ലഹരിയും രാഷ്ട്രീയലഹരിയും
എണ്‍പത്തിരണ്ടു വീടുകളും ഒട്ടേറെ കടകളും വാഹനങ്ങളുമൊക്കെ തകര്‍ക്കുകയും ചാമ്പലാക്കുകയും ചെയ്യാന്‍ മാത്രം എന്തു പ്രകോപനമാണു താനൂര്‍ കടപ്പുറത്തുണ്ടായത്. താനൂരിലേയ്ക്കു പുറപ്പെടുംമുമ്പുതന്നെ മനസ്സിലുയര്‍ന്ന ചോദ്യമതായിരുന്നു.
മാറാട് കടപ്പുറത്തു നടന്നപോലെ ഏറെനാളായി ഉരുകിദ്രവിച്ചു നില്‍ക്കുകയായിരുന്ന സാമുദായിക അഗ്നിപര്‍വതത്തിന്റെ സ്‌ഫോടനമല്ല താനൂരിലുണ്ടായത്. നാദാപുരത്തും മറ്റുമുണ്ടായപോലെ രാഷ്ട്രീയത്തിന്റെ മറവിലുള്ള സാമുദായികസംഘട്ടനവുമല്ല. അത്രയും ഭീകരമായ രീതിയില്‍ അക്രമത്തെ ജ്വലിപ്പിക്കുന്ന എന്തെങ്കിലും പ്രകോപനം അടുത്തദിവസങ്ങളിലൊന്നും അവിടെ നടന്നതായി ആര്‍ക്കുമറിയില്ല.
എന്നിട്ടും എന്തുകൊണ്ട് ഇത്രയും വ്യാപകമായ നിലയില്‍ അക്രമസംഭവങ്ങള്‍ നടന്നു.
ആരാണ് അതിനു പ്രേരണ നല്‍കിയത്.
താനൂരില്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിച്ച് അരങ്ങേറുമ്പോഴൊന്നും പൊലിസോ ഭരണകൂടമോ ബന്ധപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കളോ അതിനെക്കുറിച്ചു വിലയിരുത്താറില്ല. അതിനു പകരം, പൊലിസ് തങ്ങളുടെ കൈയൂക്കു കാട്ടി നിരപരാധികളായ നാട്ടുകാരെ മുഴുവന്‍ വിറപ്പിക്കും. കണ്ണില്‍ക്കണ്ടവര്‍ക്കൊക്കെ എതിരേ കേസെടുക്കും.
ജില്ലാ ഭരണകൂടമാകട്ടെ എത്രയോ കാലമായി എല്ലായിടത്തും ചെയ്യുന്നപോലെ തികച്ചും ഔപചാരികമായി ഒരു സമാധാനകമ്മിറ്റി യോഗം വിളിക്കും. അതില്‍ പങ്കെടുക്കുന്ന നേതാക്കള്‍ ഘോരഘോരപ്രസംഗം നടത്തും. എന്നിട്ട് സമാധാനം പുലര്‍ത്തണമെന്ന ആഹ്വാനം നടത്തി യോഗം പിരിയും.
സര്‍ക്കാര്‍ താല്‍ക്കാലികമായ നഷ്ടപരിഹാര പ്രഖ്യാപനം നടത്തി കൈകഴുകും. അതാകട്ടെ, ഉണ്ടായ നഷ്ടത്തിന്റെ അടുത്തൊന്നുമെത്താത്ത തുകയായിരിക്കും. വീടുതകര്‍ന്നവരും വാഹനം കത്തിക്കപ്പെട്ടവരും കട കൊള്ളയടിക്കപ്പെട്ടവരും അനുവദിക്കപ്പെടുന്ന പിച്ചക്കാശിനായി പിന്നീട് ദിവസങ്ങളോളവും മാസങ്ങളോളവും സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങാന്‍ വിധിക്കപ്പെടും.
അക്രമങ്ങളുടെ മൂലകാരണം അപ്പോഴും കണ്ടെത്താതെയും പരിഹരിക്കപ്പെടാതെയും നീറിനീറി നില്‍ക്കും. അത്, ഇത്തവണ താനൂരില്‍ സംഭവിച്ചപോലെ അതിഭീകരമായ നാശനഷ്ടങ്ങള്‍ വരുത്തിക്കൊണ്ട് സന്ദര്‍ഭത്തിനൊത്ത് വീണ്ടും ആളിപ്പടരും.
താനൂരില്‍ ഇത്തവണ കലാപമുണ്ടാകാന്‍ നിമിത്തമായെന്നു പറയപ്പെടുന്ന സംഭവം കേട്ടാല്‍ ആരും അത്ഭുതംകൊണ്ടു മൂക്കത്തുവിരല്‍വച്ചുപോകും. മുഖ്യമന്ത്രി പിണറായി വിജയനെ മംഗലാപുരത്തു പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന ഫാസിസ്റ്റ് ശക്തികളുടെ നിലപാടില്‍ പ്രതിഷേധിച്ചു സി.പി.എം പ്രവര്‍ത്തകര്‍ താനൂര്‍ കടപ്പുറത്തു കുറച്ചുദിവസംമുന്‍പ് പ്രകടനം നടത്തിയിരുന്നു. പ്രകടനം പോകുന്നതിന് എതിര്‍ദിശയിലൂടെ ഒരു ബൈക്കില്‍ രണ്ടു ചെറുപ്പക്കാര്‍ വന്നു. ബൈക്ക് ഓടിച്ചതു ലീഗ് പ്രവര്‍ത്തകനായിരുന്നു. പിറകിലിരുന്നതു സി.പി.എം അനുഭാവിയും.
പ്രകടനം കടന്നുപോകുന്നതിനിടയില്‍ ആരോ ബൈക്കോടിച്ച യുവാവിനു നേരേ എന്തോ പറഞ്ഞു. യുവാവ് തിരിച്ചും അതേ നാണയത്തില്‍ മറുപടി പറഞ്ഞു. അതു പിന്നീട് കശപിശയായി. കടപ്പുറത്തുവച്ച് ഉന്തുംതള്ളും സംഘര്‍ഷവുമായി.
തന്നെ കൈയേറ്റം ചെയ്തുവെന്നാരോപിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് പൊലിസില്‍ പരാതി നല്‍കി. പരാതി നല്‍കിയതിന്റെ പേരില്‍ വീണ്ടും ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതു പിന്നീടു നിനച്ചിരിക്കാതെ ഭീകരമായ അക്രമസംഭവങ്ങളിലേയ്ക്കു വഴുതിവീണു.
താനൂര്‍ കടപ്പുറത്തുവച്ചു പരിചയപ്പെട്ട മധ്യവയസ്‌കനായ ഒരു നാട്ടുകാരന്‍ പറഞ്ഞതാണിത്. ഇതു ശരിയാണെങ്കില്‍ ഇത്രയും വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറാന്‍ മാത്രം ശക്തമായ നിമിത്തമല്ല അത്.
തീര്‍ത്തും നിസ്സാരമായ കാരണത്തിന്റെ പേരില്‍ ഇത്രയും ഭീകരമായ അക്രമം നടക്കില്ല. പിന്നെ എന്തുകൊണ്ടായിരിക്കാം അക്രസംഭവങ്ങള്‍ അരങ്ങേറിയത്. സുപ്രഭാതം വസ്തുതാന്വേഷകസംഘത്തിന്റെ പ്രധാനലക്ഷ്യം ആ കാരണം കണ്ടെത്തലായിരുന്നു. പലരോടും ചോദിച്ചപ്പോഴാണു ചെറിയ സൂചനകള്‍ കിട്ടിയത്. എന്തിനെയുമേതിനെയും ആളിക്കത്തിക്കാന്‍ പാകത്തിലുള്ള ലഹരിയുടെ സാന്നിധ്യമായിരുന്നു അത്!
''ങ്ങള്... ഞാന്‍ പറഞ്ഞൂന്നൊന്നും എഴുതില്ലാന്നുവച്ചാ ഒരു കാര്യം പറയാം. ഇവിടെ കുട്ടികള്‍ക്കിടയില്‍ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഇത്തിരി കൂടുതലാണ്.'' അക്രമസംഭവത്തെക്കുറിച്ചു വിശദീകരിച്ച മധ്യവയസ്‌കന്‍ പറഞ്ഞു.
ഒരാളില്‍നിന്നു മാത്രമല്ല, പലരില്‍നിന്നും ഈ സൂചന കിട്ടിക്കൊണ്ടിരുന്നു. താനൂര്‍ കടപ്പുറത്തെ ചെറുപ്പക്കാര്‍ മുഴുവന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. ചെറുപ്പക്കാരില്‍ ഒരു ന്യൂനപക്ഷം മാത്രമേ ലഹരി ഉപയോഗിക്കുന്നവരായി ഉള്ളൂ. എന്നാല്‍, ആ പ്രവണത കൂടിവരികയാണ്. കൗമാരക്കാരിലേയ്ക്കു പോലും ഈ സ്വഭാവം പടര്‍ന്നു കയറിയിരിക്കുന്നുവെന്ന് ഇക്കാര്യം പറഞ്ഞ മധ്യവയസ്‌കന്‍ സൂചിപ്പിച്ചു.
''കടലില്‍പ്പോയിട്ടും മറ്റും കൈയില്‍ ഇത്തിരി പൈസ വരും. അതു തീരുംവരെ സിനിമയും ഭക്ഷണവും. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും മേമ്പൊടിയിലാണ് അവരുടെ ജീവിതം. ആരും പറയാനും നിയന്ത്രിക്കാനുമില്ല. വീട്ടുകാരെ പേടിയില്ല. ഉസ്താദുമാരെ പേടിയില്ല. മതബോധവും ധാര്‍മ്മികബോധവുമൊന്നുമില്ലാതെ പൊങ്ങുതടിപോലെ നടക്കുന്നവരാണ് ഇത്തരം അക്രമസംഭവങ്ങള്‍ക്കു പിന്നിലൊക്കെ ഉള്ളത്.''
യുവതലമുറയ്ക്കു ശരിയായ മതബോധവും ധാര്‍മ്മികബോധവും നല്‍കലാണ് താനൂര്‍ കടപ്പുറത്തെ അക്രമങ്ങളുടെ കരാളഹസ്തത്തില്‍നിന്നു മോചിപ്പിക്കാനുള്ള ഏകപോംവഴിയെന്നാണ് മതഭക്തനായ ഈ മനുഷ്യന്‍ പറയുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സാമുദായിക, രാഷ്ട്രീയനേതാക്കള്‍ തന്നെയാണ് ഇതില്‍ കുറ്റക്കാര്‍.
ചെറുപ്പക്കാര്‍ വഴിതെറ്റിപ്പോകുന്നുണ്ടോയെന്ന് സമുദായനേതാക്കളും രാഷ്ട്രീയനേതാക്കളും ശ്രദ്ധിക്കുന്നതേയില്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കൗമാരപ്രായത്തില്‍ത്തന്നെ കൈനിറയെ പണം കിട്ടിയാല്‍ വഴിതെറ്റാന്‍ എളുപ്പമാണ്. കടപ്പുറത്തിന്റെ വിശാലമായ ഏകാന്തത കഞ്ചാവോ മയക്കുമരുന്നോ ഉപയോഗിക്കാന്‍ വേണ്ട സൗകര്യം ലഭിക്കും. വീട്ടുകാരുടെ നിയന്ത്രണമില്ലാത്തതിനാല്‍ വീട്ടിലെത്തിയാലും ഇല്ലെങ്കിലും ആരും ചോദിക്കില്ല.
ഇതിനിടയില്‍ മനസ്സിലെ രാഷ്ട്രീയതാല്‍പ്പര്യത്തിനെതിരായ എന്തെങ്കിലും കണ്ടാലും കേട്ടാലും ഉള്ളിലെ ലഹരി രാഷ്ട്രീയലഹരിക്കു വീര്യം പകരും. പിന്നെ, ആരെന്നുമെന്തെന്നും നോക്കാതെ പ്രതികരിക്കും. അത്തരം സംഭവങ്ങളാണ് ഇത്തവണയും താനൂരില്‍ അരങ്ങേറിയതെന്ന് തകര്‍ക്കപ്പെട്ട വീടുകളില്‍ കഴിയുന്ന സ്ത്രീകളുടെ വാക്കുകളില്‍നിന്നു വ്യക്തമാകും.
''ഞങ്ങളെ വീടു കത്തിച്ചതും കല്ലെറിഞ്ഞു തകര്‍ത്തതും പൊറത്തുള്ള ആര്വല്ല. ഒക്കെ ഇവിടത്തെ കുട്ട്യോളാ... എല്ലാ ദിവസും ഈ വഴീലൂടെ പോണോരു തന്ന്യാ... പക്ഷേങ്കില്, കല്ലും വടീം ആയിട്ട് ആക്രോശിച്ചു വരുമ്പം ഓരെല്ലാം ചെകുത്താന്മാരെപ്പോല്യായിനിം.''
ഇത് ഒരാളുടെ മാത്രം വാക്കല്ല. പലരും പല മാതിരി പറഞ്ഞതിന്റെയെല്ലാം പൊരുള്‍ ഇതുതന്നെയായിരുന്നു. അക്രമികള്‍ മനുഷ്യരായല്ല. ജിന്നു ബാധിച്ചപോലെയാണ് വന്നിരുന്നത്. ആ ജിന്ന് ലഹരിയുടെ ജിന്നു തന്നെയാണെന്ന് അവരില്‍ പലരും പറയുന്നു.
അക്രമസംഭവമുണ്ടായപ്പോള്‍ രാഷ്ട്രീയനേതാക്കള്‍ തങ്ങളുടെ പക്ഷത്തെയും പക്ഷക്കാരെയും ന്യായീകരിക്കാനാണു രംഗത്തെത്തിയത്. ഒളിവില്‍പ്പോയ അക്രമികളെ സംരക്ഷിക്കാനാണ് അരയും തലയും മുറുക്കി രംഗത്തുവന്നത്.
താനൂരിനെ ഭീകരതീരമാക്കി മാറ്റുന്ന യഥാര്‍ത്ഥസംഭവത്തിന്റെ മൂലകാരണം കണ്ടെത്തി പരിഹരിക്കാന്‍, ധാര്‍മ്മികതയുടെ പാഠം പകര്‍ന്നു നല്‍കാന്‍ ആരും തയാറായില്ല.
പിന്നെങ്ങനെ ഈ നാട് ദൈവത്തിന്റെ സ്വന്തം നാടാകും.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."