'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ്
ഇസ്‌ലാമാബാദ്: ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചുമൂടി മുന്നോട്ടുള്ള വഴിയില്‍ നല്ല അയല്‍ക്കാരെപ്പോലെ കഴിയാന്‍ നോക്കണമെന്നും മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്.സി.ഒ) സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഇസ്‌ലാമാബാദിലേക്ക് നടത്തിയ യാത്രയെ 'ഓപ്പണിങ്' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് നവാസ് ശരീഫിന്റെ പ്രസ്താവന.
ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായണ് അദ്ദേഹം തന്റെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ശുഭസൂചന നല്‍കുന്ന ആശയം പങ്കുവെച്ചത്. ബന്ധങ്ങളിലെ 'ദീര്‍ഘിച്ച വിരാമത്തില്‍' താന്‍ സന്തുഷ്ടനല്ലെന്നും ഇരുപക്ഷവും പോസിറ്റീവ് ആയ സമീപനത്തിലൂടെ മുന്നോട്ട് നോക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മൂത്ത സഹോദരനാണ് നവാസ് ഷെരീഫ്. ഭരണകക്ഷിയായ പാകിസ്താന്‍ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായ നവാസ് ശരീഫ് മൂന്നു തവണ പാക് പ്രധാനമന്ത്രിയായിട്ടുണ്ട്.
'ഇങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകേണ്ടത്. പ്രധാനമന്ത്രി മോദി വരുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി വന്നതും നല്ലതു തന്നെ. നമ്മുടെ സംഭാഷണത്തിന്റെ തുടര്‍ച്ചകള്‍ ഉണ്ടാവണമെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. നമ്മള്‍ 70 വര്‍ഷം പോരാട്ടത്തിന്റെ വഴിയില്‍ ചെലവഴിച്ചു. അടുത്ത 70 വര്‍ഷത്തേക്ക് ഇത് തുടരാന്‍ അനുവദിക്കരുത്. എങ്ങനെ മുന്നോട്ട് പോകണമെന്ന് ഇരുപക്ഷവും ഇരുന്ന് ചര്‍ച്ച ചെയ്യണം അദ്ദേഹം പറഞ്ഞു.
'നമുക്ക് നമ്മുടെ അയല്‍ക്കാരെ മാറ്റാന്‍ കഴിയില്ല. അതുകൊണ്ട് നല്ല അയല്‍ക്കാരെ പോലെ കഴിയണം. നമ്മള്‍ ഭൂതകാലത്തിലേക്ക് പോകരുത്. ഭൂതകാലത്തെ കുഴിച്ചുമൂടുന്നത് നല്ലതാണ്. അതുവഴി ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സാധ്യതകള്‍ ഉപയോഗിക്കാന്‍ കഴിയും ഷരീഫ് പറഞ്ഞു.
2015 ഡിസംബര്‍ 25 ന് കാബൂളില്‍ നിന്ന് മടങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാഹോറില്‍ അപ്രതീക്ഷിതമായി നിര്‍ത്തിയതും ഷെരീഫ് അനുസ്മരിച്ചു.
എസ്.സി.ഒ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ ജയശങ്കര്‍ ചൊവ്വാഴ്ച ഇസ്‌ലാമാബാദിലേക്ക് തിരിച്ചിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പാകിസ്താന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയാണ് ജയശങ്കര്‍.
പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി 2019 ഫെബ്രുവരിയില്‍ പാകിസ്താനിലെ ബാലാക്കോട്ടിലെ ജയ്‌ശെ മുഹമ്മദ് തീവ്രവാദ പരിശീലന ക്യാമ്പ് ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ത്തതിനെ തുടര്‍ന്നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായത്. 2019 ആഗസ്റ്റ് 5ന് ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ പിന്‍വലിക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്യുന്നതായി ഇന്ത്യ പ്രഖ്യാപിച്ചതിന് ശേഷം ബന്ധം കൂടുതല്‍ വഷളായി. 2019ലെ പുല്‍വാമ ആക്രമണത്തിനുശേഷം പാകിസ്താനില്‍ നിന്നുള്ള ഇറക്കുമതിക്ക് ന്യൂഡല്‍ഹി കനത്ത തീരുവ ചുമത്തിയതിനാല്‍ 2019 മുതല്‍ ഇസ്‌ലാമാബാദും ന്യൂഡല്‍ഹിയും തമ്മിലുള്ള വ്യാപാരബന്ധം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
Former Pakistani PM Nawaz Sharif calls for India and Pakistan to leave behind past conflicts and work together as good neighbors
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."