നേപ്പാളില്ലാതെ ഇന്ത്യയുടെ ചരിത്രവും വിശ്വാസവും അപൂര്‍ണമെന്ന് മോദി
ജനക്പുര്‍: നേപ്പാളില്ലാതെ ഇന്ത്യയുടെ ചരിത്രവും വിശ്വാസവും അപൂര്‍ണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സീതയുടെ ജന്മദേശമായ ജനക്പുരും രാമന്റെ ജന്മസ്ഥലമായ അയോധ്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന രാമായണ ബസ് സര്‍ക്യൂട്ടിന്റെ ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി നേപ്പാളില്‍ എത്തിയതാണ് മോദി.
ഹിന്ദുമത വിശ്വാസ പ്രകാരം രാമന്റെ ജന്മസ്ഥലമാണ് അയോധ്യ. നേപ്പാളിലെ ജാനക്പുര്‍ സീതയുടെ ജന്മസ്ഥലവും. ഇത് പരോക്ഷമായി പരാമര്‍ശിച്ചാണ് മോദിയുടെ പ്രസംഗം.
രാമായണ സര്‍ക്യൂട്ട് എന്നപേരില്‍ ആവിഷ്കരിച്ചിട്ടുള്ള ആധ്യാത്മിക വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമാണ് ജാനക്പുര്‍- അയോധ്യ ബസ് സര്‍വീസ്. നൂറ്റാണ്ടുകളുടെ ബന്ധമാണ് അയോധ്യയും ജാനക്പുരും തമ്മിലുള്ളതെന്നും അത് തകര്‍ക്കാനാകാത്തതാണെന്നും മോദി പറഞ്ഞു. 225 കിലോമീറ്റര്‍ വരുന്ന ബസ് സര്‍വീസ് മോദിയും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലിയും ചേര്‍ന്നാണ് ഫ്ളാഗ് ഓഫ് ചെയ്തത്.
ശര്‍മ ഓലിയുമായി ഇന്ന് മോദി കൂടിക്കാഴ്ച നടത്തും. കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രത്തില്‍ മോദി ദര്‍ശനത്തിനെത്തും.
ഇന്ത്യയുടെ സഹായത്തോടെ സംഘുവസഭാ ജില്ലയില്‍ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനവും ഇരുപ്രധാനമന്ത്രിമാരും ചേര്‍ന്ന് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."