കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയം; ബി.ജെ.പിയെ തള്ളി രജനീകാന്ത്
ചെന്നൈ: കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് നടന് രജനീകാന്ത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപി കൂടുതല്‍ സമയം ആവശ്യപ്പെട്ടതും ഗവര്‍ണര്‍ 15 ദിവസം നല്കിയതും ജനാധിപത്യത്തെ കളിയാക്കുന്നതിനു തുല്യമായിരുന്നു.
വിഷയത്തില്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന വിധി പുറപ്പെടുവിച്ചതിന് സുപ്രിം കോടതിയോട് നന്ദി പറയുന്നുവെന്നും രജനീകാന്ത് പറഞ്ഞു. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം മാത്രമേ മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കുകയുള്ളൂ.ആരുമായും സഖ്യമുണ്ടാക്കുന്നതിനെപറ്റിയും ഇപ്പോള്‍ പറയാനാവില്ലെന്നും രജനി വ്യക്തമാക്കി.
രാഷ്ട്രീയമേഖലയിലേക്ക് തിരിഞ്ഞ രജനി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ബി.ജെ.പിയെ തള്ളിപ്പറഞ്ഞു കൊണ്ട് രജനീകാന്ത് രംഗത്തെത്തിയത്.
കാവേരി അന്തര്‍സംസ്ഥാന നദീജല തര്‍ക്കത്തില്‍ കര്‍ണാടകയിലെ നിയുക്ത മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി പരിഹാരമുണ്ടാക്കണമെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു. കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും രജനീകാന്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."