മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നിശ്ചലം
തിരുവനന്തപുരം: മാധ്യമ ഉപദേഷ്ടാക്കള്‍ക്ക് പുറമെ പത്രക്കുറിപ്പെഴുതാനും സോഷ്യല്‍ മീഡിയകളില്‍ കുറിപ്പിടാനും മറ്റുമായി ഡസനിലധികം പേരെ വന്‍ ശമ്പളത്തില്‍ നിയമിച്ചിട്ടും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഒരു മാസമായി നിശ്ചലം. ജോണ്‍ ബ്രിട്ടാസും പ്രഭാവര്‍മയുമാണ് മാധ്യമ ഉപദേഷ്ടക്കള്‍.
ഇതില്‍ ഒരു ഉപദേഷ്ടാവ് മുഴുവന്‍ സമയം ഓഫിസിലുണ്ടാകും. പാര്‍ട്ടി മുഖപത്രത്തില്‍ നിന്ന് വിരമിച്ച മുന്‍ ന്യൂസ് എഡിറ്ററുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ വേറെയും. പി.ആര്‍.ഡിയില്‍ നിന്ന് വിരമിച്ചവരും നിലവില്‍ പി.ആര്‍.ഡി ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയിലുള്ള ആളും ഒരു ചാനലിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫും ഉള്‍പ്പെടെ നിരവധി പേര്‍ മുഖ്യമന്ത്രിയുടെ പ്രസ് വിഭാഗത്തില്‍ ജോലി ചെയ്യുമ്പോഴാണ് ഔദ്യോഗിക വെബ്‌സൈറ്റ് നിശ്ചലമായിരിക്കുന്നത്.
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തില്‍ വിവരങ്ങള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യേണ്ട വെബ്‌സൈറ്റാണ് അനാഥമായത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ചീഫ് മിനിസ്റ്റര്‍ ഓഫ് കേരള ( വേേു:ംംം.സലൃമഹമരാ.ഴീ്.ശി) വെബ്‌സൈറ്റില്‍ മന്ത്രിസഭാതീരുമാനങ്ങളും ഫീച്ചറുകളും ലറ്ററും, പ്രോഗ്രസ് റിപ്പോര്‍ട്ടും അപ്‌ഡേറ്റ് ചെയ്തിട്ടില്ല.
മന്ത്രിസഭാ തീരുമാനങ്ങള്‍ ഏറ്റവും അവസാനം അപ്‌ഡേറ്റ് ചെയ്തത് ഏപ്രില്‍ 11 നാണ്. ആര്‍ട്ടിക്കിള്‍ ആകട്ടെ ഏപ്രില്‍ 10 നാണ് അപ്‌ഡേറ്റ് ചെയ്തത്. ചിത്രങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പ് ഓഖി സഹായം വിതരണം ചെയ്യുന്നതുമാണുള്ളത്. മറ്റു പല സെക്ഷനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അപ്‌ഡേഷന്‍ നിലച്ചു. സി-ഡിറ്റാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിപാലിക്കുന്നത്.
അതേ സമയം മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്കില്‍ അപ്‌ഡേഷന്‍ കൃത്യമായി നടക്കുന്നുമുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദിവസവും അപ്‌ഡേഷന്‍ ചെയ്യുന്നത് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുമുള്ള ലൈവും നല്‍കിയിരുന്നു.
അന്ന് പി.ആര്‍.ഡിയില്‍ നിന്നു ഡപ്യൂട്ടേഷനില്‍ വന്ന ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണുണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏതാണ്ട് അഞ്ചു ലക്ഷത്തിലധികം വ്യുവേഴ്‌സാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിനുള്ളത്.
സി.ഡിറ്റിനെ ചുമതലപ്പെടുത്തിയിരിക്കുന്നതിനാല്‍ അവര്‍ തന്നെ ചെയ്യട്ടെ എന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിലപാട്. എന്നാല്‍ മുഖ്യമന്ത്രി നിയമിച്ച മാധ്യമ വിഭാഗം തന്നെ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യട്ടെയെന്നാണ് സി-ഡിറ്റിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."