര്‍ക്കുന്നത് ആശാസ്യമല്ല. ചുവപ്പ് ഷര്‍ട്ട് ഇട്ടവരെ കണ്ട് ചിരിക്കുന്നതും രക്തസാക്ഷി മണ്ഡപം ഉണ്ടാക്കി ഇങ്ക്വിലാബ് വിളിക്കുന്നത് കേട്ട് കൈയടിക്കുന്നവരും അതീവ ഗുരുതരമായ വിപത്തുകള്‍ ക്ഷണിച്ചു വരുത്തുകയാണ്. ഇത്രയും രാഷ്ട്രീയ പക്ഷപാതം കാണിക്കുന്ന സേന എങ്ങനെ സാധാരണക്കാര്‍ക്ക് നീതി നല്‍കുമെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
സര്‍ക്കാരിന്റെ സാന്നിധ്യവും പങ്കാളിത്തവും ഉണ്ടാവേണ്ട പൊതുമേഖലാ സ്ഥാപനങ്ങളില്‍ അതുണ്ടാവുന്നില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉമ്മന്‍ചാണ്ടി പറഞ്ഞു. പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭനഷ്ടമല്ല മെച്ചപ്പെട്ട സേവനമാണ് വിലയിരുത്തേണ്ടത്. കെ.എസ്.ആര്‍ ടി.സി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിരുന്നു. എന്നാല്‍ പെന്‍ഷന്‍ നല്‍കുന്നതില്‍ മുന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സമാപനസമ്മേളനം കെ.വി.തോമസ് എം.പി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."