ചട്ടം ലംഘിച്ച് തട്ടിക്കളിക്കുന്നു, ഐ.പി.എസുകാര്‍ക്ക് അതൃപ്തി
തിരുവനന്തപുരം: ചട്ടം ലംഘിച്ച് സര്‍ക്കാര്‍ ഐ.പി.എസുകാരെ തട്ടിക്കളിക്കുകയാണെന്ന് പരാതി.
ഇത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിനു വഴിവച്ചിട്ടുണ്ട്. കേരള പൊലിസ് ആക്ടിന് വിരുദ്ധമായാണ് സര്‍ക്കാര്‍ സ്ഥലം മാറ്റുന്നതെന്നാണ് ആക്ഷേപം.
പൊലിസില്‍ ക്രമസമാധാന ചുമതല വഹിക്കുന്നവരെ രണ്ടുവര്‍ഷം കഴിഞ്ഞേ മാറ്റാവൂ എന്ന് നിയമമിരിക്കേയാണ് കഴിഞ്ഞ ആഴ്ച രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാത്ത എട്ടു എസ്.പിമാരെ സ്ഥലം മാറ്റിയത്.
ഒരു വര്‍ഷവും പതിനൊന്നുമാസവും മലപ്പുറം എസ്.പിയായിരുന്ന ദേബേഷ്‌കുമാര്‍ ബെഹ്‌റ മാത്രമാണ് കൂടുതല്‍ ദിവസം ഒരു ജില്ലയില്‍ ഉണ്ടായിരുന്നത്.
ഇദ്ദേഹത്തെ പാലക്കാട് എസ്.പിയായാണ് മാറ്റിയത്. കൊല്ലം കമ്മിഷണറായി നാലുമാസം മാത്രമായ എ. ശ്രീനിവാസിനെ കാസര്‍കോട്ടേക്കാണ് തട്ടിയത്.
ഒന്‍പതു മാസം മാത്രമായ രാഹുല്‍ ആര്‍. നായരെ തൃശൂര്‍ സിറ്റിയില്‍നിന്ന് എറണാകുളം റൂറലിലേയ്ക്കും, യതീഷ് ചന്ദ്രയെ തൃശൂര്‍ റൂറലില്‍നിന്ന് തൃശൂര്‍ സിറ്റിയിലേയ്ക്കും, അരുള്‍ ബി. കൃഷ്ണയെ വയനാട്ടില്‍നിന്ന് കൊല്ലം കമ്മിഷണറായും മാറ്റി.
ഒരു വര്‍ഷവും നാലുമാസവും മാത്രമായ പ്രതീഷ്‌കുമാറിനെ പാലക്കാട്‌നിന്ന് മലപ്പുറത്തേയ്ക്കും, എം.കെ പുഷ്‌കരനെ കോഴിക്കോട് റൂറലില്‍നിന്ന് തൃശൂര്‍ റൂറലിലേയ്ക്കും, കെ.ജി സൈമനെ കാസര്‍കോട്‌നിന്ന് അടൂര്‍ കെ.എ.പി ബറ്റാലിയനിലേയ്ക്കുമാണ് സ്ഥലം മാറ്റിയത്.
കേരള പൊലിസ് ആക്ടില്‍ സംസ്ഥാന പൊലിസ് മേധാവി, റേഞ്ച് ഐ.ജിമാര്‍, ജില്ലാ പൊലിസ് മേധാവിമാര്‍, കമ്മിഷണര്‍മാര്‍, എസ്.എച്ച്.ഒമാര്‍ എന്നിവരെയാണ് രണ്ടു വര്‍ഷം കഴിയാതെ സ്ഥലം മാറ്റരുതെന്ന നിയമമുള്ളത്. എന്നാല്‍ ഗുരുതരമായ ആരോപണമുള്ളവരെയും, സസ്‌പെന്‍ഡ് ചെയ്തവരെയും, ക്രിമിനല്‍ കേസുകളില്‍ പെടുന്നവരെയും, അഴിമതി ആരോപണം ഉള്ളവരെയും സ്ഥലം മാറ്റാം. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്താണ് ഈ നിയമം കൊണ്ടുവന്നത്. അതേ നിയമം കാറ്റില്‍ പറത്തിയാണ് ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രി ജില്ലാ പൊലിസ് മേധാവികളെ തട്ടിക്കളിക്കുന്നത്.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2016 ജൂണിലും, 2017 ജനുവരിയിലും, ഓഗസ്റ്റിലും രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാത്തവരെ സ്ഥലം മാറ്റിയിരുന്നു.
അതിനിടെ ദക്ഷിണമേഖലയുടെ ചുമതലയുണ്ടായിരുന്ന ഡി.ജി.പി രാജേഷ് ദിവാന്‍ വിരമിച്ച ശേഷം എ.ഡി.ജി.പി മാരെ ഒഴിവാക്കി സോണുകളുടെ ചുമതല ഐ.ജിമാര്‍ക്ക് നല്‍കാനും ഐ.ജിമാര്‍ വഹിക്കുന്ന റേഞ്ചുകളുടെ ചുമതല ഡി.ഐ.ജിമാര്‍ക്ക് നല്‍കാനുമുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍. ഇതും ഐ.പി.എസുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."