അടിയന്തരാവസ്ഥയിലെ കുട്ടിപ്പട്ടാളം
നാലു പതിറ്റാണ്ടുകള്‍ക്കു മുന്‍പൊരു ദിനം. ഇന്ത്യ അന്ന് അടിയന്തരാവസ്ഥയുടെ ഇരുട്ട് പുതച്ച് ഉറങ്ങുകയായിരുന്നു. ട്രെയിനുകള്‍ കൃത്യമായി ഓടുന്നതിന്റെയും ഓഫിസുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നതിന്റെയും മേന്മ ചര്‍ച്ച ചെയ്ത് കേരളത്തില്‍ ബുദ്ധിജീവികളടക്കം അടിയന്തരാവസ്ഥയെ നൊട്ടിനുണഞ്ഞ് ആസ്വദിക്കുകയായിരുന്നു. എങ്ങും അടക്കിപ്പിടിച്ച സംസാരം മാത്രം. പക്ഷേ മാവൂര്‍ അപ്പോള്‍ ഉണര്‍ച്ചയിലായിരുന്നു. അതേ, കോഴിക്കോട് ജില്ലയിലെ മാവൂര്‍. ഗ്വാളിയോര്‍ റയോണ്‍സ് എന്ന ഭീമന്‍ കമ്പനി ചാലിയാര്‍ പുഴയെ കൊന്ന് മുരണ്ടുകൊണ്ട് പ്രവര്‍ത്തനം തുടര്‍ന്നു. റയോണ്‍സിനെ കേന്ദ്രീകരിച്ച് തൊഴിലാളി യൂനിയനുകള്‍ ശക്തം. വിവിധ നാട്ടുകാര്‍ ജോലി ചെയ്തിരുന്നതിനാല്‍ മാവൂരിന് ഒരു കോസ്‌മോപൊളിറ്റന്‍ സ്വഭാവമുണ്ടായിരുന്നു.
1976 എന്ന പുതുവര്‍ഷത്തിലേക്ക് മാവൂരും നീങ്ങുകയാണ്. ഒരു വൈകുന്നേരം. മാവൂരിന്റെ വഴികളെ ഞെട്ടിച്ചുകൊണ്ട് മാജിക്കിലെന്നപോലെ ഒരു പ്രകടനം പ്രത്യക്ഷപ്പെട്ടു. ഒരു കൂട്ടം കുട്ടികള്‍ ഉറക്കെ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു ആ പ്രകടനം. കാലിനടിയിലെ ചുവപ്പു മാറാത്ത അന്‍പതോളം കുട്ടികള്‍. അവര്‍ക്കു മുന്നിലെ 'മുതിര്‍ന്നയാള്‍' കേള്‍വിക്കുറവുള്ള ലത്തീഫ് എന്ന പത്താംക്ലാസുകാരന്‍. മറ്റൊരു നേതാവ് അതേ പ്രായത്തില്‍ തന്നെയുള്ള ബാവ എന്നു വിളിപ്പേരുള്ള അബു. പിറകെയുള്ളതു പന്ത്രണ്ടും പതിമൂന്നും വയസുള്ള വിപ്ലവകാരികള്‍. ഗ്വാളിയോര്‍ കമ്പനിക്കെതിരേ നാലു മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു തുടക്കമെങ്കിലും പ്രകടനത്തിന്റെ സ്വഭാവം പെട്ടെന്നുമാറി. ഇന്ദിരാഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും അതിരൂക്ഷമായി പരിഹസിച്ചുകൊണ്ടും അക്കാലത്തെ സഞ്ജയ് ഗാന്ധിയുടെ കുപ്രസിദ്ധമായ വന്ധ്യംകരണ നീക്കങ്ങളെ വെല്ലുവിളിച്ചുകൊണ്ടുമുള്ള മുദ്രാവാക്യങ്ങളായിരുന്നു. 'ആരെടാ ഈ സഞ്ജയ് ഗാന്ധി' എന്ന മുദ്രാവാക്യം ഉയര്‍ന്നതിനൊപ്പം തൊപ്പിയും കണ്ണടയും പാന്റും ഷൂവും ധരിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ വൈക്കോല്‍ കോലം കുട്ടികളില്‍നിന്നുയര്‍ന്നു. അടിയന്തരാവസ്ഥാവിരുദ്ധ ചേരിയിലായിരുന്ന അഖിലേന്ത്യാ ലീഗ് നേതാക്കളായ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളെയും കേയി സാഹിബിനെയും പി.എം അബൂബക്കറിനെയും ജയിലിലടച്ചത് ചോദ്യം ചെയ്ത് അന്നത്തെ മുഖ്യമന്ത്രി കരുണാകരനെതിരേയും മറ്റു മന്ത്രിമാര്‍ക്കെതിരേയും കുട്ടിവിപ്ലവകാരികള്‍ മുദ്രാവാക്യത്തിലൂടെ ആഞ്ഞടിച്ചു. പ്രദേശത്ത് താമസിച്ചിരുന്ന സി.പി.ഐ ജില്ലാ നേതാവ് കെ.ജി പങ്കജാക്ഷന്റെ വീടിനടുത്തെത്തിയപ്പോള്‍ 'ഇക്കൊടി ചോരയില്‍ മുക്കിയെടുത്തത് ഇന്ദിരാഗാന്ധിക്കു വില്‍ക്കാനോ' എന്നായി മുദ്രാവാക്യം.
സ്ത്രീകളടക്കം നാട്ടുകാര്‍ പിടക്കുന്ന നെഞ്ചോടെയാണ് ഈ കുട്ടി പ്രകടനം നോക്കിനിന്നത്. ആഗ്രാപട്ടണത്തിലെ തെരുവീഥികളെ ചോരയില്‍ മുക്കി കൊന്നവര്‍ക്ക് മുന്‍ കേന്ദ്ര റയില്‍വേ മന്ത്രി എല്‍.എന്‍ മിശ്രയുടെ ഗതി വരുമെന്നും കുട്ടിപ്രകടനക്കാര്‍ മുന്നറിയിപ്പു നല്‍കി. (1975ല്‍ ബിഹാറിലെ സമസ്തിപൂരിലെ റയില്‍വേ സ്റ്റേഷനില്‍ നടന്ന ബോംബ് സ്‌ഫോടനത്തിലാണ് മിശ്ര കൊല്ലപ്പെട്ടത്. ഈ പ്രതികളെ ശിക്ഷിച്ചത് അടുത്തകാലത്താണ്). പിന്നീട് എ.പി അഹമ്മദ്കാക്കയുടെയും ജോസഫ് ചേട്ടന്റെയും വീടിനിടയിലെ പാറപ്പുറത്തുവച്ച് വൈക്കോല്‍ കോലത്തിനു തീകൊടുത്തു. കോലം കത്തിയണഞ്ഞെങ്കിലും നാട്ടുകാരുടെ നെഞ്ചില്‍ അതിലും വലിയ തീ ആളിത്തുടങ്ങുകയായിരുന്നു. പൊലിസുകാര്‍ പിഞ്ഞാണക്കടയില്‍ കയറിയ കാളകളെപ്പോലെ എന്തും കുത്തിമറിക്കുന്ന അടിയന്തരാവസ്ഥയുടെ ദിനങ്ങളില്‍ ഈ ചെറുക്കന്മാര്‍ കാണിച്ച ധിക്കാരത്തിന് എന്തൊക്കെ വില കൊടുക്കേണ്ടിവരുമെന്ന ആധിയിലായിരുന്നു അവരൊക്കെയും.
41 വര്‍ഷങ്ങള്‍ക്കു ശേഷം പഴയ കുട്ടിപ്രകടനത്തിലെ പ്രധാന താരങ്ങളായ ലത്തീഫും അബുവും കണ്ടപ്പോള്‍ പഴയ കഥകള്‍ ഓര്‍ത്തെടുത്തു. രണ്ടുപേരും ഇപ്പോള്‍ മധ്യവയസ് പിന്നിട്ടവര്‍. ഇരുവരുടെയും ബന്ധുക്കള്‍ക്കും അന്ന് റയോണ്‍സിലായിരുന്നു ജോലി. അബുവിന്റെ അളിയന്‍ ഫറോക്ക് സ്വദേശി എ.പി അഹമ്മദായിരുന്നു കമ്പനിയിലുണ്ടായിരുന്നത്. ലത്തീഫിന്റെ സഹോദരീ ഭര്‍ത്താവ് മാവൂര്‍ സ്വദേശി മൂസക്കുട്ടി ഹാജിയും കമ്പനിയിലായിരുന്നു. ജാഥയ്ക്കു പിറകിലുണ്ടായിരുന്ന ചില കുട്ടികളുടെ പേരുകളും ഇരുവരും ഓര്‍ത്തെടുത്തു. മുദ്രാവാക്യമുണ്ടാക്കിക്കൊടുത്തത് ജോസഫും അഹമ്മദുമൊക്കെയായിരുന്നു. കുട്ടന്റെ മകന്‍ മനോഹരനും പീതാംബരനും ഫറോക്കുകാരന്‍ ബാവയും സഞ്ജയ് ഗാന്ധിയുടെ കോലം മാറിമാറി ചുമന്നു. കോലമുണ്ടാക്കിയത് അബുവായിരുന്നു. സ്രാങ്ക് കുഞ്ഞുമുഹമ്മദ്, ജാനകി മകന്‍ വിജയന്‍, ബാബു, ലക്ഷ്മി വീട്ടിലെ വിജയന്‍ എന്നിവരായിരുന്നു സൂപ്പര്‍ സീനിയര്‍മാരായിരുന്ന ലത്തീഫിന്റെയും അബുവിന്റെയും പിറകിലെ സീനിയര്‍മാര്‍. പിന്നില്‍ കൃഷ്ണന്‍കുട്ടി, വിനു, ശംസു, ബാവ തുടങ്ങി അന്‍പതോളം കുട്ടികള്‍. മുദ്രാവാക്യം വിളിച്ചത് ലത്തീഫായിരുന്നു. കേള്‍വി കുറവുള്ളതിനാല്‍ എത്ര ഉച്ചത്തില്‍ വിളിച്ചുകൊടുത്തിട്ടും മതിയായില്ല എന്ന തോന്നലായിരുന്നു ലത്തീഫിന്. വരും വരായ്മകളെക്കുറിച്ചൊന്നും അന്ന് ഓര്‍ത്തതേയില്ല. പ്രദേശത്തുള്ള പല നേതാക്കളെയും ജയിലിലടച്ചപ്പോള്‍ അന്നത്തെ അഖിലേന്ത്യാ മുസ്‌ലിം ലീഗിന് നല്ല സ്വാധീനമുണ്ടായിരുന്ന മാവൂരില്‍ സാധാരണക്കാര്‍ക്കിടയിലും അതിന്റെ ഓളങ്ങളുണ്ടായിരുന്നു. ചില മുതിര്‍ന്നവരുടെ മൗനാനുവാദത്തോടെയായിരുന്നു പ്രകടനം നടത്തിയത്.
അന്നത്തെ അഖിലേന്ത്യാ ലീഗിന്റെ ഇടപെടലില്‍ മാവൂരിനെ ഇടതുപക്ഷ മുന്‍തൂക്കമുള്ള പ്രദേശമാക്കി മാറ്റിയിരുന്നു. അടിയന്തരാവസ്ഥാവിരുദ്ധരുടെ നേതൃത്വം സോഷ്യലിസ്റ്റുകള്‍ക്കായിരുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസ് അടക്കമുള്ളവര്‍ കാസര്‍കോടിന്റെ കിഴക്കന്‍ അതിരിലെ കര്‍ണാടക ഉള്‍പ്രദേശങ്ങളായ സുബ്രഹ്മണ്യ പുത്തൂര്‍, ഉപ്പിനങ്ങാടി, ദേലമ്പാടി, പറപ്പ പ്രദേശങ്ങള്‍ ഒളിത്താവങ്ങളാക്കിയപ്പോള്‍ വയനാട്ടിലും വടകരയിലുമുള്ള ഉപകേന്ദ്രങ്ങള്‍ പോലെ ഒരു കേന്ദ്രമായിരുന്നു മാവൂര്‍ കച്ചേരിക്കുന്ന്. അപ്പുനായരുടെ തൊടിയിലും അലവി ഹാജിയുടെ പറമ്പിലുമെല്ലാം ഗൂഢാലോചനക്കാര്‍ ചേക്കേറി.
സി.ഐ.ടി.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് ധര്‍മജനും മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറും പി.എം.എ ഗഫാറുമൊക്കെ അന്ന് മാവൂരിലെ ട്രേഡ് യൂനിയന്‍ നേതാക്കളായിരുന്നു. മാവൂര്‍ കച്ചേരിക്കുന്നില്‍ നടന്ന പ്രകടനം ധര്‍മജനു നല്ല ഓര്‍മയുണ്ട്. റയോണ്‍സില്‍ 20 ശതമാനമായിരുന്ന ബോണസ് നാലു ശതമാനമായി കമ്പനി അന്നു വെട്ടിക്കുറച്ചുവെന്ന് ധര്‍മജന്‍ പറഞ്ഞു. അടിയന്തരാവസ്ഥ മുതലെടുത്താണ് കമ്പനി അതു ചെയ്തത്. അതോടെ തൊഴിലാളികള്‍ സമര രംഗത്തിറങ്ങി. കമ്പനിക്കെതിരേയും അടിയന്തരാവസ്ഥയ്‌ക്കെതിരേയും പൊതുവികാരം മൂര്‍ധന്യത്തിലായിരുന്നു. അന്ന് ഒളിവില്‍ പോയ നേതാക്കന്മാരിലൊരാളാണ് ധര്‍മജന്‍.
പൊലിസിന്റെ മൂക്കത്തു തോണ്ടി കൊച്ചുപയ്യന്മാര്‍ നടത്തിയ വെല്ലുവിളി അവരെ വിറളി പിടിപ്പിച്ചു. സ്‌പെഷല്‍ ബ്രാഞ്ചിനെ വിട്ട് പ്രകടനക്കാരെ കുറിച്ചുള്ള വിവരമറിയാന്‍ പൊലിസ് രംഗത്തിറങ്ങി. പക്ഷേ നാട്ടുകാരുടെ ഒറ്റക്കെട്ടായ പിന്തുണ ഈ കൊച്ചുവിപ്ലവകാരികള്‍ക്കായിരുന്നു. മാവൂര്‍ സ്റ്റേഷനിലെ രണ്ട് പൊലിസുകാര്‍ വിവരങ്ങള്‍ക്കായി അങ്ങാടിയില്‍ കറങ്ങിയെങ്കിലും ഫലമുണ്ടായില്ല. പ്രകടനം അടിയന്തരാവസ്ഥയ്‌ക്കെതിരേയായിരുന്നില്ലെന്നും കമ്പനിക്കെതിരേയായിരുന്നുവെന്നും സ്ത്രീകളടക്കം മൊഴി നല്‍കി. പക്ഷേ ലത്തീഫിന്റെ വീട്ടുകാര്‍ക്കു ഭയം മാറിയിരുന്നില്ല. ഒളവട്ടൂരിലെ ബന്ധുവീട്ടിലായിരുന്നു ലത്തീഫിന്റെ ഒളിതാമസം. കുട്ടിയെ പൊലിസ് പിടിക്കാതിരിക്കാന്‍ ബന്ധുവായ സ്ത്രീ അന്ന് കുട്ടിക്കരികെ ഇരുന്ന് യാസീന്‍ ഓതി പ്രാര്‍ഥിച്ചുകൊണ്ടിരുന്നത് ലത്തീഫ് ഉറക്കം നടിച്ചതുപോലെ കിടന്നുകേട്ടിരുന്നു. നാലു ദിവസത്തോളമാണ് ഒളിവില്‍ കഴിഞ്ഞത്. ധര്‍മജന് അന്ന് മാവൂര്‍ സ്റ്റേഷനിലുണ്ടായിരുന്ന സൗഹൃദങ്ങളും പൊലിസിന്റെ റിപോര്‍ട്ടുകളില്‍ വെള്ളം ചേര്‍ക്കാന്‍ സഹായിച്ചു. കോഴിക്കോട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സാദിരിക്കോയയുമായി ബന്ധപ്പെട്ട് ലത്തീഫിന്റെ പിതാവിന്റെ സുഹൃത്ത് വാഴയൂര്‍ സ്വദേശി കെ.കെ മരക്കാര്‍, സി.ആര്‍.പി ഹംസ അടക്കമുള്ളവരുടെ ശക്തമായ സമ്മര്‍ദത്തോടെയാണ് ഒടുവില്‍ പ്രകടനം കത്തിയമര്‍ന്നത്.
അന്നു ജയില്‍വാസമനുഭവിച്ച മാവൂര്‍ ട്രേഡ് യൂനിയന്‍ നേതാക്കളില്‍ ജേക്കബ്, മൂസക്കുട്ടി, പോത്തുംപെട്ടി അബ്ദു, എന്‍.പി നാരായണന്‍ നായര്‍, എന്‍.പി മുഹമ്മദ് മാസ്റ്റര്‍, എന്‍.പി മുഹമ്മദലി മാസ്റ്റര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നുവെന്ന് ലത്തീഫ് ഓര്‍ക്കുന്നു. ജയിലില്‍ 76 ദിവസം കിടന്നുവെന്ന് എളമരം സ്വദേശി മൂസക്കുട്ടി പറയുന്നു. കോഴിക്കോട് സബ് ജയിലിലായിരുന്നു റിമാന്‍ഡ് ചെയ്തിരുന്നത്. ജേക്കബ്, യാരപ്പന്‍, അബ്ദുറഹ്മാന്‍, രാമന്‍ തുടങ്ങിയവരായിരുന്നു അന്ന് ഒപ്പമുണ്ടായിരുന്നത്. അടിയന്തരാവസ്ഥ കാലത്ത് കമ്പനി ഗേറ്റ് പടിക്കല്‍ വച്ച് അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സമരം ചെയ്തതിനായിരുന്നു അറസ്റ്റ്. ഇവരെല്ലാരും വിവിധ യൂനിയനുകളില്‍പ്പെട്ടവരായിരുന്നു.
ചാലിയാറിന്റെ തീരങ്ങളില്‍ പുഴവെള്ളം ഇറങ്ങുമ്പോള്‍ രൂപപ്പെട്ടിരുന്ന മാട്ടുമ്മല്‍ എന്നറിയപ്പെടുന്ന മണല്‍ത്തിട്ടകളില്‍ നടത്തിയിരുന്ന പൂളക്കൃഷിയുടെ മറവിലായിരുന്നു മാവൂരിലെ പല നേതാക്കളുടെയും ഒളിതാമസം. പുലര്‍ച്ചെയായിരുന്നു പൊലിസുകാര്‍ പിടികൂടിയിരുന്നതെന്നതാണു കാരണം. അക്കാലത്ത് സ്‌കൂളില്‍ ഹീറോയായി മാറിയതിനാല്‍ അധ്യാപകര്‍ക്കു തന്നോടു വലിയ ഇഷ്ടമായിരുന്നുവെന്ന് ലത്തീഫ് ഓര്‍ക്കുന്നു. കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍നിന്നു വന്നവരായിരുന്നു അധ്യാപകരില്‍ പലരും. എസ്.എസ്.എല്‍.സി പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഉറപ്പിച്ചിരുന്ന തന്റെ വിജയം എളുപ്പമാക്കിയത് ഈ അധ്യാപകരുടെ സ്‌പെഷല്‍ ട്യൂഷനായിരുന്നു. കുട്ടി ഹീറോയെ കൂടെ കൊണ്ടുനടന്നായിരുന്നു ക്ലാസെടുത്തിരുന്നതെന്ന് ലത്തീഫ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."