കെ. മധു ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ചെയര്മാന്
ചിറ്റൂര്‍: ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ തിങ്കളാഴ്ച്ച നടന്ന ചെയര്മാന് തിരഞ്ഞെടുപ്പില്‍ കെ. മധുവിനെ ചെയര്‍മാനായി തിരഞ്ഞെടുത്തു. 29 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് 18ഉം സി.പി.എമ്മിന് 11ഉം അംഗങ്ങളാണുള്ളത്. പാര്‍ട്ടി ധാരണ പ്രകാരം രണ്ടര വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായ ടി.എസ് തിരുവെങ്കിടം രാജിവച്ച ഒഴിവിലേക്കാണ് പുതിയ ചെയര്‍മാനായി കെ. മധുവിനെ തിരഞ്ഞെടുത്തത്. മുന്‍ എം.എല്‍.എ കെ. അച്ചുതന്റെ സഹോദരനാണ്. സി.പി.എം സ്ഥാനാര്‍ഥിയായി എ. കണ്ണന് കുട്ടി മത്സരിച്ചു. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ.സി പ്രീത് കെ. മധുവിന്റെ പേര് നിര്‍ദേശിച്ചു. കെ.എ ഷീബ പിന്താങ്ങി. കൗണ്‍സിലര്‍ എസ്. ശിവകുമാര്‍ സ്ഥാനാര്‍ഥിയായി എ. കണ്ണന്‍കുട്ടിയുടെ പേര് നിര്‍ദേശിച്ചു. സ്വാമിനാഥന് പിന്തുണച്ചു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ഇരുവിഭാഗത്തിലെയും മുഴുവന്‍ അംഗങ്ങളും വോട്ട് രേഖപ്പെടുത്തി. ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ പി. കൃഷ്ണന് വരണാധികാരിയായിരുന്നു. 18 വോട്ട് ലഭിച്ച കെ. മധു വിജയിച്ചതായി വരണാധികാരി പ്രഖ്യാപിച്ചു. തുടര്‍ന്ന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ കൗണ്‍സിലര്‍മാരായ കെ.സി പ്രീത്, എ. കണ്ണന് കുട്ടി, ടി.എസ് തിരുവെങ്കിടം, ശിവകുമാര്‍ കെ.എ ഷീബ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."