നോക്കുകുത്തിയായി സ്പെഷല്‍ ട്രൈബ്യൂണല്‍
തൊടുപുഴ: ചെയര്‍മാനും ജീവനക്കാരും ഇല്ലാത്തതിനാലും വിധികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതു മൂലവും മൂന്നാര്‍ സ്പെഷല്‍ ട്രൈബ്യൂണല്‍ നോക്കുകുത്തിയായി.
ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ എട്ടു വില്ലേജുകളില്‍ സര്‍ക്കാര്‍ കക്ഷിയായ ഭൂമിതര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതിന് 2011 ഫെബ്രുവരിയിലാണു മൂന്നാറില്‍ പ്രത്യേക ട്രൈബ്യൂണല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണു ട്രൈബ്യൂണല്‍ രൂപീകരിച്ചത്. 1200 കേസുകളാണ് ഇതുവരെ പരിഗണിച്ചത്. അഞ്ഞൂറോളം കേസുകളില്‍ തീര്‍പ്പുണ്ടായി. ഇതെല്ലാം സര്‍ക്കാര്‍ കക്ഷിയായ കേസുകളായിരുന്നു. ഈ കേസുകളില്‍ വിധി നടപ്പാക്കാന്‍ നടപടി സ്വീകരിക്കേണ്ടതു ജില്ലാ കലക്ടറാണ്. എന്നാല്‍ അനുകൂലവിധി ഉണ്ടായ കേസുകളില്‍ ഒന്നു പോലും നടപ്പാക്കി ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി ഉണ്ടായില്ല.
സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള കേസുകളിലും തീര്‍പ്പു കല്പിച്ചു വിധി ഉണ്ടായെങ്കിലും നടപ്പാക്കാത്ത സ്ഥിതിയാണ്. ട്രൈബ്യൂണലിലെ വിധികളുടെ നടത്തിപ്പു പെറ്റിഷന്‍ മറ്റു കോടതികള്‍ ഫയലില്‍ സ്വീകരിക്കുകയുമില്ല.
ജീവനക്കാരുടെ കുറവും ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം ഇഴയാന്‍ കാരണമാണ്. ഒരു വര്‍ഷത്തിലധികമായി ചെയര്‍മാനും ഇപ്പോള്‍ റജിസ്ട്രാറും ഇല്ല. 39 ജീവനക്കാരുടെ തസ്തികയുള്ള ഇവിടെ മൂന്നു ജീവനക്കാരാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."