പഴയ നോട്ടുകള്‍ മാറാന്‍ കഴിയാത്തവര്‍ക്ക് ഇനി അവസരമൊരുക്കുമോ- കേന്ദ്രത്തോട് സുപ്രിം കോടതി
ന്യൂഡല്‍ഹി: 2016 ഡിസംബര്‍ 30നകം പഴയനോട്ടുകള്‍ മാറാന്‍ കഴിയാഞ്ഞവര്‍ക്ക് അതിനവസരമൊരുക്കുന്ന വകുപ്പ് സൃഷ്ടിക്കാതിരുന്നതെന്തു കൊണ്ടെന്ന് സുപ്രിം കോടതി. കേന്ദ്രസര്‍ക്കാറിനോടും ആര്‍.ബി.ഐയോടുമാണ് സുപ്രിം കോടതിയുടെ ചോദ്യം. ഇനിയൊരു അവസരം കൂടി ജനങ്ങള്‍ക്ക് നല്‍കുമോയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാറിനോടും ആര്‍.ബി.ഐയോടും ആവശ്യപ്പെട്ടു.
ഡിസംബറിന് ശേഷം പഴയ നോട്ടുകള്‍ മാറ്റി നല്‍കാത്ത റിസര്‍വ് ബാങ്കിന്റെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹരജിയിലാണ് കോടതി പരാമര്‍ശം. അവസരം നല്‍കാതെ ജനത്തിന് പണം നിക്ഷേപിക്കാന്‍ കഴിഞ്ഞില്ലെന്ന മുന്‍വിധിയെടുക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തെ ഞെട്ടിച്ചുകൊണ്ടുള്ള നോട്ടുനിരോധന പ്രഖ്യാപന വേളയില്‍ മാര്‍ച്ച് അവസാനം വരെ പഴയ നോട്ടുകള്‍ മാറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നതും കോടതി സൂചിപ്പിച്ചു. മാര്‍ച്ച് 31 വരെയുള്ള അവസരം പിന്നീട് കേന്ദ്രം ഡിസംബര്‍ 31 വരെയാക്കി വിജ്ഞാപനം ഇറക്കുകയായിരുന്നു.
നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് മാറ്റിയ ചട്ടങ്ങള്‍ വിശദീകരിക്കണമെന്നും കോടതി കേന്ദ്രത്തോടും ആര്‍.ബി.ഐയോടും ആവശ്യപ്പെട്ടു.
മാര്‍ച്ച് അവസാനം വരെ പഴയ നോട്ടുകളുടെ നിക്ഷേപം സാധിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുത്. എന്നാല്‍ നിയമപ്രകാരം അത് സാധ്യമല്ലെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോഹ്ത്തഗി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."